India
The pujas ahead of the Ayodhya Ram Mandir consecration ceremony to begin today, Ayodhya Ram Mandir opening
India

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായുള്ള പൂജകൾക്ക് ഇന്ന് തുടക്കമാകും

Web Desk
|
16 Jan 2024 12:57 AM GMT

ക്ഷേത്രത്തെ രാഷ്ട്രീയം കളിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരുപയോഗപ്പെടുത്തിയെന്ന ആരോപണവുമായി നാലാമത്തെ ശങ്കരാചാര്യരും രംഗത്തെത്തിയിട്ടുണ്ട്

ലഖ്‌നൗ: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായുള്ള പൂജകൾക്ക് ഇന്ന് തുടക്കമാകും. ഒരാഴ്ച നീളുന്ന ചടങ്ങുകൾക്ക് ഒടുവിൽ ഈ മാസം 22നാണ് പ്രതിഷ്ഠാ ചടങ്ങ്. ക്ഷേത്രത്തെ രാഷ്ട്രീയം കളിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരുപയോഗപ്പെടുത്തിയെന്ന ആരോപണവുമായി നാലാമത്തെ ശങ്കരാചാര്യരും രംഗത്തെത്തിയിട്ടുണ്ട്.

പ്രായശ്ചിത്ത ചടങ്ങുകളോടെയാണ് ഇന്ന് അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങുകൾക്ക് തുടക്കമാകുക. നാളെ ഗണപതി പൂജയും 18ന് മണ്ഡപ പൂജയും നടക്കും. വിപുലമായ ഒരുക്കങ്ങളാണ് ഏഴായിരത്തോളം പേര് പങ്കെടുക്കുന്ന പ്രതിഷ്ഠാ ചടങ്ങുകൾക്കായി അയോധ്യയിൽ നടത്തിയിരിക്കുന്നത്. അയോധ്യയിലെ ടെൻ്റ് സിറ്റിയിലും ഒരുക്കങ്ങൾ പൂർത്തിയായി. 20ന് വിവിധ നദികളിലെ പുണ്യജലത്തിൽ ശ്രീകോവിലിൻ്റെ ശുദ്ധികലശവും 21ന് ശ്രീരാമവിഗ്രഹത്തിൻ്റെ ആറാട്ടും നടക്കും.

ഒരുക്കങ്ങൾ പൂർത്തിയായെങ്കിലും കേന്ദ്ര സർക്കാരിനെയും ബി.ജെ.പിയെയും കൂടുതൽ പ്രതിരോധത്തിലേക്ക് തള്ളിവിടുന്ന വിമർശനങ്ങളാണ് മതപണ്ഡിതന്മാരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. പുരി, ദ്വാരക, ശൃംഗേരി മഠങ്ങളിലെ ശങ്കരാചാര്യന്മാർക്ക് പുറമെ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് ജ്യോതിഷ് പീഠത്തിലെ ശങ്കരാചാര്യൻ അവിമുക്തേശ്വരാനന്ദ സരസ്വതി വ്യക്തമാക്കി. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടില്ല.

ക്ഷണം ലഭിച്ചാൽ പോകുമെന്നും എന്നാൽ ചടങ്ങിൽ പങ്കെടുക്കില്ലെന്നും 'ദി വയറി'ന് നൽകിയ അഭിമുഖത്തിൽ അവിമുക്തേശ്വരാനന്ദ സരസ്വതി പറഞ്ഞു. അപൂർണ്ണമായ ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടത്തുന്നത് മതവിശ്വാസത്തിനെതിരാണെന്ന മറ്റു മൂന്ന് ശങ്കരാചാര്യന്മാരുടെയും അഭിപ്രായത്തെ അദ്ദേഹവും പിന്തുണച്ചു. ഒരാളുടെ പേര് പ്രചരിപ്പിക്കാൻ മതനിയമങ്ങൾ മറികടക്കുന്നത് ദൈവത്തിനെതിരായ കലാപമാണെന്ന് ഓർമിപ്പിച്ച ശങ്കരാചാര്യർ ക്ഷേത്രത്തെ മോദി രാഷ്ട്രീയവൽക്കരിച്ചുവെന്നും കുറ്റപ്പെടുത്തി.

പുരി, ദ്വാരക, ശൃംഗേരി മഠങ്ങളിലെ ശങ്കരാചാര്യന്മാർ ഉന്നയിച്ച വിമർശനങ്ങളെ ബി.ജെ.പി പ്രതിരോധിച്ചിരുന്നത് ജ്യോതിഷ് പീഠത്തിലെ ശങ്കരാചാര്യൻ പ്രാണപ്രതിഷ്ഠയും പിന്തുണയ്ക്കുന്നുവെന്ന വാദം ഉയർത്തിയാണ്. എന്നാൽ, ബി.ജെ.പി അവകാശവാദങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്നതാണ് അവിമുക്തേശ്വരാനന്ദ സരസ്വതിയുടെ അഭിമുഖം.

Summary: The pujas ahead of the Ayodhya Ram Mandir consecration ceremony to begin today

Similar Posts