10 വർഷത്തിനുശേഷം ജയിൽ മോചിതനായി പ്രഫ. ജി.എൻ. സായിബാബ
|മാവോയിസ്റ്റ് ബന്ധം ആരോപിച്ചുള്ള കേസിൽ ഇദ്ദേഹത്തെ ബോംബെ ഹൈകോടതി കുറ്റവിമുക്തനാക്കിയിരുന്നു
മുംബൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ചുള്ള കേസിൽ കുറ്റവിമുക്തനായ പ്രഫ.ജി.എൻ. സായിബാബ ജയിൽ മോചിതനായി. നാഗ്പൂർ സെൻട്രൽ ജയിലിൽനിന്നും പത്തുവർഷത്തിനുശേഷമാണ് ഇദ്ദേഹം മോചിതനാകുന്നത്.
ജയിലിനു പുറത്ത് ബന്ധുക്കൾ അദ്ദേഹത്തെ സ്വീകരിച്ചു. ഇന്റർനെറ്റിൽനിന്ന് കമ്യൂണിസ്റ്റ്, നക്സൽ സാഹിത്യങ്ങൾ ഡൗൺലോഡ് ചെയ്യുകയോ ആ തത്വചിന്തകളോട് അനുഭാവം പുലർത്തുന്നതോ യു.എ.പി.എ പ്രകാരമുള്ള കുറ്റമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബോംബെ ഹൈകോടതി സായിബാബയെ കുറ്റവിമുക്തനാക്കിയത്.
ജീവപര്യന്തം ശിക്ഷ ലഭിച്ച സായിബാബയും മറ്റു നാലുപേരും 10 വർഷം ശിക്ഷ ലഭിച്ച ഒരാളും നൽകിയ അപ്പീലിൽ പുനർവാദം കേട്ടാണ് ഇവരെ കുറ്റവിമുക്തരാക്കിയത്. യു.എ.പി.എയുടെ 13, 20, 39 വകുപ്പുകളുടെ പരിധിയിൽ വരുന്ന കുറ്റകൃത്യങ്ങളായ അക്രമം, തീവ്രവാദം തുടങ്ങിയവയുമായി പ്രതികളെ ബന്ധിപ്പിക്കാൻ സാഹിത്യത്തിന് പുറമേ തെളിവുകൾ ആവശ്യമാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയതായി അറിയിച്ചും അപ്പീൽ തീർപ്പാക്കുംവരെ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടും മഹാരാഷ്ട്ര സർക്കാർ നൽകിയ ഹരജിയും നാഗ്പൂർ ബെഞ്ച് തള്ളി. ആരോപണങ്ങൾ തെളിയിക്കാനോ തെളിവുകൾ കണ്ടെത്താനോ പ്രോസിക്യൂഷനു കഴിഞ്ഞില്ല. പ്രതികളിൽനിന്ന് തെളിവുകൾ ശേഖരിച്ചത് നിയമാനുസൃതമല്ല. അതുവഴി മുഴുവൻ വിചാരണയും അസാധുവാണെന്നും കോടതി വ്യക്തമാക്കി.
2022 ഒക്ടോബർ 14ന് ജസ്റ്റിസ് രോഹിത് ദേവ് അധ്യക്ഷനായ മറ്റൊരു ബെഞ്ച് സായിബാബയടക്കം അഞ്ചുപേരെയും കുറ്റമുക്തരാക്കിയിരുന്നു. മഹാരാഷ്ട്ര സർക്കാറിന്റെ അപ്പീലിൽ 24 മണിക്കൂറിനകം പ്രത്യേക സിറ്റിങ് നടത്തി സുപ്രീംകോടതി ആ വിധി മരവിപ്പിച്ചു. പിന്നീട് സായിബാബയുടെ അഭിഭാഷകനും മഹാരാഷ്ട്രയും സമവായത്തിലെത്തിയതോടെ പുതുതായി വാദം കേൾക്കാൻ നിലവിലെ ബെഞ്ചിന് വിടുകയായിരുന്നു. 90 ശതമാനം അംഗപരിമിതിയെ തുടർന്ന് വീൽചെയറിലായ സായിബാബയെ വീട്ടുതടങ്കലിലേക്ക് മാറ്റണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചിരുന്നില്ല.
സായിബാബയും മറ്റുള്ളവരും സി.പി.ഐ (മാവോയിസ്റ്റ്), റെവല്യൂഷനറി ഡെമോക്രാറ്റിക് ഫ്രണ്ട് അംഗങ്ങളാണെന്നും ഒളിവിൽ കഴിയുന്ന മാവോവാദികൾക്കുള്ള സന്ദേശം പെൻഡ്രൈവിലാക്കി കൊടുത്തുവിട്ടെന്നുമാണ് കേസ്. രാജ്യത്തിനെതിരെ യുദ്ധം ചെയ്യലടക്കമുള്ള കുറ്റങ്ങൾക്ക് യു.എ.പി.എ ചുമത്തിയായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. 2014 മെയ് ഒമ്പതിനാണ് സായിബാബയെ അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് ഇദ്ദേഹത്തെ യൂനിവേഴ്സിറ്റി സസ്പെൻഡ് ചെയ്യുകയും പിന്നീട് പിരിച്ചുവിടുകയും ചെയ്തു.