India
Punjab Man Dies Fighting For Russian Army, Family Wants To Bring Back Body
India

റഷ്യൻ സൈന്യത്തിൽ ചേർന്ന ഇന്ത്യക്കാരൻ യുക്രൈനെതിരായ യുദ്ധത്തിനിടെ കൊല്ലപ്പെട്ടു

Web Desk
|
12 Jun 2024 12:45 PM GMT

30കാരനായ സിങ്ങിന്റെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല.

അമൃത്സർ: റഷ്യൻ സൈന്യത്തിൽ ചേർന്ന് യുക്രൈനെതിരെ യുദ്ധം ചെയ്ത ഇന്ത്യക്കാരനായ യുവാവ് കൊല്ലപ്പെട്ടു. പഞ്ചാബ് അമൃത്സറിലെ പാലംവിഹാർ സ്വദേശിയായ തേജ്പാൽ സിങ് (30) ആണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞവർഷം ഡിസംബറിൽ തായ്ലൻഡിലേക്ക് ജോലി തേടി പോയതായിരുന്നു തേജ്പാൽ സിങ്ങെന്ന് ഭാര്യ പർമീന്ദർ കൗർ പറഞ്ഞു. 'എന്നാൽ കുറച്ചുദിവസത്തിന് ശേഷം അദ്ദേഹവും കുറച്ച് കൂട്ടുകാരും റഷ്യയിലേക്ക് പോവുകയും സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുകയും ചെയ്തു. രണ്ട് ദിവസം മുമ്പ്, ഭർത്താവിൻ്റെ ഒരു സുഹൃത്ത് വിളിച്ച് അദ്ദേഹം യുക്രൈയ്നിലെ യുദ്ധക്കളത്തിൽ കൊല്ലപ്പെട്ടതായി എന്നോട് പറഞ്ഞു'- കൗർ വ്യക്തമാക്കി.

ടൂറിസ്റ്റ് വിസയിൽ റഷ്യയിലേക്ക് പോയ സിങ് മാർച്ചിലാണ് കൊല്ലപ്പെട്ടതെന്നും എന്നാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തെത്തുടർന്ന് മരണവിവരം വളരെ വൈകിയാണ് പുറത്തുവന്നതെന്നും ഭാര്യ പറഞ്ഞു. 30കാരനായ തേജ്പാൽ സിങ്ങിന്റെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല. മൃതദേഹം റഷ്യയിൽ തന്നെയുണ്ടോ അതോ യുക്രൈന്റെ കസ്റ്റഡിയിലാണോ എന്ന കാര്യം ആർക്കുമറിയില്ലെന്നും കൗർ പറഞ്ഞു.

അന്ത്യകർമങ്ങൾക്കായി അദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് അഭ്യർഥിച്ച് വിദേശകാര്യ മന്ത്രാലയത്തിനും റഷ്യൻ സൈന്യത്തിനും തങ്ങൾ കഴിഞ്ഞദിവസം ഇ- മെയിൽ അയച്ചതായും ഭാര്യ വ്യക്തമാക്കി. തേജ്പാലിന്റെ മരണത്തോടെ റഷ്യൻ സൈന്യത്തിനൊപ്പം ചേരുകയും തുടർന്ന് കൊല്ലപ്പെടുകയും ചെയ്ത ഇന്ത്യക്കാരുടെ എണ്ണം നാലായെന്ന് ഇന്ത്യൻ അധികൃതർ പറഞ്ഞു.

അദ്ദേഹത്തിൻ്റെ മൃതദേഹം എത്രയും വേ​ഗം നാട്ടിലെത്തിക്കാൻ മോസ്‌കോയിലെ ഇന്ത്യൻ എംബസി റഷ്യൻ പ്രതിരോധ മന്ത്രാലയം ഉൾപ്പെടെയുള്ള അധികൃതരോട് സമ്മർദം ചെലുത്തിയതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിഷയം റഷ്യയോട് ശക്തമായി ഉന്നയിച്ചിട്ടുണ്ടെന്നും റഷ്യൻ സൈന്യത്തിനൊപ്പമുള്ള എല്ലാ ഇന്ത്യൻ പൗരന്മാരെയും ഉടൻ തന്നെ മോചിപ്പിക്കാനും തിരികെയെത്തിക്കാനും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

മാർച്ചിൽ, 30കാരനായ ഹൈദരാബാദ് സ്വദേശി മുഹമ്മദ് അസ്ഫാൻ യുക്രൈനുമായുള്ള യുദ്ധത്തിനിടെ പരിക്കേറ്റ് മരണത്തിന് കീഴടങ്ങിയിരുന്നു. ഫെബ്രുവരിയിൽ, ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ ഹേമൽ അശ്വിൻഭായ് മംഗുവ എന്ന 23കാരനും ഡൊനെറ്റ്സ്ക് മേഖലയിൽ സേവനമനുഷ്ഠിക്കുന്നതിനിടെ യുക്രൈൻ വ്യോമാക്രമണത്തിൽ മരിച്ചിരുന്നു.

Similar Posts