ബിഹാർ നിയമസഭയിൽ 'കശ്മീർ ഫയൽസ്' ടിക്കറ്റുകൾ കീറിയെറിഞ്ഞ് പ്രതിപക്ഷ എം.എൽ.എമാർ; വന്‍ പ്രതിഷേധം
|മുസ്ലിംകള്ക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്ന ചിത്രമാണ് 'ദി കശ്മീർ ഫയൽസ്' എന്ന് ആരോപിച്ചായിരുന്നു ബിഹാര്‍ സഭയില്‍ പ്രതിപക്ഷ പ്രതിഷേധം
വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത 'ദി കശ്മീർ ഫയൽസ്' ചിത്രത്തെച്ചൊല്ലി ബിഹാർ നിയമസഭയിൽ വൻപ്രതിഷേധവും കൈയാങ്കളിയും. ചിത്രത്തിന്റെ സൗജന്യപ്രദർശനത്തിനായി വിതരണം ചെയ്ത ടിക്കറ്റുകൾ പ്രതിപക്ഷ എം.എൽ.എമാർ സഭയിൽ കീറിയെറിഞ്ഞു. സംഭവം വൻകോലാഹലങ്ങൾക്കിടയാക്കിയതോടെ സ്പീക്കർ സഭ അരമണിക്കൂർ നേരത്തേക്ക് പിരിച്ചുവിടുകയായിരുന്നു.
ചിത്രത്തിന്റെ വിനോദ നികുതി നേരത്തെ ബിഹാർ സർക്കാർ ഒഴിവാക്കിക്കൊടുത്തിരുന്നു. ഇതിനുപിന്നാലെയാണ് മുതിർന്ന ബി.ജെ.പി നേതാവും ഉപമുഖ്യമന്ത്രിയുമായ താർകിഷോർ പ്രസാദ് എല്ലാ സാമാജികരെയും ചിത്രം കാണആൻ ക്ഷണിച്ചത്. ചിത്രത്തിന്റെ പ്രദർശനത്തിനായി സൗജന്യ ടിക്കറ്റ് വിതരണം ചെയ്തിരുന്നു.
ഈ ടിക്കറ്റുകളുമായാണ് ഇന്ന് പ്രതിപക്ഷ കക്ഷികളായ രാഷ്ട്രീയ ജനതാദൾ(ആർ.ജെ.ഡി), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്സിസ്റ്റ് ലെനിനിസ്റ്റ്-സി.പി.ഐ-എം.എൽ) എം.എൽ.എമാർ സഭയിലെത്തിയത്. സഭയുടെ നടത്തുളത്തിലിറങ്ങി ടിക്കറ്റ് കീറിയെറിഞ്ഞ എം.എൽ.എമാർ ചിത്രത്തെ സാമുദായിക വിദ്വേഷത്തിനായി ഉപയോഗിക്കുന്ന ബി.ജെ.പി നീക്കത്തിൽ പ്രതിഷേധിച്ചു. വിദ്വേഷത്തിന്റെ ടിക്കറ്റുകളാണിയെന്നും മുസ്ലിംകളെ ഉന്നംവച്ചുള്ളതാണ് ചിത്രമെന്നും സി.പി.ഐ-എം.എൽ എം.എൽ.എ മെഹബൂബ് ആലം പറഞ്ഞു.
''ഇത്തരം ചിത്രങ്ങളിലൂടെ സർക്കാർ സമൂഹത്തിന് എന്തു സന്ദേശമാണ് നൽകാൻ താൽപര്യപ്പെടുന്നത്? തൊഴിലില്ലായ്മ, നിരക്ഷരത, പോഷകക്കുറവ് തുടങ്ങിയ സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചുള്ള ചിത്രമാണെങ്കിൽ കാണാമായിരുന്നു. ആക്രമണങ്ങളെ മതത്തിന്റെ കണ്ണോടെ കാണാനാകില്ല.'' ആർ.ജെ.ഡി എം.എൽ.എമാരായ രാകേഷ് റോഷൻ, റാംപ്രീത് സാദ എന്നിവർ സഭയിൽ പറഞ്ഞു.
സ്പീക്കർ വിജയ് കുമാർ സിൻഹ അംഗങ്ങളോട് സീറ്റിലിരിക്കാൻ ആവശ്യപ്പെട്ടു. ചിത്രം കണ്ടശേഷം പ്രതികരിക്കൂവെന്നും ആവശ്യപ്പെട്ടു. എന്നാൽ, ഇത് പ്രതിപക്ഷം അംഗീകരിച്ചില്ല. ഇതോടെയാണ് സഭ അരമണിക്കൂർ നേരം പിരിച്ചുവിട്ടത്. ഇതോടെ സഭയ്ക്കു പുറത്തും പ്രതിപക്ഷ എം.എൽ.എമാർ പ്രതിഷേധം തുടരുകയായിരുന്നു.
വിവേക് അഗ്നിഹോത്രി രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ പാകിസ്താൻ പിന്തുണയുള്ള ഭീകരരുടെ പീഡനത്തെ തുടർന്ന് കശ്മീരിൽനിന്ന് പലായനം ചെയ്യുന്ന പണ്ഡിറ്റുകളുടെ കഥയാണ് പറയുന്നത്. അനുപം ഖേർ, മിഥുൻ ചക്രവർത്തി എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിലൂടെയുള്ള വർഗീയ ധ്രുവീകരണശ്രമങ്ങൾക്കെതിരെ നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.
Summary: The Bihar Assembly on Monday witnessed pandemonium, with Opposition MLAs tearing up tickets of The Kashmir Files, distributed free to them by the government