India
പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നി ഇന്ന് രാജി വച്ചേക്കും
India

പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നി ഇന്ന് രാജി വച്ചേക്കും

Web Desk
|
10 March 2022 5:51 AM GMT

ഗവർണർ ബൻവാരിലാൽ പുരോഹിതിനെ കണ്ട് രാജി സമർപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നി ഉടൻ തന്നെ പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിതിനെ കണ്ട് രാജി സമർപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാവിലെയാണ് മുഖ്യമന്ത്രി ചണ്ഡിഗഡിലെ ഔദ്യോഗിക വസതിയിൽ എത്തിയത്. പഞ്ചാബിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെയാണ് രാജി സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്.

മത്സരിച്ച ചാംകൗർ സാഹിബ്, ബദൗർ എന്നീ രണ്ട് മണ്ഡലങ്ങളിൽ ഛന്നി പിന്നിലാണ്.ആം ആദ്മി പാർട്ടി സ്ഥാനാർഥി ചരൺജിത് സിംഗ് ചാംകൗർ സാഹിബിൽ ലീഡ് ചെയ്യുമ്പോൾ പാർട്ടിയുടെ ലഭ് സിംഗ് ഉഗോകെ ബദൗർ സീറ്റിൽ മുന്നിലാണ്. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദുവും അകാലിദൾ നേതാവ് ബിക്രം സിംഗ് മജീതിയയും അമൃത്‌സർ ഈസ്റ്റിൽ പിന്നിലാണ്. ആം ആദ്മി പാർട്ടി സ്ഥാനാർഥി ജീവൻജ്യോത് കൗറാണ് ഇവിടെ ലീഡ് ചെയ്യുന്നത്. അമൃത്‌സറിലെ അമൃത്‌സർ ഈസ്റ്റ് മണ്ഡലത്തിലാണ് സംസ്ഥാനം ഉറ്റുനോക്കുന്ന പോരാട്ടം നടക്കുന്നത്.

117 അംഗ നിയമസഭയിൽ കോൺഗ്രസിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളിക്കൊണ്ട് പഞ്ചാബില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ച അരവിന്ദ് കേജ്‌രിവാളിന്‍റെ പാർട്ടിക്ക് വലിയ വിജയം എക്‌സിറ്റ് പോൾ പ്രവചിച്ചിരുന്നു. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര തര്‍ക്കങ്ങള്‍ തന്നെയാണ് പഞ്ചാബില്‍ കോണ്‍ഗ്രസിന്‍റെ അടിവേരറുത്തിരിക്കുന്നത്. മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗും പിസിസി അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള തര്‍ക്കമുള്‍പ്പെടയുള്ള ആഭ്യന്തര മത്സരങ്ങള്‍ എപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

Similar Posts