'ഓപറേഷന് ഒക്ടോപസ് ജനാധിപത്യത്തെ അട്ടിമറിക്കുന്നു': പി.എഫ്.ഐ നിരോധനത്തെ അപലപിച്ച് പി.യു.സി.എല്‍
|'കേന്ദ്ര ഏജന്‍സികള്‍ നടത്തിയ റെയ്ഡുകളും അറസ്റ്റും ഫെഡറല്‍ സംവിധാനത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ്'
പോപുലര്‍ ഫ്രണ്ട് നിരോധനവും നേതാക്കളുടെ അറസ്റ്റും അപലപനീയമെന്ന് പീപ്പിള്‍സ് യൂണിയന് ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പി.യു.സി.എല്‍). ഓപറേഷന് ഒക്ടോപസ് ജനാധിപത്യത്തെ തകര്‍ക്കുന്നതാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിനും സംഘടിക്കാനുള്ള സ്വാതന്ത്ര്യത്തിനുമുള്ള ഭരണഘടനാപരമായ അവകാശങ്ങളെ കുറിച്ച് ഉത്കണ്ഠയുണ്ടെന്നും പി.യു.സി.എല്‍ പ്രസ്താവനയില്‍ പറഞ്ഞു.
സി.ആര്.പി.എഫ്, ആഭ്യന്തര മന്ത്രാലയം, എ.ടി.എസ്, എന്‍.ഐ.എ, ഇ.ഡി, റോ, സംസ്ഥാന പൊലീസ്, മറ്റ് ഏജന്‍സികള്‍ എന്നിവ സംയുക്തമായാണ് ഓപറേഷന് ഒക്ടോപസ് നടത്തിയത്. ഇന്ത്യയിലെ 16ലധികം സംസ്ഥാനങ്ങളില്‍ നൂറുകണക്കിന് കേന്ദ്രങ്ങളിലായി രണ്ട് റൗണ്ടുകളിലായാണ് റെയ്ഡ് നടന്നത്. 300ലധികം പേരെ അറസ്റ്റ് ചെയ്തു. ഭരണകൂട അധികാരം കാണിക്കുന്ന മാധ്യമ കാഴ്ചയായി നടത്തിയ റെയ്ഡുകള്‍, നിയമവാഴ്ചയില്‍ അധിഷ്ഠിതമായ ഒരു ഭരണഘടനാ ജനാധിപത്യത്തെ തകര്‍ക്കുന്നതാണ്. ഇത് മുസ്ലിം സമൂഹത്തെ കൂടുതല്‍ ഭയത്തിലേക്കും ഭീഷണിയിലേക്കും അകല്‍ച്ചയിലേക്കും നിശ്ശബ്ദതയിലേക്കും തള്ളിവിടുന്നുവെന്നും പി.യു.സി.എല്‍ വിമര്‍ശിച്ചു.
കേന്ദ്ര ഏജന്‍സികള്‍ നടത്തിയ റെയ്ഡുകളും അറസ്റ്റും ഫെഡറല്‍ സംവിധാനത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ്. തമിഴ്നാട്, രാജസ്ഥാന് തുടങ്ങിയ ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലെ ലോക്കല്‍ പൊലീസിനെ ഓപറേഷനില്‍ നിന്ന് ഒഴിവാക്കി. റെയ്ഡും അറസ്റ്റും സംബന്ധിച്ച് അവസാനം വരെ തമിഴ്നാട് പൊലീസിന് അറിവില്ലായിരുന്നു. ക്രമസമാധാനം സംസ്ഥാന വിഷയമായിട്ടും കേന്ദ്രം എന്‍.ഐ.എയെ ഏകപക്ഷീയമായി ഉപയോഗിച്ചു സംസ്ഥാന സര്‍ക്കാരിന്റെ അധികാരങ്ങള്‍ ചവിട്ടിമെതിച്ചെന്ന് പി.യു.സി.എല്‍ കുറ്റപ്പെടുത്തി.
ഈ റെയ്ഡുകള്‍ക്ക് പിന്നാലെ സെപ്തംബർ 27ന് പി.എഫ്.ഐ, റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ, നാഷണൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ കേരള എന്നിവയെ നിരോധിച്ചു. മുസ്ലിംകളില് ഭയം സൃഷ്ടിക്കുന്ന തരത്തിലാണ് റെയ്ഡുകളും അറസ്റ്റുകളും അരങ്ങേറിയതെന്ന് പി.യു.സി.എല്‍ കുറ്റപ്പെടുത്തി. അര്‍ദ്ധരാത്രിയിലാണ് റെയ്ഡുകള്‍ നടന്നത്. മുസ്ലിം പ്രദേശങ്ങള്‍ സായുധരായ സി.ആര്.പി.എഫ് വളഞ്ഞു. ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഭയപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഡല്‍ഹിയിലെ ജാമിഅ നഗറില്‍ ഉള്‍പ്പടെ നവംബര്‍ പകുതി വരെ സെക്ഷന്‍ 144 പ്രഖ്യാപിച്ചു. പ്രതിഷേധങ്ങളും ജനാധിപത്യപരമായ അഭിപ്രായ പ്രകടനങ്ങളും നിയന്ത്രിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും പി.യു.സി.എല്‍ വിമര്‍ശിച്ചു.
ബിഹാറില്‍ ആയുധ പരിശീലനം ആരോപിച്ച് മുസ്ലിം യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവവും പി.യു.സി.എല്‍ ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രി മോദിയുടെ പറ്റ്ന സന്ദര്‍ശനത്തിന് തൊട്ടുമുമ്പായിരുന്നു അറസ്റ്റ്. ദേശവിരുദ്ധ ഭീകര പ്രവര്‍ത്തനമെന്ന മുദ്രകുത്തി 26 മുസ്ലിം യുവാക്കളെയാണ് അറസ്റ്റ് ചെയ്തത്. എന്‍.ഐ.എയാണ് കേസ് അന്വേഷിക്കുന്നത്. പറ്റ്നയിലെ ഫുല്‍വാരി ഷെരീഫ് മേഖലയില്‍ പ്രഥമദൃഷ്ട്യാ ആയുധപരിശീലനമോ തീവ്രവാദ പ്രവര്‍ത്തനങ്ങളോ വസ്തുതാന്വേഷണത്തില്‍ കണ്ടെത്താനായിട്ടില്ലെന്ന് പി.യു.സി.എല്‍ വ്യക്തമാക്കുന്നു. ഫുല്‍വാരി ഷെരീഫില്‍ താമസിക്കുന്ന മുസ്ലിംകളെ മാധ്യമങ്ങള്‍ അപകീര്‍ത്തിപ്പെടുത്തുന്നതിനെയും പി.യു.സി.എല്‍ അപലപിച്ചു. ഹിന്ദി ദിനപത്രമായ ദൈനിക് ഭാസ്കര്‍ ഫുല്‍വാരി ഷെരീഫിനെ 'ഭീകരതയുടെ പൂന്തോട്ടം' എന്നാണ് അധിക്ഷേപിച്ചതെന്നും പി.യു.സി.എല്‍ വിമര്‍ശിച്ചു.
നിരോധനം പരിഹാരമല്ലെന്ന് പി.യു.സി.എല്‍ അഭിപ്രായപ്പെടുന്നു. ആശയസംവാദമാണ് വേണ്ടത്. അറസ്റ്റിലായ എല്ലാവരെയും വിട്ടയക്കണമെന്നും മുസ്ലിം യുവാക്കളെ ലക്ഷ്യമിട്ടുള്ള ഏകപക്ഷീയമായ നടപടികള്‍ ഒഴിവാക്കണമെന്നും യു.എ.പി.എ - എന്‍.ഐ.എ നിയമങ്ങള്‍ പൂര്‍ണമായും റദ്ദാക്കണമെന്നും പി.യു.സി.എല്‍ ജനറല്‍ സെക്രട്ടറി വി സുരേഷ് പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.