സെൽഫിയെടുക്കുന്നതിനിടെ 60 അടി താഴ്ചയിലേക്ക് വീണ് യുവതി; അത്ഭുതകരമായി രക്ഷപ്പെട്ടു- വീഡിയോ
|29കാരിയായ നസ്രീൻ അമിർ ഖുറേഷിയെയാണ് പൊലീസും നാട്ടുകാരും ചേര്‍ന്നു രക്ഷിച്ചത്
പൂനെ: സതാറയിൽ സെൽഫിയെടുക്കുന്നതിനിടെ 60 അടി താഴ്ചയിലേക്ക് വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. 29കാരിയായ നസ്രീൻ അമിർ ഖുറേഷിയെയാണ് പൊലീസും നാട്ടുകാരും രക്ഷിച്ചത്. സുഹൃത്തുക്കളുമൊത്ത് കാഴ്ച കാണാനെത്തിയ ഇവര്‍ സെൽഫിയെടുക്കുന്നതിനിടെ ബാലൻസ് തെറ്റി താഴേക്ക് വീഴുകയായിരുന്നു. നൂറടി താഴ്ചയുള്ള ചെരിവിലേക്കുള്ള വീഴ്ചയ്ക്കിടെ ഒരു മരത്തിൽ പിടിത്തം കിട്ടിയതാണ് യുവതിക്ക് രക്ഷയായത്.
ഉടൻ തന്നെ നസ്രീന്റെ സുഹൃത്തുക്കൾ പൊലീസിനെ വിവരമറിയിച്ചു. അടുത്ത് ട്രക്കിങ്ങിന് വന്ന ആൾക്കാരുടെയും സഹായമഭ്യർത്ഥിച്ചു. ഹോം ഗാർഡ് അഭിജിത് മന്ധാവെയാണ് നസ്രീനെ രക്ഷിക്കാനായി താഴേക്കിറങ്ങിയത്. കനത്ത മഴയ്ക്കിടെ അരയിൽ കയർ കെട്ടി ഇറങ്ങിയ ഇദ്ദേഹം നസ്രീനുമായി തിരിച്ചുകയറി. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. യുവതിക്ക് ഗുരുതരമായ പരിക്കുകളില്ല. പ്രാഥമിക ചികിത്സയ്ക്ക് ശേഷം നസ്രീൻ ആശുപത്രി വിട്ടു.
കൊങ്കണിലെ സതാറയ്ക്കടുത്തുള്ള തോസേഗർ വെള്ളച്ചാട്ടം കാണാനാണ് യുവതിയും സുഹൃത്തുക്കളും എത്തിയത്. ഇവിടെ അടച്ചതറിഞ്ഞ ഇവർ അടുത്തുള്ള ഭൊറാനെ ഘട്ടിലേക്ക് തിരിക്കുകയായിരുന്നു. അഞ്ച് പുരുഷന്മാരും അഞ്ച് സ്ത്രീകളുമാണ് സംഘത്തിലുണ്ടായിരുന്നത്.