India
Punjab and Haryana High Court stays Nuh demolition drive
India

ഹരിയാനയിലെ പൊളിക്കല്‍ നടപടി നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവ്

Web Desk
|
7 Aug 2023 10:12 AM GMT

മൂന്ന് അഭിഭാഷകര്‍ സമർപ്പിച്ച ഹരജിയിലാണ് ബുള്‍ഡോസര്‍ നടപടികൾ നിർത്തിവെക്കാൻ പഞ്ചാബ് - ഹരിയാന ഹൈക്കോടതി ഉത്തരവിട്ടത്

നൂഹ്: ഹരിയാനയിലെ നൂഹ് ജില്ലയിൽ കെട്ടിടങ്ങൾ പൊളിച്ച് നീക്കുന്ന നടപടി നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. മൂന്ന് അഭിഭാഷകര്‍ സമർപ്പിച്ച ഹരജിയിലാണ് ബുള്‍ഡോസര്‍ നടപടികൾ നിർത്തിവെക്കാൻ പഞ്ചാബ് - ഹരിയാന ഹൈക്കോടതി ഉത്തരവിട്ടത്.

പൊളിക്കൽ നടപടി നാലു ദിവസം പിന്നിട്ടതിനു പിന്നാലെയാണ് ഹൈക്കോടതി ഹരജി പരിഗണിച്ചത്. നോട്ടീസ് പോലും നൽകാതെയാണ് ബുൾഡോസറുകൾ ഉപയോഗിച്ച് കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാറിനും പൊലീസിനും കോടതി നോട്ടീസ് അയച്ചു. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ പൊളിക്കല്‍ നടപടികള്‍ നിര്‍ത്തിവെക്കാനാണ് കോടതി നിര്‍ദേശം നല്‍കിയത്.

അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരെ എന്ന പേരില്‍ തുടങ്ങിയ ബുള്‍ഡോസര്‍ നടപടി ന്യൂനപക്ഷ വിഭാഗത്തെ ലക്ഷ്യമിട്ടാണെന്ന് നേരത്തെ വിമർശനം ഉയർന്നിരുന്നു. നാല് ദിവസം കൊണ്ട് 350ലേറെ കുടിലുകളും 100ലേറെ വ്യാപാര സ്ഥാപനങ്ങളുമാണ് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ച് നീക്കിയത്. എസ്കെഎം സർക്കാർ മെഡിക്കൽ കോളജിന് സമീപത്തെ മെഡിക്കല്‍ ഷോപ്പുകള്‍ ഉള്‍പ്പെടെ പൊളിച്ചുനീക്കി.

ഹരിയാന സർക്കാരിന്‍റെ നിർദേശ പ്രകാരമാണ് കെട്ടിടങ്ങൾ പൊളിച്ച് നീക്കുന്നതെന്ന് നൂഹ് ജില്ലാ കളക്ടർ അശ്വിനി കുമാർ വ്യക്തമാക്കിയിരുന്നു. ക്രിമിനൽ കേസുകളിൽ പ്രതികളായവരുടെ വീടുകൾ മുൻപ് ഉത്തർപ്രദേശിലും മധ്യപ്രദേശിലും ബി.ജെ.പി സർക്കാരുകൾ പൊളിച്ച് നീക്കിയിട്ടുണ്ട്. ആറു പേര്‍ കൊല്ലപ്പെട്ട സംഘര്‍ഷത്തിന് പിന്നാലെയാണ് കയ്യേറ്റം ഒഴിപ്പിക്കാനെന്ന പേരില്‍ ഹരിയാനയിലെ ബുള്‍ഡോസര്‍ നടപടി.

സംഘർഷങ്ങളിൽ ഹരിയാന പൊലീസ് രജിസ്റ്റർ ചെയ്ത നൂറിലേറെ എഫ്ഐആറുകളിൽ 56 എണ്ണവും നൂഹ് ജില്ലയിൽ ആണ്. ജില്ലയിൽ നിന്ന് മാത്രം 156 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കർഫ്യൂവില്‍ രാവിലെ 9 മുതൽ 1 മണി വരെ ഇളവ് അനുവദിച്ചു. ബാങ്കുകൾക്ക് 3 മണി വരെ പ്രവർത്തിക്കാം. നിലവിലുള്ള ഇന്‍റർനെറ്റ് നിരോധനം ചൊവ്വാഴ്ച വരെ നീളും.

Summary- Taking suo motu cognisance of the demolition drive in Nuh by the Haryana Government days after communal violence was reported in the district, the Punjab and Haryana High Court Monday stayed the action.

Related Tags :
Similar Posts