ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ അധ്യക്ഷയായി പി.ടി ഉഷ
|ഐ.ഒ.എ തലപ്പത്ത് എത്തുന്ന ആദ്യ വനിതയും ആദ്യമലയാളിയുമാണ് പി.ടി.ഉഷ
ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ അധ്യക്ഷയായി പി.ടി.ഉഷയെ തെരഞ്ഞെടുത്തു. ഐ.ഒ.എ തലപ്പത്ത് എത്തുന്ന ആദ്യ വനിതയും ആദ്യമലയാളിയുമാണ് പി.ടി.ഉഷ. എതിരില്ലാതെയാണ് ഉഷ തെരഞ്ഞെടുക്കപ്പെട്ടത്.
സുപ്രീംകോടതി മുൻ ജഡ്ജി എൽ. നാഗേശ്വർ റാവുവിന്റെ മേൽനോട്ടത്തിൽ നടന്ന തെരഞ്ഞെടുപ്പിലാണ് 58കാരിയായ പി ടി ഉഷയെ എതിരില്ലാതെ തെരഞ്ഞെടുത്തത്. രാഷ്ട്രീയ, ഭരണ രംഗങ്ങളിലെ പ്രമുഖരാണ് ഇതുവരെ ഐ.ഒ.എയുടെ പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നത്. ഈ പദവിയിലെത്തുന്ന ആദ്യ കായിക താരം കൂടിയാണ് പി.ടി. ഉഷ. അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്തിൽ സന്തോഷം ഉണ്ടെന്നും ഇന്ത്യക്ക് കൂടുതൽ മെഡലുകൾ നേടിയെടുക്കാൻ പ്രവർത്തിക്കുമെന്നും പിടി ഉഷ പറഞ്ഞു.
അത്ലറ്റിക് കരിയറിൽ നൂറിലേറെ ദേശീയ- അന്താരാഷ്ട്ര മെഡലുകൾ വാരിക്കൂട്ടിയ കോഴിക്കോട് പയ്യോളി സ്വദേശിയായ പിടി ഉഷ നിലവിൽ രാജ്യസഭാംഗമാണ്. സീനിയർ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അജയ് എച്ച് പട്ടേൽ, ട്രഷററായി സഹേദേവ് യാദവ്, ജോയിന്റ് സെക്രട്ടറിമാരായി കല്യാണ് ചൗബെ, അളകനന്ദ അശോക് എന്നിവരെയും തെരഞ്ഞെടുത്തു