പ്രഫ. ജി.എൻ സായിബാബയുടെ സംസ്കാര ചടങ്ങുകൾ നാളെ; മൃതദേഹം വൈദ്യപഠനത്തിന്
|കണ്ണുകൾ ദാനം ചെയ്തു
ഹൈദരാബാദ്: അന്തരിച്ച മനുഷ്യാവകാശ പ്രവർത്തകൻ പ്രഫ. ജി.എൻ സായിബാബയുടെ സംസ്കാര ചടങ്ങുകൾ നാളെ ഹൈദരാബാദിൽ നടക്കും. പത്തുമണി മുതൽ ജവഹർ നഗറിലെ വീട്ടിൽ പൊതുദർശനമുണ്ടാകും. വൈകിട്ട് മൃതദേഹം വൈദ്യ പഠനത്തിനായി ആശുപത്രിക്ക് കൈമാറും. കണ്ണുകൾ എൽ.വി പ്രസാദ് കണ്ണാശുപത്രിക്ക് ദാനം ചെയ്തു.
58കാരനായിരുന്ന സായിബാബ ശനിയാഴ്ച രാത്രി ഹൈദരാബാദിലെ നിംസ് ആശുപത്രിയിലാണ് അന്തരിച്ചത്. ഡൽഹി സർവ്വകലാശാല മുൻ അധ്യാപകനായിരുന്നു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2014 മുതൽ 2024 വരെ ജയിലിലായിരുന്ന സായിബാബയെ 2024 മാർച്ച് അഞ്ചിന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചാണ് കുറ്റവിമുക്തനാക്കിയത്. സായിബാബക്കെതിരായ കേസ് സംശയാതീതമായി തെളിയിക്കാനായില്ലെന്ന് വ്യക്തമാക്കിയാണ് ബോംബെ ഹൈകോടതി അദ്ദേഹത്തെ കുറ്റമുക്തനാക്കിയത്. പിന്നാലെ മാർച്ച് ഏഴിന് ജയിൽ മോചിതനായി.
സായിബാബയ്ക്ക് പുറമെ കേസിലെ മറ്റ് അഞ്ച് പ്രതികളെയും വെറുതെ വിട്ടിരുന്നു. സായിബാബയും മറ്റുള്ളവരും സി.പി.ഐ (മാവോയിസ്റ്റ്), റെവല്യൂഷനറി ഡെമോക്രാറ്റിക് ഫ്രണ്ട് അംഗങ്ങളാണെന്നും ഒളിവിൽ കഴിയുന്ന മാവോവാദികൾക്കുള്ള സന്ദേശം പെൻഡ്രൈവിലാക്കി കൊടുത്തുവിട്ടെന്നുമായിരുന്നു കേസ്. കൂടാതെ രാജ്യത്തിനെതിരെ യുദ്ധം ചെയ്യലടക്കമുള്ള കുറ്റങ്ങൾക്ക് യുഎപിഎ ചുമത്തിയായിരുന്നു കേസ്.
2014ലാണ് സായിബാബ ആദ്യം അറസ്റ്റിലായത്. 2016ൽ ജാമ്യം കിട്ടി. പിന്നീട് വീണ്ടും അറസ്റ്റിലായ അദ്ദേഹം 2017മുതൽ നാഗ്പൂർ സെൻട്രൽ ജയിലിൽ കഴിയുകയായിരുന്നു. ശാരീരിക അവശതകളെ തുടര്ന്ന് വീൽചെയറിലായിരുന്നു സായിബാബ.