ഹിറ്റ് ആൻഡ് റൺ നിയമത്തിലെ വിവാദ ശിക്ഷാ വ്യവസ്ഥകൾ മരവിപ്പിച്ചു
|നിയമത്തിനെതിരെ രാജ്യവ്യാപകമായി ട്രക്ക്, ലോറി ഡ്രൈവർമാർ തെരുവിലിറങ്ങിയിരുന്നു
ന്യൂഡൽഹി: വിവാദമായ ഹിറ്റ് ആൻഡ് റൺ നിയമത്തിലെ വിവാദ ശിക്ഷാ വ്യവസ്ഥകൾ മരവിപ്പിച്ച് കേന്ദ്ര സർക്കാർ. പുതുതായി പ്രാബല്യത്തിൽ വന്ന ക്രിമിനൽ നിയമത്തിലായിരുന്നു ഹിറ്റ് ആൻഡ് റൺ നിയമം ഉൾപ്പെടുത്തിയിരുന്നത്. ഭാരതീയ ന്യായ് സംഹിതയിലെ സെക്ഷൻ 106(2) നടപ്പാക്കുന്നത് സർക്കാർ റദ്ദാക്കിയതിനെ ട്രക്ക് ഡ്രൈവർമാരും ട്രാൻസ്പോർട്ട് കമ്പനികളും വിവിധ സംഘടനകളും സ്വാഗതം ചെയ്തു.
മുഴുവൻ ഗതാഗത മേഖലക്കും ആശ്വാസമാണ് ഈ തീരുമാനമെന്ന് ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസ്. ശിക്ഷാ വ്യവസ്ഥകൾ കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരുന്നതെന്ന് എ.ഐ.എം.ടി.സി ചെയർമാൻ ബൽ മൽകിത് സിങ് പറഞ്ഞു.
പുതിയ വ്യവസ്ഥകൾ ട്രക്ക് ഡ്രൈവർമാർക്കിടയിൽ വലിയ പ്രതിഷേധമാണ് സൃഷ്ടിച്ചിരുന്നതെന്ന് ഓൾ ഇന്ത്യ ട്രാൻസ്പോർട്ടേഴ്സ് വെൽഫെയർ അസോസിയേഷൻ പറഞ്ഞു. ട്രക്ക് ഡ്രൈവർമാർ നേരിടുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കേണ്ടത് പ്രധാനമാണെന്നും അവർ പറഞ്ഞു. ബസ് ആൻഡ് കാർ ഓപ്പറേറ്റേഴ്സ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യയും തീരുമാനത്തെ സ്വാഗതം ചെയ്തു.
ഹിറ്റ് ആൻഡ് റൺ നിയമത്തിനെതിരെ രാജ്യവ്യാപകമായി ട്രക്ക്, ലോറി ഡ്രൈവർമാർ തെരുവിലിറങ്ങിയതോടെ നിയമം നടപ്പാക്കില്ലെന്ന് സർക്കാർ അറിയിച്ചിരുന്നു. അപകടം നടന്ന ശേഷം ബന്ധപ്പെട്ടവരെ അറിയിക്കാതെ ഡ്രൈവർ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടാൽ 10 വര്‍ഷം വരെ തടവും പിഴയും ലഭിക്കുമെന്നായിരുന്നു വ്യവസ്ഥ. അശ്രദ്ധകൊണ്ട് മരണം സംഭവിച്ചാല്‍ വാഹനം ഓടിച്ച വ്യക്തിക്ക് അഞ്ചു വര്‍ഷം വരെ തടവും പിഴയും വിധിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്.
ഏത് അപകടത്തിലും വലിയ വാഹനങ്ങളെ കുറ്റപ്പെടുത്തുന്നതാണ് പൊതുമനഃസ്ഥിതിയെന്നും പ്രകോപിതരായ ജനക്കൂട്ടം കൊല്ലുമെന്ന് ഭയന്നാണ് സംഭവസ്ഥലത്തുനിന്ന് ഓടിപ്പോകാൻ നിർബന്ധിതരാകുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് ഡ്രൈവർമാർ പണിമുടക്കി തെരുവിലിറങ്ങിയത്. വിഷയം പ്രതിപക്ഷം ഏറ്റെടുത്തതോടെ സമരക്കാരുമായി അടിയന്തര ചർച്ച നടത്തി നിയമം നടപ്പാക്കില്ലെന്ന് കേന്ദ്രം ഉറപ്പ് നൽകുകയായിരുന്നു.
ക്രിമിനൽ നിയമങ്ങൾ അപ്പാടെ പൊളിച്ചെഴുതി കൊണ്ടുവന്ന പുതിയ നിയമങ്ങൾ ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. ഇതുസംബന്ധിച്ച വിജ്ഞാപനം ശനിയാഴ്ച പുറത്തിറക്കിയിരുന്നു. 1860ലെ ഇന്ത്യന്‍ ശിക്ഷാനിയമത്തിന് (ഐ.പി.സി) പകരം ഭാരതീയ ന്യായസംഹിത, 1898ലെ ക്രിമിനല്‍ നടപടിച്ചട്ടത്തിന് പകരം (സി.ആര്.പി.സി) ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, 1872ലെ ഇന്ത്യന്‍ തെളിവ് നിയമത്തിന് പകരം ഭാരതീയ സാക്ഷ്യ എന്നീ നിയമങ്ങളാണ് കഴിഞ്ഞ ശീതകാല സമ്മേളനത്തിൽ പാർലമെന്റ് പാസാക്കിയത്.
പുതിയ നിയമത്തിൽ നിരാഹാര സത്യഗ്രഹ സമരം അടക്കം ക്രിമിനൽ കുറ്റത്തിൽ ഉൾപ്പെടും. ഇലക്ട്രോണിക് ഉപകരണങ്ങൾ, ഡിജിറ്റല്‍ റെക്കോഡുകള്‍, ഇ-മെയില്‍, എസ്.എം.എസ്, വെബ്സൈറ്റ് തുടങ്ങിയവയിലെ വിവരങ്ങള്‍ തെളിവുകളായി സ്വീകരിക്കാം. കേസ് ഡയറി, എഫ്.ഐ.ആര്, വിധി എന്നിവ ഡിജിറ്റലായി സൂക്ഷിക്കും. രാജ്യദ്രോഹക്കുറ്റം ഒഴിവാക്കിയെങ്കിലും രാഷ്ട്രത്തിനെതിരെ പ്രവർത്തിക്കുന്നതിന് കടുത്ത ശിക്ഷ നല്കുന്ന വകുപ്പുകള്‍ പുതിയ നിയമത്തിലുണ്ട്.