India
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ ക്രിക്കറ്റ് കളി; ഇതൊക്കെ പ്രതിച്ഛായ മെച്ചപ്പെടുത്താനെന്ന് വിമർശകർ
India

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ ക്രിക്കറ്റ് കളി; ഇതൊക്കെ പ്രതിച്ഛായ മെച്ചപ്പെടുത്താനെന്ന് വിമർശകർ

Web Desk
|
9 Feb 2022 2:33 PM GMT

മഞ്ഞ തലപ്പാവും അതേ നിറത്തിലുള്ള സ്വെറ്ററും ധരിച്ച് അദ്ദേഹം ബാറ്റ് ചെയ്യുന്ന വീഡിയോ എ.എൻ.ഐ യാണ് ട്വിറ്ററിൽ പങ്കുവെച്ചത്

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ യുവാക്കൾക്കൊപ്പം ക്രിക്കറ്റ് കളിച്ച് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ഛന്നി. ബർണാല ജില്ലയിലെ അസ്പൽ ഖുർദ് ഗ്രാമത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെയാണ് ഛന്നി ക്രിക്കറ്റ് കളിക്കാനെത്തിയത്. എന്നാൽ ഇത് ഛ്ന്നിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ശ്രമമായിരുന്നു എന്നാണ് വിമർശകരുടെ വാദം.

മഞ്ഞ തലപ്പാവും അതേ നിറത്തിലുള്ള സ്വെറ്ററും ധരിച്ച് അദ്ദേഹം ബാറ്റ് ചെയ്യുന്ന വീഡിയോ എ.എൻ.ഐ യാണ് ട്വിറ്ററിൽ പങ്കുവെച്ചത്.

യുവാക്കൾക്കൊപ്പം ക്രിക്കറ്റ് കളിച്ച ഛന്നി പ്രായമായവർക്കൊപ്പവും വിനോദത്തിലേർപ്പെടുന്ന കാഴ്ച ദൃശ്യത്തിൽ നിന്നും വ്യക്തമാണ്. പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ചൊല്ലി കോൺഗ്രസിൽ തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ചരൺജിത്ത് സിങ് ഛന്നിയെ പ്രഖ്യാപിച്ചത്.

മുൻ മുഖ്യമന്ത്രി അമരീന്ദർ സിങിൽ നിന്നും ഒരുപാട് വ്യത്യസ്തനാണ് ഛന്നിയെന്ന് പഞ്ചാബ് കോൺഗ്രസിലെ പലർക്കും അഭിപ്രായമുണ്ട്. ചുരുങ്ങിയ കാലംകൊണ്ട് തന്നെ ജനകീയനായ മുഖ്യമന്ത്രിയായി അദ്ദേഹത്തിന് മാറാൻ കഴിഞ്ഞെന്ന് രാഷ്ട്രീയ നിരീക്ഷകരടക്കം പറയുന്നു.

പഞ്ചാബിലെ ആദ്യത്തെ ദളിത് മുഖ്യമന്ത്രിയാണ് ചരൺജിത്ത് സിങ് ഛന്നി. നിയമസഭ തെരഞ്ഞെടുപ്പിലും 2024 ൽ നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലും പട്ടികജാതി വോട്ടർമാരെ ആകർഷിക്കാൻ ഇതുവഴി സാധിക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 32 ശതമാനം ദളിതരാണ്.

ഛന്നി ലുധിയാനയിലെ ഓട്ടോറിക്ഷ തൊഴിലാളികളെ കണ്ട് അവരുടെ പരാതികൾ കേൾക്കുകയും ചെയ്തിരുന്നു. പരാതികൾക്കെല്ലാം പരിഹാരമുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നൽകുകയും ചെയ്തു. രാഹുൽ ഗാന്ധി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഛന്നിയെ പ്രഖ്യാപിക്കുമ്പോൾ സാധാരണക്കാരുടെ നേട്ടത്തിനും പുരോഗതിക്കുമായി പ്രവർത്തിക്കുന്ന 'പാവം മുഖ്യമന്ത്രി'യെന്നാണ് വിശേഷിപ്പിച്ചത്. അതേസമയം പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും നേതാവാണ് താനെന്നും വരേണ്യവർഗത്തിന്റെ സ്വാർത്ഥ താൽപ്പര്യങ്ങൾക്കു വേണ്ടി പ്രവർത്തിക്കില്ലെന്നും ഛന്നി പറഞ്ഞു.

അനധികൃത മണൽ ഖനനവുമായി ബന്ധപ്പെട്ട കേസിൽ മരുമകൻ അറസ്റ്റിലാവുകയും അദ്ദേഹത്തിന്റെ വസതിയിൽ നിന്ന് വൻതുക കണ്ടെത്തുകയും ചെയ്തതിനെ തുടർന്ന് പഞ്ചാബ് മുഖ്യമന്ത്രി അടുത്തിടെ രൂക്ഷമായ വിമർശനം നേരിട്ടിരുന്നു. 'മണൽ മാഫിയ' എന്ന് വിളിച്ച് ആം ആദ്മി പാർട്ടി അദ്ദേഹത്തെ ആക്ഷേപിക്കുകയും ചെയ്തു. എന്നാൽ തന്റെ മരുമകനെതിരെ നടന്ന റെയ്ഡുകൾ രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു ഛന്നി വിമർശകർക്ക് നൽകിയ മറുപടി.

Similar Posts