"കൃത്യമായ അന്വേഷണം നടത്തും, കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കും": നരേന്ദ്രമോദി
|അപകടത്തിന് കാരണം സിഗ്നൽ നൽകിയതിലെ പിഴവെന്ന് റെയിൽവേ സംഘത്തിന്റെ പ്രാഥമിക നിഗമനം
ഡൽഹി: ഒഡീഷ ട്രെയിൻ ദുരന്തത്തിൽ കൃത്യമായ അന്വേഷണം നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ ശിക്ഷിക്കും. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും മോദി പറഞ്ഞു. ബാലസോറിലെത്തി അപകടസ്ഥലവും പരിക്കേറ്റവരെയും സന്ദർശിച്ച ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവും കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനും ഒപ്പമാണ് പ്രധാനമന്ത്രി എത്തിയത്. അപകടത്തിന് കാരണം സിഗ്നൽ നൽകിയതിലെ പിഴവെന്ന് റെയിൽവേ സംഘത്തിന്റെ പ്രാഥമിക നിഗമനം. അപകടസ്ഥലം പരിശോധിച്ച റെയിൽവേ ഉദ്യോഗസ്ഥരാണ് ഇക്കാര്യം വ്യക്തമാക്കിയത്. മെയിൻ ലൈൻ സിഗ്നൽ നൽകിയ കോറോമണ്ടൽ എക്‌സ്പ്രസ് പ്രവേശിച്ചത് ലൂപ് ലൈനിലാണ്. ഈ ലൈനിൽ തന്നെയായിരുന്നു ഗുഡ്‌സ് ട്രെയിനും നിർത്തിയിട്ടിരുന്നത്. കോറോമണ്ടൽ എക്‌സ്പ്രസ് പാളം തെറ്റിയത് ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ച ശേഷമാണെന്നും റെയിൽവേ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇത് സംബന്ധിച്ച വിശദാംശങ്ങൾ അപകടസ്ഥലം സന്ദർശിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൽകിയിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ടു റെയിൽവേ സ്റ്റേഷനിലെ തൽസമയ ഡേറ്റ ലോഗർ ദൃശ്യം പ്രധാനമന്ത്രി കണ്ടതായാണ് വിവരം. റെയിൽവേ സ്റ്റേഷനിലേക്ക് ഓരോ സമയത്തും ട്രെയിനുകൾ വരികയും പോവുകയും ചെയ്യുമ്പോൾ, ഇത് സംബന്ധിച്ച ക്രമീകരണങ്ങൾ വ്യക്തമാക്കുന്ന വിശദമായ സംവിധാനമാണ് ഡേറ്റ ലോഗർ.
രക്ഷാദൗത്യം പൂർത്തിയായെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു. ഗതാഗതം പുനഃസ്ഥാപിക്കാൻ നടപടി തുടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതമാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നത്. ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ടുലക്ഷം രൂപയും മറ്റുള്ളവർക്ക് 50000 രൂപയും ലഭിക്കും.
വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് രാജ്യത്തെ നടുക്കിയ ട്രെയിൻ ദുരന്തമുണ്ടായത്. യശ്വന്ത്പൂരിൽ നിന്നും ഹൗറയിലേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ് (12864), ഷാലിമാർ-ചെന്നൈ കോറമണ്ഡൽ എക്‌സ്പ്രസ് (12841), ചരക്കുതീവണ്ടി എന്നിവയാണ് അപകടത്തിൽപ്പെട്ടത്. യശ്വന്ത്പൂരിൽ നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന ട്രെയിൻ ആണ് ആദ്യം പാളംതെറ്റി മറിഞ്ഞത്. ഇത് നിർത്തിയിട്ടിരുന്ന ഗുഡ്‌സ് വണ്ടിയിൽ ഇടിച്ചു. തൊട്ടടുത്ത ട്രാക്കിലൂടെ വന്ന കോറമാണ്ഡൽ എക്‌സ്പ്രസ് ഈ കോച്ചുകളിലേക്ക് വന്നിടിച്ചതോടെയാണ് അപകടം ഗുരുതരമായത്.