മനുഷ്യാവകാശ ലംഘനങ്ങൾ; ഈജിപ്ത് ഗ്രാൻഡ് മുഫ്തിക്കെതിരെ അലീഗഡ് വിദ്യാർത്ഥികളുടെ പ്രതിഷേധം
|നാഗരികതകൾക്കിടയിലെ സംവാദം എന്ന വിഷയത്തിൽ കെന്നഡി ഹാളിലായിരുന്നു ഗ്രാൻഡ് മുഫ്തി ഡോ. ശൗഖിയുടെ പ്രഭാഷണം
മനുഷ്യാവകാശ ലംഘനകളില്‍ അനുകൂലമായ നിലപാട് സ്വീകരിക്കുന്ന ഈജിപ്ത് ഗ്രാൻഡ് മുഫ്തി ഡോ. ശൗഖി ഇബ്രാഹിം അബ്ദുൽ കരീം അല്ലാമിനെതിരെ അലീഗഡ് വിദ്യാർത്ഥികളുടെ പ്രതിഷേധം. സർവകലാശാലയിൽ നടന്ന ഡോ. ഷൗഖിയുടെ സംവാദത്തിനിടെ വിദ്യാർത്ഥികൾ മുദ്രാവാക്യവുമായി എത്തുകയായിരുന്നു. പ്രതിഷേധം സമാധാനപരമായിരുന്നുവെന്ന് അലീഗഡ് അസിസ്റ്റന്റ് പ്രോക്ടർ സെയ്ദ് അലി നവാബ് സെയ്ദി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
നാഗരികതകൾക്കിടയിലെ സംവാദം എന്ന വിഷയത്തിൽ കെന്നഡി ഹാളിലായിരുന്നു ഗ്രാൻഡ് മുഫ്തിയുടെ പ്രഭാഷണം. വിദേശകാര്യമന്ത്രാലയത്തിന് കീഴിലെ ഇന്ത്യൻ കൗൺസിൽ ഓഫ് കൾച്ചറൽ റിലേഷൻ ആയിരുന്നു സംഘാടകർ. 'മനുഷ്യാവകാശ ലംഘനങ്ങൾ അനുവദിക്കുന്ന ഗ്രാൻഡ് മുഫ്തിക്ക് സ്വാഗതം ചെയ്യുന്നില്ല', 'ശൗഖി ഇബ്രാഹിം ഒരു അറബ് രാഷ്ട്രത്തിന്റെ ഗ്രാൻഡ് മുഫതിയല്ല, മുസ്‌ലിംകളെ അടിച്ചമർത്താൻ കൂട്ടുനിൽക്കുന്ന ഘാതകനായ മുഫ്തിയാണ്' എന്നിങ്ങനെ എഴുതിയ പ്ലക്കാർഡുകളാണ് പ്രതിഷേധക്കാർ കൈയിലേന്തിയിരുന്നത്.
ഈജിപ്തിൽ നടന്ന പല വധശിക്ഷകൾക്കും അംഗീകാരം നൽകിയത് ഡോ. ശൗഖിയാണെന്ന് ആംനസ്റ്റി ഇന്റർനാഷണൽ ഈയിടെ റിപ്പോർട്ടു ചെയ്തിരുന്നു. മുൻ പ്രസിഡണ്ട് മുഹമ്മദ് മുർസിക്കെതിരെയുള്ള വധശിക്ഷയും ഇദ്ദേഹം അംഗീകരിച്ചിരുന്നു. എന്നാൽ 2016 നവംബറിൽ മേൽകോടതി വിധി റദ്ദാക്കുകയായിരുന്നു.
കനത്ത സുരക്ഷയ്ക്കിടെ നടന്ന പരിപാടിയിൽ ആക്ടിങ് വൈസ് ചാൻസലർ മുഹമ്മദ് ഗുൽറസ് അടക്കമുള്ളവർ പങ്കെടുത്തു. പല വിശ്വാസങ്ങൾ, നാഗരികതകൾ, തത്വശാസ്ത്രങ്ങൾ എന്നിവയിൽ വിശ്വസിക്കുന്ന ആളുകളുമായി ചേർന്നുനിന്ന് ഇസ്‌ലാമിന്റെ പൊരുൾ മനസ്സിലാക്കേണ്ട സമയമായെന്ന് ഡോ. ശൗഖി പറഞ്ഞു. വിവിധ മതവിശ്വാസികളുമായുള്ള അകലം കുറയ്‌ക്കേണ്ടതുണ്ട്. അതായിരുന്നു പ്രവാചകൻ മുഹമ്മദ് നബി ചെയ്തത്. ക്രൈസ്തവർക്ക് ആധിപത്യമുണ്ടായിരുന്ന അബ്‌സീനിയയിലേക്കും മദീനയിലേക്കും പ്രവാചകൻ ദൂതന്മാരെ അയച്ചിരുന്നു. മദീനയിൽ ജൂതരുമായി കരാറിലേർപ്പെട്ടിട്ടുണ്ട്- ഗ്രാൻഡ് മുഫ്തി ചൂണ്ടിക്കാട്ടി.
വിദേശകാര്യ മന്ത്രാലയത്തിന്റെ അതിഥിയായി ആറു ദിവസത്തെ സന്ദർശനത്തിനായാണ് ഡോ. ശൗഖി ഇന്ത്യയിലെത്തിയത്. ഈജിപ്തിലെ 19-ാം ഗ്രാൻഡ് മുഫ്തിയാണ്.