പ്രോവിഡന്‍റ് ഫണ്ട് പലിശ നിരക്ക് കേന്ദ്രം വെട്ടിക്കുറച്ചു
|കഴിഞ്ഞ 10 വർഷത്തിനിടെയിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണിത്.
പ്രോവിഡന്‍റ് ഫണ്ട് പലി നിരക്ക് കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു. എട്ടര ശതമാനമുണ്ടായിരുന്ന പലിശ നിരക്കാണ് 8.1 ശതമാനമാക്കി കുറച്ചത്. കഴിഞ്ഞ 10 വർഷത്തിനിടെയിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണിത്.
ഈ വർഷത്തെ പിഎഫ് പലിശ നിരക്ക് തീരുമാനിക്കാൻ ഗുവാഹത്തിയിൽ ചേർന്ന ഉന്നതാധികാര സമിതിയാണ് പുതിയ പലിശ നിരക്കിന് രൂപം നൽകിയത്. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച എട്ടര ശതമാനം പലിശ നിരക്കിൽ നിന്നും 0.4 ശതമാനത്തിന്‍റെ കുറവ് വന്നതോടെ കഴിഞ്ഞ 10 വർഷത്തിനിടെ പിഎഫിന് നൽകി വരുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്കായി ഇത് മാറി. ഈ ശിപാർശ കേന്ദ്ര ധനമന്ത്രാലയം കൂടി അംഗീകരിക്കുന്നതോടെ പുതിയ പലിശ നിരക്ക് യാഥാർഥ്യമാകും.
രാജ്യത്തെ ആറര കോടിയോളം മാസ ശമ്പളക്കാരെയാണ് കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം ബാധിക്കുക. ഈ സാമ്പത്തിക വര്‍ഷം 76,768 കോടി രൂപയാണ് ഇപിഎഫിൽ എത്തിയത്. അതേസമയം മിനിമം പെൻഷൻ തുകയായ 1000 രൂപ 3000മാക്കി ഉയർത്തണമെന്ന പാർലമെന്റ് സ്ഥിരം സമിതി ശിപാർശയും ഉന്നതാധികാര സമിതിയുടെ മുൻപിൽ ഉണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെയും സമിതി നയം വ്യക്തമാക്കിയിട്ടില്ല.