മദ്രസകൾക്ക് ധനസഹായം നൽകരുതെന്ന നിർദേശം: ബാലാവകാശ കമ്മീഷനെതിരെ പ്രതിഷേധം ശക്തം
|ആളുകളെ തമ്മിലടിപ്പിക്കുന്ന നടപടിയെന്ന് അഖിലേഷ് യാദവ്
ന്യൂഡൽഹി: മദ്രസകള്‍ക്ക് ധനസഹായം നല്‍കരുതെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദേശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ആളുകളെ തമ്മിലടപ്പിക്കുന്നതിന്റെ ഭാഗമായിട്ടുള്ള നടപടിയാണെന്ന് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് വിമർശിച്ചു. ബാലവകാശ കമ്മീഷൻ നിർദേശം പിൻവലിക്കണമെന്ന് യുപി കോൺഗ്രസും ആവശ്യപ്പെട്ടു.
മദ്രസകള്‍ക്ക് ധനസഹായം നല്‍കരുതെന്ന നിര്‍ദേശവുമായി കമ്മീഷന്‍ തലവന്‍ പ്രിയങ്ക് കാന്‍ഗൊ ആണ് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചത്. മദ്രസബോര്‍ഡുകള്‍ നിര്‍ത്തലാക്കണമെന്നും അടച്ചുപൂട്ടണമെന്നും നിര്‍ദേശമുണ്ട്.
മദ്രസകളിലെ വിദ്യാഭ്യാസരീതി 1.25 കോടി കുട്ടികളുടെ ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ദേശീയ ബാലാവകാശ കമ്മീഷന്റെ കത്ത്. എന്‍സിപിസിആര്‍ തയാറാക്കിയ 11 അധ്യായങ്ങള്‍ അടങ്ങുന്ന റിപ്പോര്‍ട്ടില്‍ മദ്രസകള്‍ കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ ലംഘിക്കുന്നതായി ആരോപിക്കുന്നു.
2009ലെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ കടമയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.