India
Puri Shankaracharya on skipping Ram Temple inauguration
India

പാരമ്പര്യത്തിൽനിന്ന് വ്യതിചലിച്ചാണ് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്: പുരി ശങ്കരാചാര്യ

Web Desk
|
15 Jan 2024 9:43 AM GMT

മോദി പ്രതിഷ്ഠ നടത്തുമ്പോൾ തങ്ങൾ പുറത്തിരുന്ന് കയ്യടിക്കുകയാണോ ചെയ്യേണ്ടതെന്ന് പുരി ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതി മഹാരാജ് ചോദിച്ചു.

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാത്തതിൽ വിശദീകരണവുമായി പുരി ശങ്കരാചാര്യ. രാമവിഗ്രഹം സ്ഥാപിക്കുന്നത് സംബന്ധിച്ച് പാരമ്പര്യത്തിൽ നിന്നുണ്ടായ വ്യതിചലനമാണ് തങ്ങളുടെ തീരുമാനത്തിന് കാരണമെന്ന് പുരി ശങ്കരാചാര്യ പീഠത്തിലെ ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതി മഹാരാജ് പറഞ്ഞു.

''ശങ്കരാചാര്യൻമാർ അവരുടേതായ മാന്യത ഉയർത്തിപ്പിടിക്കുന്നവരാണ്. ഇത് അഹങ്കാരത്തിന്റെ പ്രശ്‌നമല്ല. പ്രധാനമന്ത്രി രാമവിഗ്രഹ പ്രതിഷ്ഠ നടത്തുമ്പോൾ ഞങ്ങൾ പുറത്തിരുന്ന് കയ്യടിക്കണമെന്നാണോ പറയുന്നത്? മതേതര സർക്കാർ എന്നതുകൊണ്ട് പാരമ്പര്യം മായ്ച്ചുകളയുന്നവർ എന്നല്ല അർഥമാക്കുന്നത്''-പുരി ശങ്കരാചാര്യ പറഞ്ഞു.

ജനുവരി 22-ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് നാല് ശങ്കരാചാര്യൻമാരും നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. പണിപൂർത്തിയാകാത്ത ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തുന്നതുകൊണ്ടാണ് ശങ്കരാചാര്യർ പങ്കെടുക്കാത്തത്. ശങ്കരാചാര്യൻമാർ പങ്കെടുക്കാത്തത് പ്രതിപക്ഷം ആയുധമാക്കിയിരുന്നു. രാമക്ഷേത്രത്തിലെ ചടങ്ങിന് നമ്മുടെ നാല് ശങ്കരാചാര്യൻമാരും ഇല്ലെങ്കിൽ പങ്കെടുക്കുന്നതിന് അത്ര പ്രാധാന്യമില്ലെന്നാണ് സൂചിപ്പിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.

Similar Posts