ബുള്ളറ്റ് പ്രൂഫ് വാഹനം, 100 പൊലീസുകാർ; ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്ണോയിയെ പഞ്ചാബിലെത്തിക്കുന്നത് വന്‍സുരക്ഷയില്‍
|ഡല്‍ഹി പൊലീസിന്‍റെ കസ്റ്റഡിയില്‍ തിഹാര്‍ ജയിലിലാണ് ഇപ്പോള്‍ പ്രതിയുള്ളത്.
പഞ്ചാബ്: പഞ്ചാബി ഗായകന്‍ സിദ്ധു മൂസെവാലയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഗ്യാങ്സറ്ററുമായ ലോറന്‍സ് ബിഷ്ണോയിയെ പഞ്ചാബിലെത്തിക്കുന്നത് കനത്ത സുരക്ഷയില്‍. ലോറന്‍സ് ബിഷ്‌ണോയിയെ കസ്റ്റഡിയില്‍ വാങ്ങാനാണ് വന്‍ സുരക്ഷാ സന്നാഹമൊരുക്കുന്നത്. ഡല്‍ഹി പൊലീസിന്‍റെ കസ്റ്റഡിയില്‍ തിഹാര്‍ ജയിലിലാണ് ഇപ്പോള്‍ പ്രതിയുള്ളത്. കേസില്‍ ബിഷ്ണോയിയെ പഞ്ചാബ് കോടതി ഏഴ് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. കേസിലെ മുഖ്യപ്രതിയാണ് ലോറന്‍സ് ബിഷ്ണോയ്.
ബുള്ളറ്റ് പ്രൂഫ് വാഹനത്തിലാണ് പ്രതിയെ പഞ്ചാബിലെത്തിക്കുന്നത്. രണ്ട് ഡസൻ വാഹനങ്ങൾ അടങ്ങുന്ന വാഹനവ്യൂഹത്തിൽ നൂറോളം പൊലീസുകാർ പ്രതിയെ അനുഗമിക്കുന്നുണ്ട്. പ്രതിയെ കൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ മുഴുവന്‍ റെക്കോര്‍ഡ് ചെയ്യുമെന്നും പഞ്ചാബിലെ അഡ്വക്കേറ്റ് ജനറലായ അന്‍മോല്‍ രത്തന്‍ സിദ്ദു കോടതിയെ അറിയിച്ചു.മൊഹാലിയിൽ, പഞ്ചാബ് പൊലീസും ഗുണ്ടാ വിരുദ്ധ ടാസ്‌ക് ഫോഴ്‌സും മറ്റ് ഏജൻസികളും രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘവും (എസ്‌ഐടി) ബിഷ്‌ണോയിയെ ചോദ്യം ചെയ്യും.
പഞ്ചാബ് പൊലീസ് ലോറൻസ് ബിഷ്‌ണോയിയെ ബുധനാഴ്ച പുലർച്ചെ മാനസ കോടതിയിൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയിരുന്നു. സിദ്ധു മൂസെവാല കേസ് അന്വേഷിക്കുന്ന എസ്ഐടി ലോറൻസ് ബിഷ്‌ണോയിയെ അറസ്റ്റ് ചെയ്യാൻ കോടതിയുടെ അനുമതി തേടാൻ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാല്‍ പ്രാദേശിക മാൻസ കോടതി അതിനോടകം തന്നെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
മൂസെവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ലോറൻസ് ബിഷ്‌ണോയി സംഘത്തിന്‍റെ പേര് ഉയർന്നതിന് പിന്നാലെ, ജയിലിൽ കഴിയുന്ന ലോറന്‍സ് ബിഷ്ണോയിക്ക് സുരക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ ഡൽഹി പട്യാല കോടതിയിൽ അപേക്ഷ നല്‍കിയിരുന്നു. ബിഷ്ണോയിയെ പൊലീസ് വ്യാജ ഏറ്റമുട്ടലില്‍ കൊലപ്പെടുത്തിയേക്കാമെന്നായിരുന്നു അഭിഭാഷകന്‍ ആരോപിച്ചിരുന്നു.
#WATCH | Punjab police bring gangster Lawrence Bishnoi to Mansa district, Punjab
— ANI (@ANI) June 14, 2022
He will be presented before Chief Judicial Magistrate in Mansa court in connection with Sidhu Moose Wala murder case today. pic.twitter.com/bhO7KGT8sO