മന്ത്രി അജയ് മിശ്ര രാജിവെക്കും വരെ സമരം തുടരണമെന്ന് പ്രിയങ്ക
|ലംഖിപൂരില്‍ കേന്ദ്രമന്ത്രിയുടെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കര്‍ഷകരെ കാണാനെത്തിയപ്പോഴാണ് പ്രിയങ്കയെ യു.പി പൊലീസ് കസ്റ്റഡിയിലെടുത്തത്. സമാധാനഭംഗം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് പ്രിയങ്കയെ അറസ്റ്റ് ചെയ്തത്.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര രാജിവെക്കുന്നത് വരെ സമരം തുടരണമെന്ന് പ്രിയങ്കാ ഗാന്ധി. സീതാപൂരില്‍ സമരം ചെയ്യുന്ന പ്രവര്‍ത്തകരോട് ഫോണിലൂടെയാണ് പ്രിയങ്കയുടെ ആഹ്വാനം. വെല്ലുവിളികളെ അതിജീവിച്ചും സമരം തുടരുമെന്നും അവര്‍ വ്യക്തമാക്കി.
എന്തിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അറിയില്ലെന്ന് പ്രിയങ്ക നേരത്തെ പറഞ്ഞിരുന്നു. ഇതുവരെ എഫ്.ഐ.ആറിന്റെ പകര്‍പ്പ് നല്‍കുകയോ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയോ ചെയ്തിട്ടില്ല. നിയമസഹായം തേടാന്‍ പൊലീസ് അനുവദിക്കുന്നില്ലെന്നും നിയമവിരുദ്ധമായാണ് തന്നെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.
ലംഖിപൂരില്‍ കേന്ദ്രമന്ത്രിയുടെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കര്‍ഷകരെ കാണാനെത്തിയപ്പോഴാണ് പ്രിയങ്കയെ യു.പി പൊലീസ് കസ്റ്റഡിയിലെടുത്തത്. സമാധാനഭംഗം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് പ്രിയങ്കയെ അറസ്റ്റ് ചെയ്തത്. ഇന്നലെ കസ്റ്റഡിയിലെടുത്ത പ്രിയങ്കയുടെ അറസ്റ്റ് ഇന്നാണ് രേഖപ്പെടുത്തിയത്.
കര്‍ഷകരെ കാണാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് പ്രിയങ്ക ജയിലില്‍ നിരാഹാര സമരത്തിലാണ്. നിരാഹാരം അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം ആവശ്യപ്പെട്ടെങ്കിലും കര്‍ഷകരെ കാണാന്‍ അനുവദിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് അവര്‍.