'ജയലളിതയുടെ സാരി പിടിച്ചുവലിച്ചത് മറന്നോ?'; ഡി.എം.കെയെ കടന്നാക്രമിച്ച് നിർമല സീതാരാമൻ
|1989 മാർച്ച് 25ന് തമിഴ്‌നാട് നിയമസഭയിൽ നടന്നൊരു സംഭവം സഭയെ ഓർമിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നു പറഞ്ഞാണ് നിർമല ഡി.എം.കെയ്ക്കു നേരെ തിരിഞ്ഞത്
ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടെ ഡി.എം.കെയെ കടന്നാക്രമിച്ച് ധനമന്ത്രി നിർമല സീതാരാമൻ. തമിഴ്‌നാട് നിയമസഭയിൽ മുൻ മുഖ്യമന്ത്രി ജയലളിതയുടെ സാരി പിടിച്ചുവലിച്ചത് ഡി.എം.കെ മറന്നോയെന്ന് നിർമല ചോദിച്ചു. രാജ്യത്ത് എല്ലായിടത്തും സ്ത്രീകൾ ദുരിതമനുഭവിക്കുന്നുണ്ടെന്നും അതു ഗൗരവതരമായി തന്നെ കാണുമെന്നും അവർ പറഞ്ഞു.
ലോക്സഭയില്‍ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിൽ ഇടപെട്ടു സംസാരിക്കുകയായിരുന്നു നിർമല. ''മണിപ്പൂരിലും ഡൽഹിയിലും രാജസ്ഥാനിലുമെല്ലാം സ്ത്രീകൾ ദുരിതമനുഭവിക്കുന്നുണ്ടെന്നത് ഞാൻ അംഗീകരിക്കുന്നുണ്ട്. അത് നമ്മൾ ഗൗരവമായി തന്നെ കാണും. അതിൽ രാഷ്ട്രീയമുണ്ടാകില്ല. എന്നാൽ, 1989 മാർച്ച് 25ന് തമിഴ്‌നാട് നിയമസഭയിൽ നടന്നൊരു സംഭവം സഭയെ ഒന്നാകെ ഓർമിപ്പിക്കാൻ ആഗ്രഹിക്കുകയാണ്''-നിർമല തുടർന്നു.
''അന്ന് ജയലളിത മുഖ്യമന്ത്രിയായിരുന്നില്ല. പ്രതിപക്ഷ നേതാവായിരുന്നു. അന്ന് തമിഴ്‌നാട് നിയമസഭയിൽ ജയലളിതയുടെ സാരി പിടിച്ചുവലിച്ച സംഭവമുണ്ടായി. തൊട്ടടുത്തിരുന്ന ഡി.എം.എ അംഗങ്ങൾ അവരുടെ സംസാരത്തിൽ ഇടപെടുകയും പരിഹസിക്കുകയും ചെയ്തു.''
ഡി.എം.കെ ജയലളിതയെ മറന്നോയെന്ന് നിർമല ചോദിച്ചു. കൗരവസഭയെക്കുറിച്ചും ദ്രൗപദിയെക്കുറിച്ചുമെല്ലാമാണല്ലോ നിങ്ങൽ സംസാരിക്കുന്നത്. ജയലളിതയുടെ സാരി പിടിച്ചുവലിക്കുകയും അവരെ അപമാനിക്കുകയും ചെയ്തതെല്ലാം നിങ്ങൾ മറന്നോ? അതിനു രണ്ടു വർഷത്തിനുശേഷം അവർ മുഖ്യമന്ത്രിയായി സഭയിലെത്തുകയും ചെയ്‌തെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.
നേരത്തെ കനിമൊഴി അവിശ്വാസ പ്രമേയത്തിൽ ഡി.എം.കെയെ പ്രതിനിധീകരിച്ചു സംസാരിച്ചിരുന്നു. മണിപ്പൂർ സംഘർഷത്തിൽ ഇടപെടാതെ ഒന്നിച്ചുനിൽക്കുകയായിരുന്നു ബി.ജെ.പിയുടെ 'ഡബിൾ എൻജിൻ' സർക്കാരെന്ന് കനിമൊഴി സംസാരത്തിൽ ആക്ഷേപിച്ചു. മണിപ്പൂരിൽ വീടുകൾ കത്തിയമരുമ്പോഴും ആയുധങ്ങൾ കൊള്ളയടിക്കപ്പെടുമ്പോഴും ആളുകൾ കൊല്ലപ്പെടുമ്പോഴും സ്ത്രീകൾ നഗ്നരാക്കി പരേഡ് ചെയ്യപ്പോടുമ്പോഴും അപമാനിക്കപ്പെടുമ്പോഴുമെല്ലാം സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമെല്ലാം നിശബ്ദരായി നിഷ്‌ക്രിയരായി നിൽക്കുകയായിരുന്നുവെന്നും പ്രസംഗത്തിൽ അവർ വിമർശിച്ചു.
Summary: 'DMK forgot about pulling Jayalalithaa's saree in Tamil Nadu assembly?': Nirmala Sitharaman during no-confidence motion discussion in Lok Sabha