രാജ്യമാകെ ത്രിവര്‍ണ റാലികള്‍: സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ കര്‍ഷകപ്രക്ഷോഭകര്‍
|ഡല്‍ഹിയില്‍ പ്രവേശിക്കില്ല, സമാധാനപരമായി റാലി സംഘടിപ്പിക്കും.
സ്വാതന്ത്ര്യദിനം പ്രത്യേക പരിപാടികളോടെ ആഘോഷിക്കാനൊരുങ്ങി വിവാദ കര്‍ഷകനിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷക സംഘടനകള്‍. എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം കര്‍ഷക - തൊഴിലാളി സ്വാതന്ത്ര്യ ദിവസമായി ആചരിക്കാന്‍ കര്‍ഷക കൂട്ടായ്മകള്‍ തീരുമാനിച്ചു.
സ്വാതന്ത്ര്യ ദിവസം ഡല്‍ഹിയില്‍ കയറാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കര്‍ഷക പ്രതിഷേധക്കാര്‍ അറിയിച്ചു. ആഗസ്റ്റ് പതിനഞ്ചില്‍ ഇന്ത്യന്‍ പതാകയേന്തിയുള്ള ത്രിവര്‍ണ റാലി സംഘടിപ്പിക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്തു. പ്രാദേശിക തലത്തില്‍ ത്രിവര്‍ണ പതാകയേന്തിയുള്ള റാലികള്‍ സംഘടിപ്പിക്കും.
ട്രാക്ടറുകള്‍, സൈക്കിളുകള്‍, മോട്ടോര്‍ സൈക്കിളുകള്‍, കാലിവണ്ടികള്‍ എന്നിവയുമായി റാലിക്ക് ഇറങ്ങും. കര്‍ഷക ധര്‍ണ നടക്കുന്നിടങ്ങളിലെ ഏറ്റവും അടുത്ത ബ്ലോക്, ജില്ലാ ആസ്ഥാങ്ങളിലേക്കാണ് റാലി നടത്തുകയെന്നും കര്‍ഷക പ്രതിഷേധ സമിതി വക്താവ് കവിത കുരുഗന്ധി പറഞ്ഞു.
സ്വാതന്ത്ര്യ ദിവസം രാവിലെ പതിനൊന്ന് മണി മുതല്‍ ഉച്ച ഒരു മണിവരെയാണ് റാലി നടത്തുക. കര്‍ഷക പ്രതിഷേധം നടന്നുകൊണ്ടിരിക്കുന്ന ഡല്‍ഹി അതിര്‍ത്തികളായ സിംഗു, തിക്രി, ഗാസിപൂര്‍ എന്നിടങ്ങളിലും ത്രിവര്‍ണ റാലി സംഘടിപ്പിക്കും.
എട്ടുമാസമായുള്ള കര്‍ഷക സമരത്തെ വകവെക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. റാലി സമാധാനപരമായിരിക്കും. വിവാദ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു.