പൂനെ പോര്‍ഷെ അപകടം; 17കാരന്റെ മാതാപിതാക്കളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
|പ്രതിയുടെ രക്തസാമ്പിളിൽ കൃത്രിമം കാണിച്ചതിനാണ് അറസ്റ്റ്
മുംബൈ: മദ്യലഹരിയില്‍ 17കാരന് ഓടിച്ച ആഡംബര കാറിടിച്ച് രണ്ടുപേര്‍ മരിച്ച കേസിൽ പ്രതിയുടെ മാതാപിതാക്കളെ പൂനെ കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇടനിലക്കാരനായ അഷ്പക് മകന്ദറിനെയും കോടതി കസ്റ്റഡിയിലയച്ചു. പ്രതിയുടെ രക്തസാമ്പിളിൽ കൃത്രിമം കാണിച്ചതിനാണ് മൂന്നുപേരെയും അറസ്റ്റ് ചെയ്തത്.
17കാരന്റെ രക്തസാമ്പിള്‍ മാറ്റാനായി സസൂൺ ജനറൽ ആശുപത്രിയിലെ ജീവനക്കാരൻ കൈക്കൂലി വാങ്ങുന്നത് യെർവാഡ പ്രദേശത്തെ സിസി ടിവി ക്യാമറയില്‍ പതിഞ്ഞിരിന്നു. ഇടനിലക്കാരനായ അഷ്പക് മകന്ദർ ആശുപത്രി ജീവനക്കാരൻ അതുൽ ഘട്കാംബ്ലെയ്ക്ക് കൈക്കൂലി കൈമാറിയതായി പൊലീസ് പറഞ്ഞു. ജുവനൈൽ ജസ്റ്റിസ് ബോർഡ് (ജെജെബി) പരിസരത്ത് വെച്ചാണ് മൂന്ന് ലക്ഷം രൂപ കൈക്കൂലി നൽകിയതെന്നാണ് റിപ്പോർട്ട്.
രക്തസാമ്പിൾ കൃത്രിമം നടത്തിയ കേസിൽ മൊത്തം 7 പ്രതികളെ പൂനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫോറൻസിക് വിഭാഗം മേധാവി ഡോ. അജയ് തവാരെ, മുൻ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ഡോ. ശ്രീഹരി ഹൽനോർ, സസൂൺ ആശുപത്രിയിലെ ജീവനക്കാരൻ അതുൽ ഘട്ട്കാംബ്ലെ, പ്രതിയുടെ മാതാപിതാക്കൾ, ഇടനിലക്കാരായ അഷ്പക് മകന്ദർ, ഗെയ്ക്വാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മൊത്തം 5 ലക്ഷം രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ടെന്നും അതിൽ 4 ലക്ഷം രൂപ കണ്ടെടുത്തിട്ടുണ്ടെന്നും വാദത്തിനിടെ കേസിൻ്റെ അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചു.
പൂനെയിലെ കല്യാണി നഗറില്‍ മേയ് 19 ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്. മദ്യലഹരിയില്‍ അമിത വേഗത്തില്‍ കാറോടിച്ച 17കാരന് ബൈക്ക് യാത്രികരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ച് വീണ ഐടി പ്രൊഫഷണലുകളായ യുവാക്കള്‍ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. മധ്യപ്രദേശ് സ്വദേശികളായ അനീഷ് അവാഡിയ, അശ്വിനി കോസ്റ്റ എന്നിവരാണ് മരിച്ചത്.