സിദ്ദുവിനെ തള്ളണോ കൊള്ളണോ? ത്രിശങ്കുവില്‍ ഹൈക്കമാന്‍ഡ്; രഹസ്യ നീക്കങ്ങളുമായി അമരീന്ദർ സിങ്ങും
|ദേശീയ നേതൃത്വവുമായി കലഹിച്ച് നിൽക്കുന്ന അമരീന്ദർ സിങ്ങ് ഇന്ന് ജി 23 നേതാക്കളെ കണ്ടേക്കും.
പഞ്ചാബ് പി.സി.സി അദ്ധ്യക്ഷൻ നവജ്യോത് സിങ്ങ് സിദ്ദുവിന്‍റെ രാജി കാര്യത്തിൽ തീരുമാനം എടുക്കാതെ ഹൈക്കമാന്‍ഡ്. സിദ്ദു മുൻപോട്ട് വെച്ച നിബന്ധനകൾ അംഗീകരിച്ച് പോകേണ്ടതില്ലന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം. അതേസമയം ദേശീയ നേതൃത്വവുമായി കലഹിച്ച് നിൽക്കുന്ന അമരീന്ദർ സിങ്ങ് ഇന്ന് ജി 23 നേതാക്കളെ കണ്ടേക്കും.
പഞ്ചാബ് പി.സി.സി അധ്യക്ഷ ചുമതലയിൽ നിന്ന് രാജി വെച്ച സിദ്ധുവിനോട് അനുരഞ്ജന ചർച്ച വേണ്ട എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഹൈക്കമാന്‍ഡ്. രാജി കാര്യത്തിൽ ഇന്നലെ തീരുമാനം പറയണമെന്നായിരുന്നു സിദ്ദുവിന് ഹൈക്കമാന്റ് നൽകിയ അന്ത്യശാസനം. തീരുമാനത്തിൽ ഒരു മാറ്റവുമുണ്ടാവില്ലെന്ന് സിദ്ദുവും ഹൈക്കമാന്‍ഡിനെ അറിയിച്ചു. മന്ത്രിസഭയിലും ഉദ്യോഗസ്ഥ തലത്തിലും അഴിച്ചു പണി വേണമെന്ന സിദ്ദുവിന്‍റെ ആവശ്യം സോണിയ ഗാന്ധിയും അംഗീകരിച്ചില്ല..
അങ്ങനെയെങ്കിൽ സിദ്ദുവിന്‍റെ രാജി സ്വീകരിച്ച് മറ്റൊരു പേരിലേക്ക് ഹൈക്കമാന്‍ഡ് ഇന്നോ നാളെയോ എത്തുമെന്നാണ് ലഭിക്കുന്ന സൂചന. ചരൺ ചിത്ത് സിങ് ചന്നിയ്ക്ക് പൂർണ്ണ പിന്തുണ നൽകിയ ഹൈക്കമാന്‍ഡ് മുഖ്യമന്ത്രി നയിക്കട്ടെ എന്ന നിലപാടിലാണുളളത്. ഇതിനിടെയാണ് പഞ്ചാബിലെ കോൺഗ്രസ് പ്രതിസന്ധിയിൽ ദേശീയ നേതൃത്വത്തിനെ വിമർശിച്ച് കൂടുതൽ നേതാക്കൾ രംഗത്ത് വരുന്നത്. ഹൈക്കമാന്‍ഡ് വിശ്വസ്തരായി കരുതുന്നവർ പാർട്ടി വിട്ടു പോകുന്നുവെന്നും കോൺഗ്രസ് നേതൃത്വം തിരുത്തലുകൾ നടത്തണമെന്നും കഴിഞ്ഞ ദിവസം കപിൽ സിബൽ ആവശ്യപ്പെട്ടിരുന്നു. ഈ പ്രസ്ഥാവനയ്ക്ക് എതിരെ വലിയ പ്രതിഷേധമാണ് അദേഹത്തിന്‍റെ വീട്ടിലേയ്ക്ക് നടന്നത്. മുദ്രാവാക്യങ്ങളുമായി എത്തിയ പ്രവർത്തകർ കബിൽ സിബലിന്‍റെ കാര്‍ നശിപ്പിച്ചു.
കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹാരിക്കാൻ അടിയന്തരമായി വർക്കിങ് കമ്മിറ്റി വിളിയ്ക്കണമെന്ന് ഗുലാം നബി അസാദ് സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടു. ഇന്നലെ അമിത് ഷായെ നേരിൽ കണ്ട് അമരീന്ദർ സിങും കോൺഗ്രസ് ക്യാമ്പിനെ സമ്മർദ്ദത്തിലാക്കി. അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ച്ച കർഷക സമരവുമായി ബന്ധപ്പെടാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ടെങ്കിലും രാഷ്ട്രീയ പ്രവേശനത്തിന്‍റെ സാധ്യതയും അമരീന്ദർ ക്യാമ്പ് തള്ളുന്നില്ല. കോൺഗ്രസിൽ വിഭിന്ന സ്വരങ്ങൾ ഉയർത്തുന്ന ജി 23 നേതാക്കളെ കണ്ട് അവരുടെ പിന്തുണ ഉറപ്പിക്കാനും അമരീന്ദർ സിങ്ങ് ഇന്ന് ശ്രമിച്ചേക്കും.