India
സൈനികര്‍ സര്‍ക്കാരിന് ബാധ്യതയോ?- എന്താണ് അഗ്നിപഥ്? പ്രതിഷേധത്തിന് കാരണമെന്ത്?
India

'സൈനികര്‍ സര്‍ക്കാരിന് ബാധ്യതയോ?'- എന്താണ് അഗ്നിപഥ്? പ്രതിഷേധത്തിന് കാരണമെന്ത്?

Web Desk
|
15 Jun 2022 3:55 PM GMT

ഹ്രസ്വകാല നിയമനങ്ങൾ സേനകളുടെ മികവിനെ ബാധിക്കുമെന്ന് വിരമിച്ച സേനാംഗങ്ങള്‍

കര, നാവിക, വ്യോമ സേനകളിൽ യുവതീ, യുവാക്കൾക്ക് നാലു വർഷത്തേക്കു നിയമനം നൽകുന്ന അഗ്നിപഥ് പദ്ധതിക്കെതിരെ വിമര്‍ശനം. മികവു തെളിയിക്കുന്ന 25 ശതമാനം പേർക്ക് മാത്രമാണ് സ്ഥിര നിയമനം നൽകുക. അടുത്ത വര്‍ഷം ജൂലൈയില്‍ ആദ്യ ബാച്ച് പുറത്തിറങ്ങും. സർക്കാർ തങ്ങളെ വിഡ്ഢികളാക്കിയെന്ന് ആരോപിച്ച് ബിഹാറില്‍ യുവാക്കൾ പ്രതിഷേധിച്ചു. ഹ്രസ്വകാല നിയമനങ്ങൾ സേനകളുടെ മികവിനെ ബാധിക്കുമെന്ന് വിരമിച്ച ഉയര്‍ന്ന റാങ്കിലുള്ള സേനാംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

എന്താണ് അഗ്നിപഥ്?

സൈന്യത്തില്‍ കൂടുതല്‍ യുവതീ, യുവാക്കളെ ഉള്‍പ്പെടുത്താനുള്ള അഗ്നിപഥ് പദ്ധതിക്ക് കഴിഞ്ഞ ദിവസമാണ് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. കര, വ്യോമ, നാവിക സേനാ വിഭാഗങ്ങളില്‍ പ്രതിവർഷം 45,000 യുവാക്കളെ പദ്ധതി പ്രകാരം നിയമിക്കും. രാജ്യത്തിന്‍റെ സൈന്യത്തിന് യുവത്വം നല്‍കുന്നതാണ് കേന്ദ്രതീരുമാനമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. യുവാക്കൾ വരുന്നത് സേനകളെ ചെറുപ്പമാകാൻ വഴിയൊരുക്കുമെന്നും ആരോഗ്യ, ശാരീരിക ക്ഷമതയിൽ മുന്നിലുള്ള യുവാക്കളുടെ സാന്നിധ്യം ഗുണം ചെയ്യുമെന്നും സേനാ മേധാവികൾ അഭിപ്രായപ്പെട്ടു.

പദ്ധതി ഇങ്ങനെ-

സേവന കാലാവധി 4 വർഷം. നിയമനം 17.5 – 21 വയസ്സു വരെയുള്ളവർക്ക്.

സ്ഥിര നിയമനങ്ങളിലേതു പോലെ ആരോഗ്യ, ശാരീരിക ക്ഷമത പരിശോധിക്കുന്ന റിക്രൂട്മെന്‍റ് റാലികളിലൂടെയായിരിക്കും നിയമനം.

10, 12 ക്ലാസ് പാസായവർക്കു റാലിയിൽ പങ്കെടുക്കാം.

പെൻഷനില്ല. ആദ്യ വർഷം ശമ്പളം പ്രതിവർഷം 4.76 ലക്ഷം രൂപ. നാലാം വർഷം ഇത് 6.92 ലക്ഷം രൂപയാകും. അതായത് പ്രതിമാസം 30,000 മുതല്‍ 40,000 വരെ ശമ്പളം. സേനകളിലെ സ്ഥിര നിയമനക്കാർക്കുള്ളതിനു സമാനമായ റിസ്ക് അലവൻസ് ലഭിക്കും.

പ്രതിമാസ ശമ്പളത്തിന്റെ 30 ശതമാനം സേവാ നിധി ഫണ്ടിലേക്ക് അടയ്ക്കണം. തുല്യമായ തുക കേന്ദ്ര സർക്കാരും അടയ്ക്കും. സേവന കാലാവധി പൂർത്തിയാക്കുമ്പോൾ ഇപിഎഫ് കൂടി ചേർത്ത് 11.71 ലക്ഷം രൂപയുടെ സേവാ നിധി തുക ലഭിക്കും.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 10 ആഴ്ച മുതൽ 6 മാസം വരെ പരിശീലനം.

10ആം ക്ലാസ് പാസായവർക്കു സേവന കാലാവധി പൂർത്തിയാകുമ്പോൾ 12ആം ക്ലാസ് പാസ് സർട്ടിഫിക്കറ്റ് നൽകും.

സേവനത്തിനിടെ വീരമൃത്യു വരിക്കുന്നവര്‍ക്ക് ഒരു കോടി രൂപയുടെ ഇൻഷുറൻസ്. സേവനത്തിൽ ബാക്കിയുള്ള കാലയളവിലെ മുഴുവൻ ശമ്പളവും സേവാ നിധി തുകയും അടുത്ത കുടുംബാംഗത്തിനു നൽകും.

സേവനത്തിനിടെ പരിക്കേറ്റാല്‍ 44 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം. സേവന കാലയളവിലെ ബാക്കി ശമ്പളവും സേവാ നിധിയും ലഭിക്കും.

സേവന കാലയളവിൽ മികവു തെളിയിക്കുന്ന 25 ശതമാനം പേർക്ക് 4 വർഷത്തിനു ശേഷം നിയമനം നീട്ടി നല്‍കും. 15 വര്‍ഷത്തേക്കാണ് നിയമനം.

വിയോജിപ്പുമായി വിമുക്ത ഭടന്മാര്‍

ചുരുങ്ങിയ കാലത്തേക്കുള്ള നിയമനം സേനാംഗങ്ങളുടെ മികവിനെ ബാധിക്കുമെന്ന് സേനയില്‍ നിന്ന് വിരമിച്ച ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. വിരമിച്ച മേജർ ജനറൽ ബി.എസ് ധനോവ ട്വീറ്റ് ചെയ്തതിങ്ങനെ- "സായുധ സേനയിലേക്ക് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന റിക്രൂട്ട്‌മെന്റ് നയത്തിന് രണ്ട് ശിപാര്‍ശകള്‍- പുതിയ റിക്രൂട്ട്‌മെന്റുകളുടെ സേവന കാലയളവ് ഏഴ് വർഷമായി വർധിപ്പിക്കണം, സേവന താത്പര്യമുള്ള 50 ശതമാനം പേരെയെങ്കിലും നിലനിര്‍ത്തണം"

സായുധ സേനയെ സാമ്പത്തിക ലാഭത്തിന്‍റെ വീക്ഷണകോണിലൂടെ കാണരുതെന്ന് മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ മേജർ ജനറൽ യാഷ് മോർ ആവശ്യപ്പെട്ടു. സൈനിക ജീവിതവും കരിയറും സാമ്പത്തിക ലാഭവുമായി ചേര്‍ത്ത് അളക്കരുതെന്നും അദ്ദേഹം പറഞ്ഞു. അഗ്നിപഥ് പദ്ധതി വിജയിക്കുകയാണെങ്കില്‍ വാര്‍ഷിക പ്രതിരോധ ബജറ്റില്‍ നിന്ന് 5.2 കോടി രൂപ മിച്ചമായി ലഭിക്കുമെന്ന് പ്രതിരോധ മന്ത്രാലയം കണക്കുകൂട്ടുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് യാഷ് മോറിന്‍റെ വിമര്‍ശനം. കേന്ദ്രമന്ത്രിയും മുൻ കരസേനാ മേധാവിയുമായ ജനറൽ വി.കെ സിങിനോട് പദ്ധതിയെക്കുറിച്ച് ചോദിച്ചപ്പോൾ, തനിക്ക് കൂടുതൽ വിവരങ്ങൾ ഇല്ലെന്നും പദ്ധതി നടപ്പാക്കുന്നത് വരെ ചിത്രം വ്യക്തമല്ലെന്നും പറഞ്ഞു.

സേനയുടെ വീര്യം കെടുത്തരുതെന്ന് രാഹുല്‍ ഗാന്ധി

നമ്മുടെ സേനയുടെ അന്തസ്സും പാരമ്പര്യവും വീര്യവും അച്ചടക്കവും വിട്ടുവീഴ്ച ചെയ്യുന്നത് ബി.ജെ.പി സർക്കാർ അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. രാജ്യം അതിര്‍ത്തികളില്‍ ഭീഷണി നേരിടുമ്പോൾ, അഗ്നിപഥ് സ്കീമിലൂടെ നമ്മുടെ സായുധ സേനയുടെ പ്രവർത്തനക്ഷമത കുറയ്ക്കുകയാണെന്നും രാഹുല്‍ വിമര്‍ശിച്ചു. സായുധ സേനകളിലേക്കുള്ള നിയമനങ്ങൾ ബിജെപി സർക്കാർ പരീക്ഷണമാക്കി മാറ്റുന്നുവെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. വർഷങ്ങളായി സേവനം നടത്തുന്ന സൈനികർ സർക്കാരിന് ബാദ്ധ്യതയാണോ എന്നും പ്രിയങ്ക ചോദിച്ചു.

പ്രതിഷേധവുമായി യുവാക്കള്‍

ബിഹാറിലെ മുസാഫർപൂരിലും ബക്സറിലുമാണ് അഗ്നിപഥിനെതിരെ യുവാക്കള്‍ തെരുവിലിറങ്ങിയത്. നിയമനം ലഭിക്കുന്നവര്‍ നാല് വർഷത്തിന് ശേഷം എന്ത് ചെയ്യുമെന്ന് പ്രതിഷേധക്കാർ ചോദിക്കുന്നു- ഗുൽഷൻ കുമാർ എന്ന യുവാവ് പറഞ്ഞതിങ്ങനെ- "കേവലം നാല് വർഷത്തെ സേവനമെന്നാല്‍ അതിനുശേഷം മറ്റ് ജോലികൾക്കായി ഞങ്ങള്‍ ശ്രമിക്കണം. നമ്മുടെ പ്രായത്തിലുള്ള മറ്റുള്ളവരേക്കാള്‍ പിന്നിലാവുകയും ചെയ്യും"

വർഷങ്ങളായി ആർമി റിക്രൂട്ട്‌മെന്‍റിന് തയ്യാറെടുക്കുന്നവരുടെ പ്രതിനിധിയായ ശിവം കുമാർ പറഞ്ഞതിങ്ങനെ- "ഞാൻ രണ്ട് വർഷമായി ഓടുകയും ശാരീരികമായി സ്വയം തയ്യാറെടുക്കുകയും ചെയ്യുന്നു. നാല് വർഷത്തേക്ക് മാത്രമാണോ ഇത്?"



Related Tags :
Similar Posts