India
quik supply chain
India

ക്വിക് സപ്ലൈ വാങ്ങിയത് 360 കോടി രൂപയുടെ ബോണ്ട്, ലാഭം 21 കോടി രൂപ മാത്രം; റിലയൻസ് ബന്ധം

Web Desk
|
15 March 2024 7:08 AM GMT

കമ്പനിക്ക് റിലയന്‍സുമായി ബന്ധമെന്ന് ദ റിപ്പോർട്ടേഴ്‌സ് കളക്ടീവ്

ന്യൂഡൽഹി: ഏറ്റവും കൂടുതല്‍ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയ മൂന്നാമത്തെ കമ്പനി ക്വിക് സപ്ലൈ ചെയിൻ പ്രൈവറ്റ് ലിമിറ്റഡിന് റിലയന്‍സ് ഗ്രൂപ്പുമായി ബന്ധമെന്ന് റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് റിപ്പോര്‍ട്ട്. കമ്പനിയുടെ പ്രാഥമിക സാമ്പത്തിക രേഖകള്‍ പരിശോധിച്ച് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍. 2021-22 സാമ്പത്തിക വർഷത്തില്‍ 360 കോടി രൂപയുടെ ഇലക്ടോറൽ ബോണ്ടുകളാണ് ക്വിക് സപ്ലൈ വാങ്ങിയത്. ഇക്കാലയളവിൽ കമ്പനിയുടെ മൊത്തലാഭം 21.27 കോടി രൂപ മാത്രമായിരുന്നു. 2023-24 സാമ്പത്തിക വർഷത്തിൽ 50 കോടി മൂല്യം വരുന്ന ബോണ്ടുകളും ക്വിക് സപ്ലൈ വാങ്ങിയിട്ടുണ്ട്. ആകെ വാങ്ങിയത് 410 കോടിയുടെ ബോണ്ടുകള്‍.

സുപ്രിം കോടതി അന്ത്യശാസന പ്രകാരം കഴിഞ്ഞ ദിവസമാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ എസ്ബിഐ നൽകിയ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയത്. 2019 ഏപ്രിൽ 12 മുതൽ 2024 ജനുവരി വരെയുള്ള വിവരങ്ങളാണ് പുറത്തുവിട്ടിട്ടുള്ളത്. 1368 കോടി മൂല്യമുള്ള ബോണ്ടുകൾ വാങ്ങിയ ഫ്യൂച്ചർ ഗെയിമിങ് ആന്റ് ഹോട്ടൽ സർവീസാണ് സംഭാവന നല്‍കിയ കമ്പനികളുടെ പട്ടികയിൽ ഒന്നാമത്. വിവാദ ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണിത്. 966 കോടി മൂല്യമുള്ള ബോണ്ടുകൾ വാങ്ങിയ മേഘ എഞ്ചിനീയറിങ് ആന്റ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡാണ് രണ്ടാമത്. തെലങ്കാന ആസ്ഥാനമായ വ്യവസായ ഭീമന്മാരാണ് മേഘ. കാലേശ്വരം ലിഫ്റ്റി ഇറിഗേഷൻ പദ്ധതിയിൽ ക്രമക്കേട് ആരോപണം നേരിടുന്ന കമ്പനി കൂടിയാണിത്.

മൂന്നാം സ്ഥാനത്തുള്ള ക്വിക് സപ്ലൈക്ക് മൂന്ന് ഡയറക്ടർമാരാണ് ഉള്ളത്. വിപുൽ പ്രാൺലാൽ മേത്ത, ശ്രീധർ ടിറ്റി, തപസ് മിത്ര എന്നിവർ. റിലയൻസ് ഓയിൽ ആന്റ് പെട്രോളിയം പ്രൈവറ്റ് ലിമിറ്റഡ്, റിലയൻസ് ഫോട്ടോ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്, റിലയൻസ് ഗ്രൂപ്പ് സപ്പോർട്ട് സർവീസ് പ്രൈവറ്റ് ലിമിറ്റഡ്‌, ജാംനഗർ കാണ്ഡ്‌ല പൈപ് ലൈൻ കമ്പനി പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങി വേറെ 24 കമ്പനികളുടെ ഡയറക്ടർ ബോർഡിലും മിത്രയുണ്ട്. റെൽ ഐക്കൺസ് ആൻഡ് ട്രേഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, വിപ്രാൺ പോർട്‌ഫോളിയോ മാനേജേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങി എട്ട് കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡില്‍ മേത്തയുമുണ്ട്.

റിലയൻസ് ഇൻഡസ്ട്രീസ് ഹെഡ്‌സ് ഓഫ് അക്കൗണ്ട്‌സ് (കൺസോളിഡേഷൻ) എന്നാണ് ലിങ്ക്ഡ് ഇൻ പ്രൊഫൈലിൽ മിത്ര വിശേഷിപ്പിക്കുന്നത്.

മഹാരാഷ്ട്രയിലെ താനെയിലാണ് ക്വിക്ക് സപ്ലൈയുടെ ആസ്ഥാനമെന്ന് ദ കമ്പനി ചെക്ക് ഡോട് കോം പറയുന്നു. മഹാരാഷ്ട്രയിലെ താനെയിലാണ് ആസ്ഥാനം. സ്ഥാപിക്കപ്പെട്ടത് 2000 നവംബർ ഒമ്പതിന്. നേരത്തെ ഫൈൻ ടെക് കോർപറേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്നായിരുന്നു അറിയപ്പെട്ടിരുന്നു. ലോജിസ്റ്റിക്‌സ്, വെയർഹൗസിങ്, അടിസ്ഥാനസൗകര്യ വികസനം എന്നിവയാണ് കമ്പനിയുടെ സേവനങ്ങൾ.

Similar Posts