India
rohit vemula case
India

‘മരിച്ചാലും ജാതി ഒരാളെ വിടുന്നില്ല’; രോഹിത് വെമുലയുടെ കേസ് അവസാനിപ്പിച്ചതിൽ പ്രതിഷേധം

Web Desk
|
3 May 2024 1:08 PM GMT

തെലങ്കാനയിലെ കോൺഗ്രസ് സർക്കാറിനെതിരെയും വിമർശനം

ഹൈദരാബാദ്: ഹൈദരാബാദ് യൂനിവേഴ്സിറ്റിയിലെ പി.എച്ച്.ഡി വിദ്യാർഥി രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിച്ച തെലങ്കാന പൊലീസ് നടപടിയിൽ പ്രതിഷേധം. മരിച്ചാലും ജാതി ഒരാളെ വിടുന്നില്ലെന്ന് അംബേദ്കർ ഇന്റർനാഷനൽ സെന്റർ ‘എക്സി’ൽ കുറിച്ചു.

‘ഇത് കേസ് അവസാനിപ്പിച്ചുകൊണ്ടുള്ള റിപ്പോർട്ടല്ല, രോഹിത് വെമുലയുടെ സ്വഭാവഹത്യയാണ്. ആദ്യ ശ്രമത്തിൽ തന്നെ പ്രവേശനം നേടിയ മിടുക്കനായ വിദ്യാർഥി, അങ്ങനെയൊരു നേട്ടം കൈവരിച്ച ഏക വിദ്യാർഥി നമ്മുടെ സംവിധാനത്തിന്റെ ഇരയായിരിക്കുന്നു. അദ്ദേഹത്തിന് നീതി ലഭ്യമാക്കുന്നതിന് പകരം നമ്മുടെ സംവിധാനങ്ങൾ ചെയ്യുന്നത് ഇതാണ്. മരിച്ചാലും ജാതി ഒരാളെ വിടുന്നില്ല’ -അംബേദ്കർ ഇന്റർനാഷനൽ സെന്റർ ‘എക്സ്’ പോസ്റ്റിൽ വ്യക്തമാക്കി.

സംഭവത്തിൽ തെലങ്കാനയിലെ കോൺഗ്രസ് സർക്കാറിനെ വിമർശിച്ച് ദലിത് ആക്ടിവിസ്റ്റുകൾ രംഗത്തുവന്നു. ആർ.എസ്.എസിനെതിരെ പ്രവർത്തിക്കാനുള്ള കോൺഗ്രസിന്റെ കഴിവില്ലായ്മയാണ് ഇത് തെളിയിക്കുന്നതെന്ന് പലരും ആരോപിച്ചു. ആർ.എസ്.എസ് നിശ്ചയിച്ച നിയമങ്ങൾ അനുസരിച്ചാണ് കോൺഗ്രസും പ്രവർത്തിക്കുന്നത്. അതിനെ മറികടക്കാൻ അവർ ആഗ്രഹിക്കുന്നില്ല, അങ്ങനെ ചെയ്താൽ വോട്ടുകൾ നഷ്ടമാകുമെന്ന ഭീതിയാണ് അവർക്കെന്നും പലരും വിമർശിക്കുന്നു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെയും വിമർശനമുണ്ട്. രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിൽ രോഹിത് വെമുലയുടെ മാതാവ് രാധിക വെമുലയും പ​ങ്കെടുത്തിരുന്നു.

രോഹിത് വെമുല തന്റെ ദലിത് സ്വത്വത്തോടുള്ള വിവേചനവും അനാദരവും കൊണ്ടാണ് കൊല്ലപ്പെട്ടതെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ‘വർഷങ്ങൾ കടന്നുപോകുമ്പോഴും അവൻ ചെറുത്തുനിൽപ്പിൻ്റെ പ്രതീകമായും ധീരയായ അമ്മ പ്രതീക്ഷയുടെ പ്രതീകമായും തുടരുന്നു. അവസാനം വരെ പോരാടിയതിന്, രോഹിത് എൻ്റെ ഹീറോയാണ്, അന്യായം ചെയ്യപ്പെട്ട എൻ്റെ സഹോദരനാണ്’ -എന്നാണ് രോഹിത് വെമുലയെക്കുറിച്ച് രാഹുൽ ഗാന്ധി പറഞ്ഞത്. കോൺഗ്രസ് ഭരിക്കുന്ന തെലങ്കാനയിൽ പൊലീസ് കേസ് അവസാനിപ്പിച്ച വിഷയത്തിൽ രാഹുൽ ഇടപെടണമെന്ന ആവശ്യവും വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്.

തെലങ്കാനയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്ന് നാല് മാസത്തിന് ശേഷമാണ് റിപ്പോർട്ട് വരുന്നത്. തെലങ്കാനയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന് 10 ദിവസം മാത്രമാണ് ബാക്കിയുള്ളത്.

രോഹിത് പട്ടികജാതി വിഭാഗത്തിൽ പെടുന്ന ആളെല്ലെന്നും തന്റെ 'യഥാർത്ഥ ജാതി ഐഡന്റിറ്റി' കണ്ടെത്തുമെന്ന് ഭയന്നാണ് ജീവനൊടുക്കിയതെന്നുമാണ് പൊലീസിന്റെ റിപ്പോർട്ടിലുള്ളത്. വ്യാജ ജാതി സർട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് രോഹിത് സർവകലാശാലയിൽ പ്രവേശനം നേടിയത്. ഇത് പുറത്ത് വരുമോ എന്ന ഭയത്തിലാണ് ആത്മഹത്യ ചെയ്തതെന്നും റിപ്പോർട്ടിലുണ്ട്. താൻ ദലിതനല്ലെന്ന് രോഹിത്തിന് അറിയാമായിരുന്നു. ഇത് പുറത്തറിഞ്ഞാൽ തന്റെ അക്കാദമിക് ബിരുദങ്ങൾ നഷ്ടപ്പെടുമെന്നും താൻ വിചാരണ ചെയ്യപ്പെടുമെന്നും രോഹിത് നിരന്തരം ഭയപ്പെട്ടിരുന്നുവെന്നും പൊലീസിന്റെ റിപ്പോർട്ടിൽ പറയുന്നു.

രോഹിതിന്റെ പിതാവ് മണി കുമാര്‍ വഡ്ഡേര സമുദായത്തിൽ പെട്ടയാളാണ്, രാധികയുടെ ദലിത് വ്യക്തിത്വം കണ്ടെത്തിയതിനെ തുടർന്ന് അവരെയും മക്കളെയും ഉപേക്ഷിച്ചു. പഠനത്തേക്കാൾ കാമ്പസിലെ വിദ്യാർഥി രാഷ്ട്രീയ വിഷയങ്ങളിൽ കൂടുതൽ ഇടപെട്ടെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.

2016 ജനുവരിയിലാണ് ഗവേഷകവിദ്യാർഥിയായ രോഹിതിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഐപിസി സെക്ഷൻ 306 (ആത്മഹത്യ പ്രേരണ), എസ്സി/എസ്ടി അതിക്രമങ്ങൾ തടയൽ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. കേസില്‍ വെസ് ചാൻസലർ അപ്പാ റാവു, വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി, ആത്മഹത്യാപ്രേരണാകുറ്റം ചുമത്തപ്പെട്ട എ.ബി.വി.പി നേതാക്കൾ എന്നിവരെ വെറുതെ വിടണമെന്നും പൊലീസിന്റെ റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്.

Similar Posts