കൈക്കൂലിക്കേസില്‍ പഞ്ചാബ് എ.എ.പി എം.എല്‍.എ അറസ്റ്റില്‍
|ഇയാളുടെ അടുത്ത സഹായി റാഷിം ഗാർഗിനെ പഞ്ചാബ് വിജിലൻസ് ബ്യൂറോ പിടികൂടിയതിന് തൊട്ടുപിന്നാലെയാണ് നിയമസഭാംഗത്തിന്‍റെ അറസ്റ്റ്
ചണ്ഡീഗഡ്: പഞ്ചാബിലെ ബത്തിൻഡ റൂറൽ സീറ്റിൽ നിന്നുള്ള എ.എ.പി എം.എൽ.എ അമിത് രത്തൻ കോട്ഫട്ടയെ കൈക്കൂലി കേസിൽ വിജിലൻസ് ബ്യൂറോ അറസ്റ്റ് ചെയ്തു. ഇയാളുടെ അടുത്ത സഹായി റാഷിം ഗാർഗിനെ പഞ്ചാബ് വിജിലൻസ് ബ്യൂറോ പിടികൂടിയതിന് തൊട്ടുപിന്നാലെയാണ് നിയമസഭാംഗത്തിന്‍റെ അറസ്റ്റ്.
ബുധനാഴ്ച വൈകിട്ട് രാജ്പുരയിൽ നിന്ന് എംഎൽഎയെ പിടികൂടിയെന്നും ഇപ്പോൾ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.ഇയാളെ റിമാൻഡ് ചെയ്യുന്നതിനായി വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. സർക്കാർ ഗ്രാന്‍റ് 25 ലക്ഷം രൂപ അനുവദിക്കുന്നതിന് പകരം പ്രതി 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുന്നതായി ആരോപിച്ച് ബട്ടിൻഡയിലെ ഗുഡ ഗ്രാമത്തലവന്‍റെ ഭർത്താവ് നൽകിയ പരാതിയെ തുടർന്നാണ് ഫെബ്രുവരി 16 ന് റാഷിം ഗാർഗിനെ അറസ്റ്റ് ചെയ്തത്.നാലുലക്ഷം രൂപയുമായി വിജിലൻസ് ബ്യൂറോയുടെ സംഘമാണ് ഗാർഗിനെ പിടികൂടിയത്.
ഗാർഗുമായി യാതൊരു ബന്ധവുമില്ലെന്ന് കോട്ഫട്ട നേരത്തെ പറഞ്ഞിരുന്നു.പഞ്ചാബിലെ ആം ആദ്മി പാർട്ടി സർക്കാരിനെ അപകീർത്തിപ്പെടുത്താൻ പ്രതിപക്ഷ പാർട്ടികൾ ശ്രമിക്കുന്നതായി അദ്ദേഹം ആരോപിച്ചിരുന്നു.