'പഞ്ചാബ് പൊരുതും': കേന്ദ്രത്തിന്റെ ചണ്ഡിഗഡ് പ്രഖ്യാപനത്തിനെതിരെ ഭഗവന്ത് മന്
|ചണ്ഡിഗഡിനു മേല്‍ പഞ്ചാബിനുള്ള അധികാരത്തെ ഇല്ലാതാക്കാനുള്ള നീക്കമാണു ബിജെപി നടത്തുന്നതെന്നാണ് പരാതി.
ചണ്ഡിഗഡ്: ചണ്ഡിഗഡിലെ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്കു കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ അതേ ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തിനെതിരെ പഞ്ചാബ് സര്‍ക്കാര്‍. അമിത് ഷായുടെ ഇടപെടൽ രാജ്യത്തെ ഫെഡറൽ സംവിധാനത്തിന് എതിരാണെന്ന് എഎപി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ചണ്ഡിഗഡിനു മേല്‍ പഞ്ചാബിനുള്ള അധികാരത്തെ ഇല്ലാതാക്കാനുള്ള നീക്കമാണു ബിജെപി നടത്തുന്നതെന്നാണ് പരാതി.
"ചണ്ഡിഗഡ് ഭരണത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ കേന്ദ്രസർക്കാർ പടിപടിയായി അടിച്ചേൽപ്പിക്കുന്നു. ഇത് 1966ലെ പഞ്ചാബ് പുനഃസംഘടന നിയമത്തിന്റെ അന്തസത്തയ്ക്ക് എതിരാണ്. ചണ്ഡിഗഡിന് മേലുള്ള അവകാശത്തിനായി പഞ്ചാബ് ശക്തമായി പോരാടും"- മുഖ്യമന്ത്രി ഭഗവന്ത് മന് വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചണ്ഡിഗഡിനെ സംബന്ധിച്ച നിര്‍ണായക പ്രഖ്യാപനം നടത്തിയത്. അഡ്മിനിസ്ട്രേഷനിലെ ജീവനക്കാരുടെ സേവന വ്യവസ്ഥകൾ കേന്ദ്ര സർവീസിന് തുല്യമാക്കുമെന്നും വിരമിക്കൽ പ്രായം 58ൽ നിന്ന് 60 ആയി ഉയർത്തുമെന്നുമാണ് ഞായറാഴ്ച അമിത് ഷാ പ്രഖ്യാപിച്ചത്. ചണ്ഡിഗഡ് പൊലീസിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുമ്പോഴായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം.
കോൺഗ്രസ് പഞ്ചാബ് ഭരിച്ചപ്പോൾ ചണ്ഡിഗഡിനുമേൽ പഞ്ചാബിനുള്ള നിയന്ത്രണാധികാരത്തെ തൊടാതിരുന്ന അമിത് ഷാ, ആം ആദ്മി പഞ്ചാബിൽ സർക്കാർ രൂപീകരിച്ചതിനു തൊട്ടുപിന്നാലെ പുതിയ ഇടപെടലുകളുമായി രംഗത്തെത്തിയെന്ന് എഎപി നേതാവ് മനീഷ് സിസോദിയ ആരോപിച്ചു. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തോല്‍വിക്ക് പിന്നാലെയാണ് പഞ്ചാബിനെതിരെ കേന്ദ്രത്തിന്റെ പ്രതികാര നടപടികളെന്ന് എ.എ.പി നേതാക്കള്‍ ആരോപിക്കുന്നു.
പഞ്ചാബിന്റെയും ഹരിയാനയുടെയും സംയുക്ത തലസ്ഥാനമായ ചണ്ഡിഗഡിലെ യു.ടി അഡ്മിനിസ്ട്രേഷനിൽ 60 ശതമാനം ജീവനക്കാർ പഞ്ചാബിൽനിന്നും ബാക്കി ഹരിയാനയിൽ നിന്നുമാണ്. യു.ടി അഡ്മിനിസ്ട്രേഷനിൽ പഞ്ചാബിലെ നിയമങ്ങളാണ് ബാധകം. കേന്ദ്രത്തിന്റെ തീരുമാനം പഞ്ചാബിന്റെ അധികാരങ്ങൾക്കുമേലുള്ള കടന്നുകയറ്റമാണെന്ന് ശിരോമണി അകാലിദള്‍ നേതാക്കള്‍ പ്രതികരിച്ചു. കോണ്‍ഗ്രസും കേന്ദ്രനീക്കത്തെ എതിര്‍ത്ത് രംഗത്തെത്തി.