പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ വിവാഹിതനായി; ചിത്രങ്ങള്‍
|ഡോക്ടര്‍ ഗുർപ്രീത് കൗർ ആണ് വധു
ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ വിവാഹിതനായി. ഹരിയാന സ്വദേശിയായ ഡോക്ടര്‍ ഗുർപ്രീത് കൗർ ആണ് വധു. ചണ്ഡിഗഢില്‍ ഭഗവന്ത് മന്നിന്റെ വസതിയിൽ നടന്ന ലളിതമായ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ആം ആദ്മി പാർട്ടി എംപി രാഘവ് ഛദ്ദയും വധൂവരന്മാര്‍ക്ക് ആശംസകളുമായി എത്തി.
കുടുംബപരമായി ഭഗവന്ത് മന്നും ഗുർപ്രീത് കൗറും പരിചയക്കാരാണ്. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഗുർപ്രീത് കൗര്‍ പങ്കെടുത്തിരുന്നു.
"ഇന്ന് എന്‍റെ ഇളയ സഹോദരനും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഭഗവന്ത് മൻ ജി വിവാഹിതനായി ഒരു പുതിയ തുടക്കം കുറിക്കുന്ന ദിവസമാണ്. വലിയ സന്തോഷത്തിന്റെ ദിവസമാണിന്ന്"- അരവിന്ദ് കെജ്‌രിവാൾ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
48കാരനായ ഭഗവന്ത് മന്നിന്റെ രണ്ടാം വിവാഹമാണിത്. ആറു വർഷം മുന്‍പാണ് വിവാഹമോചിതനായതാണ്. ഈ ബന്ധത്തിൽ രണ്ടു കുട്ടികളുണ്ട്. മക്കൾ മുൻ ഭാര്യയോടൊപ്പം യു.എസ്സിലാണ് താമസം. ഭഗവന്ത് മന്നിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ അവരെത്തിയിരുന്നു.
"അദ്ദേഹം വീണ്ടും വിവാഹം കഴിച്ച് കുടുംബമായി താമസിക്കണമെന്നായിരുന്നു അമ്മയുടെ സ്വപ്നം. ഞാൻ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. ദൈവം ദമ്പതികളെ അനുഗ്രഹിക്കട്ടെ"- വിവാഹത്തിന് ശേഷം രാഘവ് ഛദ്ദ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം നേടിയാണ് ഭഗവന്ത് മൻ സർക്കാർ പഞ്ചാബിൽ അധികാരത്തിലെത്തിയത്. 117 അംഗ നിയമസഭയിൽ 92 സീറ്റുകളും എ.എ.പി സ്വന്തമാക്കിയിരുന്നു. രാഷ്ട്രീയ പ്രവേശനത്തിന് മുമ്പ് നടനായും സ്റ്റാൻഡ് അപ്പ് കൊമേഡിയനായും തിളങ്ങിയ ആളാണ് ഭഗവന്ത് മൻ. 2014 മുതൽ സംഗ്രൂരിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു. മുഖ്യമന്ത്രിയായതോടെ എംപി സ്ഥാനം രാജിവെച്ചു.