India
Punjabi-Spanish couple attacked in Himachal Pradesh following Kangana Ranaut slap row
India

'കങ്കണയെ അടിച്ചതിനു തിരിച്ചടി'; ഹിമാചലില്‍ സിഖ് വംശജനെയും സ്പാനിഷ് വംശജയായ ഭാര്യയെയും ക്രൂരമായി മര്‍ദിച്ച് ആള്‍ക്കൂട്ടം

Web Desk
|
16 Jun 2024 9:25 AM GMT

150ഓളം പേര്‍ ചേര്‍ന്നാണു കങ്കണയോട് ചെയ്തതിനുള്ള തിരിച്ചടി എന്നു പറഞ്ഞ് യുവാവിനെയും ഭാര്യയെയും ക്രൂരമായി മര്‍ദിച്ചത്

ഷിംല: ഹിമാചല്‍പ്രദേശില്‍ സിഖ് വംശജനും സ്പാനിഷ് പൗരയായ ഭാര്യയ്ക്കും നേരെ ആള്‍ക്കൂട്ട ആക്രമണം. ഹിമാചലിലെ ഡാല്‍ഹൗസിയില്‍ അവധിക്കാലം ചെലവഴിക്കാനെത്തിയ കവാല്‍ജീത് സിങ്ങിനെയും ഭാര്യയെയുമാണ് 150ഓളം പേര്‍ ചേര്‍ന്നു ക്രൂരമായി മര്‍ദിച്ചത്. യുവാവിന്റെ കൈക്കും തലയ്ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. മാണ്ഡിയില്‍നിന്നുള്ള നിയുക്ത എം.പി കങ്കണ റണാവത്തിനെ ചണ്ഡിഗഢ് വിമാനത്താവളത്തില്‍ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ കരണത്തടിച്ച സംഭവം പറഞ്ഞായിരുന്നു ആക്രമണമെന്ന് റിപ്പോര്‍ട്ടുണ്ട്. സംഭവത്തിനെതിരെ കോണ്‍ഗ്രസ്, ശിരോമണി അകാലിദള്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ രംഗത്തെത്തി.

പഞ്ചാബ് സ്വദേശിയായ കവാല്‍ജീത് സിങ് 25 വര്‍ഷത്തോളമായി സ്‌പെയിനിലാണ് കഴിയുന്നത്. സ്പാനിഷ് പൗരയെയാണു വിവാഹം കഴിച്ചതും. രണ്ട് ആഴ്ച മുന്‍പാണു നാട്ടില്‍ ബിസിനസ് ആരംഭിക്കുക എന്ന ലക്ഷ്യങ്ങളോടെ പഞ്ചാബിലെത്തിയത്. ഇതിനിടയില്‍ അവധിക്കാലം ചെലവഴിക്കാനായി ഭാര്യയ്ക്കും സഹോദരനുമൊപ്പം ഹിമാചലിലെ ഡാല്‍ഹൗസിയില്‍ പോയതായിരുന്നു.

ഇവിടെ കാര്‍ പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ടു നാട്ടുകാരുമായി തര്‍ക്കമുണ്ടായിരുന്നതായി കവാല്‍ജീത് പറഞ്ഞു. കുറച്ചുകഴിഞ്ഞ് നാട്ടുകാര്‍ കൂടുതല്‍ ആളുകളുമായെത്തി ആക്രമണം തുടങ്ങി. ക്രൂരമായ മര്‍ദനം കണ്‍മുന്നില്‍ കണ്ടിട്ടും പൊലീസ് ഇടപെട്ടില്ല. സംഭവം ഭാര്യ മൊബൈലില്‍ പകര്‍ത്തിയിരുന്നെങ്കിലും പൊലീസ് ഇടപെട്ട് ഡിലീറ്റ് ചെയ്യിക്കുകയും ചെയ്തായി ഇദ്ദേഹം ആരോപിക്കുന്നു. കങ്കണയുമായി ബന്ധപ്പെട്ടു നടക്കുന്ന രാഷ്ട്രീയ വിവാദങ്ങളെ കുറിച്ചൊന്നും അറിയുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ആക്രമണത്തില്‍ മാനസിക സംഘര്‍ഷത്തിലാണു ഭാര്യ. ഇതുവരെയും അതിന്റെ ആഘാതത്തില്‍നിന്നു മുക്തയാകാന്‍ കഴിഞ്ഞിട്ടില്ല. ഇവിടെ ജീവിക്കാന്‍ പേടി കാരണം സ്‌പെയിനിലേക്കു തിരിച്ചുപോകണമെന്നാണ് അവള്‍ ആവശ്യപ്പെടുന്നതെന്നും കവാല്‍ജീത് പറഞ്ഞു. ഒരു വശത്ത് രാഷ്ട്രീയക്കാര്‍ പഞ്ചാബികളോട് നാട്ടിലേക്കു തിരിച്ചെത്താന്‍ ആവശ്യപ്പെടുമ്പോഴാണ് ഇത്തരമൊരു സംഭവം. ഇത്തരം സാഹചര്യങ്ങളില്‍ എങ്ങനെ ആളുകള്‍ നാട്ടിലേക്കു തിരിച്ചുവരും? ഇവിടെ ബിസിനസ് ചെയ്യാനാണ് ഞങ്ങള്‍ എത്തിയത്. രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനല്ല. ഇത്തരം ആക്രമണങ്ങള്‍ ഹിമാചലിന്റെ ടൂറിസത്തെ തന്നെയാണു ബാധിക്കുകയെന്നും സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കവാല്‍ജീത് സിങ് ആവശ്യപ്പെട്ടു.

ആക്രമണത്തില്‍ കവാല്‍ജീതിന്റെ കൈക്കും തലയ്ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. കൈ ഒടിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ അമൃത്സറിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇദ്ദേഹം. കോണ്‍ഗ്രസ് നേതാവും അമൃത്സറില്‍നിന്നുള്ള നിയുക്ത എം.പിയുമായ ഗുര്‍ജീത് സിങ് ഔജ്‌ല ആശുപത്രിയിലെത്തി കവാല്‍ജീതിനെയും ഭാര്യയെയും സന്ദര്‍ശിച്ചു. കങ്കണയുടെ പേരുപറഞ്ഞാണ് ആള്‍ക്കൂട്ടം ആക്രമണം നടത്തിയതെന്ന് എം.പി പറഞ്ഞു. നിങ്ങള്‍ എം.പിയോട് ചെയ്തതാണു തിരിച്ചുതരുന്നതെന്നായിരുന്നു അക്രമിസംഘം പറഞ്ഞതെന്നും ഗുര്‍ജീത് വെളിപ്പെടുത്തി.

പഞ്ചാബ് എന്‍.ആര്‍.ഐ മന്ത്രി കുല്‍ദീപ് സിങ് ദാലിവാല്‍ സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് ഹിമാചല്‍ മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖുവിനു കത്തെഴുതിയിട്ടുണ്ട്.

Summary: Punjabi-Spanish couple attacked in Himachal Pradesh following Kangana Ranaut slap row

Similar Posts