വംശീയാധിക്ഷേപത്തില്‍ ബിധൂരിക്കെതിരെ നടപടിയില്ല; പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം
|സഭയ്ക്കുള്ളില്‍ നടത്തിയ അധിക്ഷേപം ബി.ജെ.പി പുറത്തും ആവര്‍ത്തിക്കുകയാണെന്ന് ഡാനിഷ് ആലി ആരോപിച്ചു
ന്യൂഡല്‍ഹി: ബി.എസ്.പി എം.പി ഡാനിഷ് അലിയെ വംശീയമായി അധിക്ഷേപിച്ച ബി.ജെ.പി എം.പി രമേഷ് ബിധൂരിക്കെതിരെ പ്രതിഷേധം ശക്തം. ബിധൂരിക്കെതിരെ ലോക്സഭാ സ്പീക്കർ നടപടിയെടുക്കാത്ത സാഹചര്യത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. അതേസമയം ബി.ജെ.പി എം.പി നിഷികാന്ത് ദുബേക്കെതിരെ ഡാനിഷ് അലി രംഗത്തെത്തിയിട്ടുണ്ട്.
സഭയ്ക്കുള്ളില്‍ നടത്തിയ അധിക്ഷേപം ബി.ജെ.പി പുറത്തും ആവര്‍ത്തിക്കുകയാണെന്ന് ഡാനിഷ് ആലി ആരോപിച്ചു. രമേശ് ബിധൂരിയെ ന്യായീകരിച്ചും ഡാനിഷ് അലിയെ കുറ്റപ്പെടുത്തിയും നിഷികാന്ത് സ്പീക്കര്‍ ഓം ബിർലയ്ക്ക് കത്തുനല്‍കിയിരുന്നു. ഡാനിഷ് പ്രധാനമന്ത്രിക്കെതിരെ നടത്തിയ അപകീർത്തി പരാമർശങ്ങളിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്.
ലോക്സഭയിൽ വാക്കുകൾകൊണ്ടുള്ള കൊലയ്ക്കുശേഷം പുറത്ത് തല്ലിക്കൊല്ലാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ഡാനിഷ് അലി ആരോപിച്ചു. ഇനി പാർലമെന്റിനു പുറത്തുവച്ച് എന്നെ തല്ലിക്കൊല്ലാനുള്ള ന്യായങ്ങളാണ് ഇപ്പോൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. അടിസ്ഥാനരഹിതമായ ഈ ആരോപണങ്ങൾ അന്വേഷിക്കാൻ സ്പീക്കറോട് ആവശ്യപ്പെടും. നിഷികാന്ത് ദുബേയ്ക്കെതിരെ അവകാശലംഘനത്തിനു നടപടിയെടുക്കാനുള്ള കാരണമാണിതെന്നും ഡാനിഷ് അലി പറഞ്ഞു.
രമേശ് ബിധൂരിയുടെ മണ്ഡലത്തിലെ ജനങ്ങൾ വരെ മുന്നോട്ടുവന്ന് സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ, ബി.ജെ.പിക്ക് ഇതിൽ ലജ്ജ തോന്നുന്നില്ല. തെരുവിൽ അവരുടെ പ്രവർത്തകർ ചെയ്യുന്നതാണ് ഇപ്പോൾ നേതാക്കൾ പാർലമെന്റിലും ചെയ്തിരിക്കുന്നതെന്നും ഡാനിഷ് അലി കുറ്റപ്പെടുത്തി.
പാർലമെന്റിനകത്ത് നിരന്തരം അപമര്യാദയായി പെരുമാറുന്നയാളാണ് ഡാനിഷ് അലിയെന്നും നിഷികാന്ത് ആരോപിച്ചിരുന്നു. അദ്ദേഹം കോൺഗ്രസിൽ ചേരാൻ നീക്കം നടത്തുന്നുണ്ട്. അതുകൊണ്ടാണ് അവർ ഒന്നിച്ച് ഇതൊരു പ്രശ്നമാക്കാൻ ശ്രമിക്കുന്നത്. രാജ്യത്ത് ന്യൂനപക്ഷങ്ങൾ സുരക്ഷിതരല്ലെന്നു പ്രചരിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നും ബി.ജെ.പി നേതാവ് ആരോപിച്ചു.
Summary: Protests are strong against BJP MP Ramesh Bidhuri who racially abused BSP MP Danish Ali. The opposition parties have decided to intensify their protest if the Lok Sabha Speaker does not take action against Bidhuri