മുസ്ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്ന പ്രസംഗം: ഡൽഹി ഉത്തർപ്രദേശ് ഭവന് മുന്നിൽ പ്രതിഷേധം
|പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സംഭവത്തിൽ യുപി പൊലീസ് കേസ് എടുത്തിട്ടില്ല
ന്യൂഡൽഹി: മുസ്ലിം സ്ത്രീകളെ പരസ്യമായി ബലാത്സംഗം ചെയ്യുമെന്ന് പ്രസംഗിച്ച ബജ്റംഗ് മുനിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഉത്തർപ്രദേശ് ഭവന് മുന്നിൽ പ്രതിഷേധം. ഐസ, ഫ്രറ്റേണിറ്റി മൂവ്മെന്റ്, ക്യാമ്പസ് ഫ്രണ്ട് എന്നീ സംഘടനകളുടെ പ്രവർത്തകരാണ് പ്രതിഷേധമാർച്ച് നടത്തിയത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സംഭവത്തിൽ യുപി പൊലീസ് കേസ് എടുത്തിട്ടില്ല.
സീതാപൂരിലെ ഖൈറാബാദിൽ ശേഷെ വാലി മസ്ജിദിന് മുന്നിൽ വെച്ചാണ് മുസ്ലിം സ്ത്രീകളെ പരസ്യമായി ബലാത്സംഗം ചെയ്യുമെന്ന് ഹിന്ദു പുരോഹിതൻ ഭീഷണിപ്പെടുത്തിയത്. ഏപ്രിൽ രണ്ടിനായിരുന്നു വിവാദ പ്രസംഗം നടന്നത്. ഇയാളുടെ വാക്കുകളെ ജയ് ശ്രീരാം മുഴക്കി അക്രമാസക്തരായാണ് ആൾക്കൂട്ടം സ്വീകരിച്ചത്. ഒരു പൊലീസ് ഉദ്യോഗസ്ഥൻ പ്രസംഗം മുഴുവൻ ശ്രവിച്ച് സംഭവസ്ഥലത്ത് നിൽക്കുന്നുണ്ടെങ്കിലും ഒരു ഇടപെടലും നടത്തിയില്ല.പ്രസംഗത്തിന്റെ രണ്ടു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ട്വിറ്ററിൽ വ്യാപകമായി പ്രചരിച്ചിരുന്നു. 'നിങ്ങളിൽ ആരെങ്കിലും ഒരു ഹിന്ദു പെൺകുട്ടിയെ അനാവശ്യമായി സമീപിച്ചാൽ ഞാൻ പരസ്യമായി മുസ്ലിം സ്ത്രീകളെ തട്ടിയെടുത്ത് ബലാത്സംഗം ചെയ്യും'- പുരോഹിതൻ പറഞ്ഞു.
ഒരു വാഹനത്തിന്റെ മുൻസീറ്റിലിരുന്നായിരുന്നു കാവി വസ്ത്രധാരിയായ പുരോഹിതന്റെ പ്രസംഗം. തന്നെ കൊലപ്പെടുത്താൻ മുസ്ലിംകൾ ഗൂഢാലോചന നടത്തിയെന്നും ഇതിനായി 28 ലക്ഷം രൂപ പിരിച്ചെടുത്തെന്നും ഇയാൾ ആരോപിച്ചു. തലസ്ഥാനമായ ലഖ്നൗവിൽ നിന്ന് 100 കിലോ മീറ്റർ അകലെയുള്ള സ്ഥലമാണ് ഖൈറാബാദ്. വിദ്വേഷ പ്രസംഗം നടന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും പൊലീസ് കേസെടുക്കാൻ തയ്യാറായിട്ടില്ല. 'ആൾട്ട് ന്യൂസ്' സഹസ്ഥാപകൻ മുഹമ്മദ് സുബൈർ അടക്കമുള്ള ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് സുബൈറിന്റെ ട്വീറ്റിന് മറുപടിയായി സീതാപൂർ പൊലീസ് പറഞ്ഞു. മുതിർന്ന ഉദ്യോഗസ്ഥൻ ഇതിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും വസ്തുതകളുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
Protest in front of Delhi Uttar Pradesh Bhavan demanding arrest of Bajrang Muni for preaching public rape of Muslim women