India
പൊലീസ് സ്റ്റേഷനിൽ ഡിഐജിയുടെ മിന്നൽ പരിശോധന; ഒരാളൊഴികെ എല്ലാവരും വീട്ടിൽ സുഖനിദ്ര; പിന്നാലെ നടപടി
India

പൊലീസ് സ്റ്റേഷനിൽ ഡിഐജിയുടെ മിന്നൽ പരിശോധന; ഒരാളൊഴികെ എല്ലാവരും വീട്ടിൽ സുഖനിദ്ര; പിന്നാലെ നടപടി

Web Desk
|
19 Jun 2024 1:09 PM GMT

പൊലീസിന്റെ ഡ്യൂട്ടി പ്രോട്ടോക്കോൾ എല്ലാ ഉദ്യോഗസ്ഥരും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയായിരുന്നു അപ്രതീക്ഷിത സന്ദർശനത്തിന്റെ ലക്ഷ്യം.

ചണ്ഡീ​ഗഢ്: പൊലീസ് സ്റ്റേഷനിൽ സർപ്രൈസായി പരിശോധനയ്ക്കെത്തിയതാണ് ഡിഐജിയുടെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് സംഘം. എന്നാൽ സ്റ്റേഷനിൽ ആളും അനക്കവുമില്ല. ആകെയുള്ളത് ഒരു കോൺ​സ്റ്റബിൾ മാത്രം. കൈയിലാണെങ്കിൽ ആയുധവുമില്ല. ബാക്കിയെല്ലാവരും വീട്ടിൽ പോയി സുഖമായുറക്കം.

പഞ്ചാബിലെ ഹോഷിയാർപൂരിലെ തൻ‍ഡ പൊലീസ് സ്റ്റേഷനിലായിരുന്നു ജലന്ധർ റേഞ്ച് ഡിഐജി ഹർമൻബീർ സിങ് ​ഗില്ലും സംഘവും മിന്നൽ പരിശോധനയ്ക്കെത്തിയത്. ചൊവ്വാഴ്ച രാവിലെ 7.30ഓടെയായിരുന്നു ഇത്.

പഞ്ചാബ് പൊലീസിന്റെ ഡ്യൂട്ടി പ്രോട്ടോക്കോൾ എല്ലാ ഉദ്യോ​ഗസ്ഥരും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയായിരുന്നു അപ്രതീക്ഷിത സന്ദർശനത്തിൻ്റെ ലക്ഷ്യം. സ്റ്റേഷനിലെത്തിയപ്പോൾ അവിടെ ഉദ്യോ​ഗസ്ഥരാരും ഉണ്ടായിരുന്നില്ലെന്നും എസ്എച്ച്ഒയും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടും അവരവരുടെ വസതികളിൽ ഉറങ്ങുകയായിരുന്നെന്നും ഡിഐജിയുടെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

തുടർന്ന്, കൃത്യനിർവഹണത്തിലെ വീഴ്ചയും മേൽനോട്ടക്കുറവും ചൂണ്ടിക്കാട്ടി എസ്എച്ച്ഒയെ സസ്പെൻഡ് ചെയ്തു. പരിശോധനയിൽ ഡ്യൂട്ടി പ്രോട്ടോക്കോളിൽ കാര്യമായ വീഴ്ചകൾ കണ്ടെത്തിയെന്നും സേനയിൽ അടിയന്തര പരിഷ്കരണം ആവശ്യമാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.

പൊലീസ് സേനയ്ക്കുള്ളിൽ സുതാര്യതയും ഉത്തരവാദിത്തവും കാര്യക്ഷമതയും വർധിപ്പിക്കാനുള്ള നടപടിയുടെ ഭാഗമാണ് മിന്നൽ പരിശോധന. പൊലീസിങ്ങിന്റെ നിലവാരം ശക്തിപ്പെടുത്തുകയും പഞ്ചാബിലെ പൗരന്മാർക്ക് ലഭിക്കേണ്ട സേവനവും സുരക്ഷയും ഉറപ്പാക്കലുമാണ് ഇത്തരം സന്ദർശനങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്നും പ്രസ്താവനയിൽ വിശദമാക്കുന്നു.

ഏത് സമയത്തും ഡിഎസ്പി ഓഫീസുകളിലും പൊലീസ് സ്റ്റേഷനുകളിലും ഇത്തരം സർപ്രൈസ് പരിശോധനകൾ ഉണ്ടാകാമെന്നും മികച്ച പ്രകടനം നടത്തുന്ന ഉദ്യോഗസ്ഥർക്ക് പാരിതോഷികം നൽകുമെന്നും നിയമം ലംഘിക്കുന്നവർ ശിക്ഷിക്കപ്പെടുമെന്നും ഡിഐജി ഗിൽ കൂട്ടിച്ചേർത്തു.

Similar Posts