പോർഷെ അപകടം: 17 കാരന്റെ രക്തസാമ്പിളുകളില്‍ കൃത്രിമം നടത്തി; മദ്യപിച്ചിട്ടില്ലെന്ന റിപ്പോർട്ട് നൽകിയ രണ്ടു ഡോക്ടർമാർ അറസ്റ്റിൽ
|പ്രതിയുടെ പിതാവ് അറസ്റ്റിലായ ഫൊറന്‍സിക് ലാബ് തലവനുമായി സംസാരിച്ചതിന്റെ തെളിവ് പൊലീസിന് ലഭിച്ചു
പൂനെ: രണ്ട് സോഫ്റ്റ്‍വെയർ എഞ്ചിനീയർമാരുടെ മരണത്തിനിടയാക്കിയ പൂനെ പോർഷെ കാർ അപകടത്തിൽ വീണ്ടും വഴിത്തിരിവ്. കേസിൽ പ്രതിയായ പതിനേഴുകാരന്‍റെ രക്ത പരിശോധനയിൽ കൃത്രിമം കാണിച്ച രണ്ടു ഡോക്ടർമാർ അറസ്റ്റിലായി. സസൂൺ ഹോസ്പിറ്റലിലെ ഡോ. അജയ് തവാഡെ, ഡോ.ഹരി ഹാർനോർ എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
പൂനെയിലെ സർക്കാർ ആശുപത്രിയിലെ ഫോറൻസിക് ലാബിന്റെ തലവനാണ് ഡോ തവാഡെ.സംഭവദിവസം ഡോ. തവാഡെയും പ്രതിയുടെ പിതാവും ഫോണിൽ സംസാരിച്ചിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. അറസ്റ്റിലായ രണ്ടുഡോക്ടർമാരുടെയും ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട്. അപകടം നടന്നതിന് പിന്നാലെ പ്രതിയായ പതിനേഴുകാരന്റെ രക്തപരിശോധനയിൽ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ലെന്ന റിപ്പോർട്ടാണ് ഡോക്ടർമാർ നൽകിയത്. എന്നാൽ അന്നുരാത്രി കൂട്ടുകാരോടൊപ്പം രണ്ട് പബ്ബിൽ നിന്ന് പ്രതി മദ്യപിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
ആദ്യ രക്തസാമ്പിളിൽ മദ്യത്തിന്റെ അംശം ഇല്ലായിരുന്നുവെങ്കിലും രണ്ടാമത്തെ പരിശോധനയിൽ മദ്യത്തിന്റെ അംശം കണ്ടെത്തുകയും ചെയ്തിരുന്നു. ഇത് സംശയത്തിനിടയാക്കി. തുടർന്ന് പൊലീസ് ഡിഎൻഎ പരിശോധന നടത്തി. ഡിഎൻഎ പരിശോധനയിൽ രക്ത സാമ്പിളുകൾ വ്യത്യസ്ത ആളുകളിൽ നിന്നുള്ളതാണെന്ന് കണ്ടെത്തി. പ്രതിയുടെയും രക്ത സാമ്പിൾ മറ്റൊരാളുടെ രക്തസാമ്പിൾ ഉപയോഗിച്ച് മാറ്റിയാണ് റിപ്പോർട്ടിൽ തിരിമറി നടത്തിയതെന്ന് വ്യക്തമാകുകയും ചെയ്തു.
മദ്യപിച്ച് കാറോടിച്ചതിന്‍റെ പുറത്ത് അബദ്ധത്തിലുണ്ടായ അപകടമല്ല നടന്നതെന്ന് പൂനെ പൊലീസ് കമ്മീഷണർ അമിതേഷ് കുമാർ പറഞ്ഞു. രണ്ട് പബ്ബുകളിൽ മദ്യപിച്ചതിന് ശേഷമാണ് പ്രതി കാറോടിച്ചത്. ഇടുങ്ങിയതും തിരക്കേറിയതുമായ തെരുവിൽ നമ്പർ പ്ലേറ്റുപോലുമില്ലാതെ അമിത വേഗത്തിലായിരുന്നു പ്രതി കാറോടിച്ചത്. തന്റെ ഡ്രൈവിങ് അപകടം പിടിച്ചതാണെന്നും ആളുകൾ മരിക്കുമെന്നും പ്രതിക്ക് നല്ല ബോധമുണ്ടായിരുന്നു. അപകടത്തിന് ശേഷം പ്രതിയുടെ രക്തസാമ്പിളുകൾ വ്യത്യസ്ത സമയങ്ങളിലായി പരിശോധിച്ച് കൃത്യമായ ഫലം ഉറപ്പുവരുത്തിയെന്നും സിറ്റി പൊലീസ് മേധാവി പറഞ്ഞു.
പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസുകാരന്റെ മകനാണ് പ്രതി. അച്ഛനും മുത്തശ്ശനും ചേർന്ന് പ്രതിയെ രക്ഷിക്കാൻ നിയമ നടപടികളെ സ്വാധീനിക്കുകയാണെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. അപകടത്തിന് പിന്നാലെ പ്രതിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടക്കണെന്നാവശ്യപ്പെട്ട് തന്നെയും വീട്ടിൽ പൂട്ടിയിടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ഇവരുടെ ഡ്രൈവർ മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെ മുത്തശ്ശനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതി മദ്യപിച്ച രണ്ട് പബ്ബുകളിലെ ജീവനക്കാരെയും ഇതിനോടകം തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രക്തസാമ്പിളുകളിൽ കൃത്രിമം കാണിച്ച സംഭവം പണവും സ്വാധീനവും ഉപയോഗിച്ച് പ്രതിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന ആരോപണത്തെ കൂടുതൽ ശക്തിപ്പെടുത്തുകയാണ്.
മെയ് 19 ന് പുലർച്ചെയാണ് എഞ്ചിനീയർമാരായ അശ്വിനി കോസ്ത, അനീഷ് അവാധിയ എന്നിവരുടെ മരണത്തിനിടയാക്കിയ അപകടം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ പോർഷെ കാർ ഇടിക്കുകയുായിരുന്നു. രണ്ടുപേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അപകടം നടന്ന് 15 മണിക്കൂറിനുള്ളിൽ ബാലന് ജാമ്യം അനുവദിച്ചു. റോഡപകടങ്ങളെക്കുറിച്ച് 300 വാക്കുകളുള്ള ഉപന്യാസം എഴുതാൻ ആവശ്യപ്പെട്ടും 15 ദിവസം ട്രാഫിക് പൊലീസുകാരോടൊപ്പം പ്രവർത്തിക്കാനും മദ്യപാന ശീലത്തെക്കുറിച്ച് കൗൺസിലിംഗ് തേടാനും നിർദേശിച്ചാണ് ജാമ്യം നൽകിയത്. ഇത് ഏറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. പിന്നീടാണ് ഉത്തരവ് പരിഷ്‌ക്കരിച്ച് പ്രതിയെ ഒബ്‌സർവേഷൻ ഹോമിലേക്ക് അയച്ചത്.