ഷോര്‍ട്സും സ്ലീവ്‍ലെസും വേണ്ട, മാന്യമായ വസ്ത്രം മാത്രം; പുരി ജഗന്നാഥ ക്ഷേത്രത്തില്‍ പുതിയ ഡ്രസ് കോഡ്
|ക്ഷേത്രദർശനത്തിന് എത്തുന്ന ഭക്തർക്ക് പുതിയ ഡ്രസ് കോഡുകളാണ് രൂപകൽപന ചെയ്തിരിക്കുന്നത്
പുരി: ഒഡിഷയിലെ പ്രശസ്തമായ പുരി ജഗന്നാഥ ക്ഷേത്രത്തില്‍ എത്തുന്ന ഭക്തര്‍ക്ക് വസ്ത്രധാരണത്തില്‍ നിബന്ധനകളുമായി ക്ഷേത്രഭരണസമിതി. ക്ഷേത്രദർശനത്തിന് എത്തുന്ന ഭക്തർക്ക് പുതിയ ഡ്രസ് കോഡുകളാണ് രൂപകൽപന ചെയ്തിരിക്കുന്നത്.ഇനി മുതൽ ഹാഫ് പാന്റ്സ്, ഷോർട്സ്, ജീൻസ്, പാവാട, സ്ലീവ് ലെസ് വസ്ത്രങ്ങൾ ധരിച്ച് ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാൻ പാടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
പുരുഷന്‍മാര്‍ ധോത്തിയോ സ്ത്രീകള്‍ സാരിയോ ചുരിദാറോ ധരിച്ചുവേണം ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍. ക്ഷേത്രത്തിലെ വസ്ത്രധാരണരീതിയെക്കുറിച്ച് ബോധവ്തകരിക്കാന്‍ ഭക്തര്‍ താമസിക്കുന്ന ഹോട്ടലുകളോട് ആവശ്യപ്പെട്ടതായി ജഗന്നാഥ ക്ഷേത്ര അഡ്മിനിസ്ട്രേഷൻ (എസ്ജെടിഎ) അധികൃതർ അറിയിച്ചു.ക്ഷേത്ര പരിസരത്ത് പാൻ മസാല വിൽപ്പനയും, പ്ലാസ്റ്റിക്, പോളിത്തീൻ എന്നിവയുടെ ഉപയോഗവും പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്. ക്ഷേത്ര പരിസരത്തെ പവിത്രത നിലനിർത്തുന്നതിനായാണ് പാൻ മസാല പോലുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം നിരോധിച്ചത്. ഇത് ലംഘിക്കുന്നവർക്കെതിരെ പിഴ ചുമത്തുമെന്ന് ക്ഷേത്രം അഡ്മിനിസ്ട്രേഷൻ അറിയിച്ചു.
പുതുവര്‍ഷത്തില്‍ വന്‍ഭക്തജനത്തിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെട്ടത്. പുലര്‍ച്ചെ 1.40ന് ക്ഷേത്ര നട തുറന്നു. വൈകിട്ട് 5 വരെ ഏകദേശം 3.5 ലക്ഷത്തോളം ആളുകളാണ് ദര്‍ശനം നടത്തിയത്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.കുടിവെള്ളം, പൊതുശൗചാലയം തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. സിസിടിവി ക്യാമറകളും പൊതു അറിയിപ്പ് സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ പുതുവത്സര ദിനത്തിൽ ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തരുടെ എണ്ണം ഇരട്ടിയായതായി പൊലീസ് പറഞ്ഞു.
നഗരത്തിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ബഡാദണ്ഡയിലെ മാർക്കറ്റ് ചക്ക മുതൽ സിംഹദ്വാര (പ്രധാന ഗേറ്റ്) വരെയുള്ള പ്രദേശം 'വാഹന നിരോധന മേഖല' ആയി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ദിഗബറേനി മുതൽ ലൈറ്റ് ഹൗസ് വരെയുള്ള ബീച്ച് സൈഡ് റോഡിൽ വാഹനങ്ങൾ നിരോധിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.അതേസമയം ഭുവനേശ്വറിലെ ലിംഗരാജ് ക്ഷേത്രത്തിനുള്ളിൽ പാൻ, പുകയില ഉൽപന്നങ്ങളുടെ ഉപയോഗവും നിരോധിച്ചിട്ടുണ്ട്.