'ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ഡൽഹി വളയും': മുന്നറിയിപ്പുമായി താരങ്ങൾ
|ഈ മാസം 21ന് മുമ്പ് അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം
ന്യൂഡൽഹി: ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ഡൽഹി വളയുമെന്ന് ഗുസ്തി താരങ്ങൾ. ഈ മാസം 21ന് മുമ്പ് അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം. താരങ്ങൾക്ക് നീതി ലഭിച്ചേ പറ്റൂവെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്തും പറഞ്ഞു.
ബ്രിജ് ഭൂഷനെതിരെ മൂന്നാം ഘട്ട സമരമാണ് ഗുസ്തി താരങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. സംയുക്ത കിസാൻ മോർച്ച നേതാവ് രാകേഷ് ടിക്കാത് അടക്കമുള്ള നേതാക്കളുമായി കായിക താരങ്ങൾ രാവിലെ ചർച്ച നടത്തിയിരുന്നു. അതി ശേഷമാണ് ഡൽഹി വളഞ്ഞു ബ്രിജ്ഭൂഷനെതിരെയും കേന്ദ്രസർക്കാരിനെതിരെയും ശക്തമായ സമരത്തിലേക്ക് കടക്കാൻ തീരുമാനിച്ചത്.
ബ്രിജ് ഭൂഷണെ ആദ്യം അറസ്റ്റ് ചെയ്യണമെന്നും ചോദ്യം ചെയ്യൽ അതിന് ശേഷം മതിയെന്നും താരങ്ങൾ ആവശ്യപ്പെട്ടു. വൈകുന്നേരം 7ന് മെഴുകുതിരി കത്തിച്ച് താരങ്ങൾ പ്രതിഷേധിക്കും.
ഡൽഹിലേക്ക് വരുന്ന കർഷകരെ തടയാൻ ഡൽഹി - ഹരിയാന അതിർത്തിയിൽ പോലീസ് നിരീക്ഷണം ശക്തമാക്കി. ജന്തർ മന്ദറിലും കർശന നിയന്ത്രണമാണ്. രാജ്യത്ത് പാവപ്പെട്ടവർക്കും പണക്കാർക്കും രണ്ടു നീതിയാണെന്ന് ബജ്രംഗ് പുനിയ ആരോപിച്ചു.