'ഖുതുബുദ്ദീൻ ഐബക്കല്ല, വിക്രമാദിത്യൻ നിർമിച്ചതാണ് ഖുതുബ് മിനാർ'; പുതിയ അവകാശവാദവുമായി ആർക്കിയോളജിക്കൽ സർവേ മുൻ ഉദ്യോഗസ്ഥൻ
|ഖുതുബ് മിനാറിന്റെ പേര് വിഷ്ണു സ്തംഭം എന്നാക്കിമാറ്റണമെന്ന ആവശ്യവുമായി കഴിഞ്ഞയാഴ്ച വിവിധ ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തിയിരുന്നു
ന്യൂഡൽഹി: ചരിത്ര സ്മാരകമായ ഖുതുബ് മിനാർ നിർമിച്ചത് അഞ്ചാം നൂറ്റാണ്ടിൽ ഉജ്ജയിനിലെ രാജാവായിരുന്ന വിക്രമാദിത്യനാണെന്ന് പുതിയ വാദം. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(എ.എസ്.ഐ) മുൻ റീജ്യനൽ ഡയരക്ടർ ധരംവീർ ശർമയാണ് അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. വിക്രമാദിത്യൻ സൂര്യനിരീക്ഷണത്തിനായി സ്ഥാപിച്ചതാണ് ഖുതുബ് മിനാറെന്നാണ് വാദം.
ഗ്യാൻവാപി, താജ്മഹൽ അടക്കമുള്ള ചരിത്ര സ്മാരകങ്ങൾക്കും ആരാധനാകേന്ദ്രങ്ങൾക്കുംമേൽ പുതിയ അവകാശവാദങ്ങൾ ഉയരുന്നതിനിടെയാണ് ഖുതുബ് മിനാറിനെ ചുറ്റിപ്പറ്റിയും വിവാദങ്ങൾ തലപൊക്കുന്നത്. നേരത്തെ, ഖുതുബ് മിനാറിന്റെ പേരുമാറ്റി വിഷ്ണു സ്തംഭം എന്നാക്കണമെന്ന ആവശ്യവുമായി ദിവസങ്ങൾക്കുമുൻപ് വിവിധ ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തിയിരുന്നു. ഖുതുബ് മിനാർ വിക്രമാദിത്യൻ നിർമിച്ചതാണെന്ന അവകാശവാദമാണ് ഇവരും ഉയർത്തിയത്.
''ഇത് ഖുതുബ് മിനാറല്ല. ഒരു സൂര്യനിരീക്ഷണ കേന്ദ്രമാണ്. അഞ്ചാം നൂറ്റാണ്ടിൽ വിക്രമാദിത്യ രാജാവാണ് അത് നിർമിച്ചത്. അല്ലാതെ ഖുതുബുദ്ദീൻ ഐബക് അല്ല. ഇതുമായി ബന്ധപ്പെട്ട് ഒരുപാട് തെളിവുകൾ എന്റെ പക്കലുണ്ട്.''- ധരംവീർ ശർമ അവകാശപ്പെട്ടു. ഖുതുബ് മിനാറിൽ നിരവധി തവണ സർവേ നടത്തിയ എ.എസ്.ഐ സംഘത്തിലുണ്ടായിരുന്നയാളുമാണ് ധരംവീർ.
ഖുതുബ് മിനാറിൽ ഒരു 25 ഇഞ്ചിന്റെ ചരിവുണ്ടെന്നും സൂര്യനെ നിരീക്ഷിക്കാനായി നിർമിച്ചതിനാലാണതെന്നും ധരംവീർ ചൂണ്ടിക്കാട്ടി. ജൂൺ 21ന്, സൂര്യസംക്രമണത്തിനിടയിൽ, കുറഞ്ഞത് അരമണിക്കൂറെങ്കിലും ആ ഭാഗത്ത് നിഴൽ വീഴില്ല. ഇത് ശാസ്ത്രവും പുരാവസ്തു വസ്തുതയുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഖുതുബ് മിനാർ വിഷ്ണുസ്തംഭമാക്കണം'
ഒരാഴ്ച മുൻപാണ ഖുതുബ് മിനാറിന്റെ പേരുമാറ്റ ആവശ്യവുമായി ഹിന്ദുത്വ സംഘടനകൾ പരസ്യമായി രംഗത്തെത്തിയത്. ചരിത്ര സ്മാരകത്തിന്റെ പേര് 'വിഷ്ണു സ്തംഭം' എന്നാക്കി മാറ്റണമെന്നയിരുന്നു ആവശ്യം.
യുനൈറ്റഡ് ഹിന്ദു ഫ്രണ്ട് വർക്കിങ് പ്രസിഡന്റ് ഭഗ്വാൻ ഗോയലിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഖുതുബ് മിനാറിനു സമീപത്ത് തമ്പടിച്ച് ഹനുമാൻ ചാലീസ ചൊല്ലിയായിരുന്നു സംഘടനകളുടെ പ്രതിഷേധം. ഇതിനിടെ ഒരുസംഘം പ്രതിഷേധക്കാർ കാവിപതാകയും പ്ലക്കാർഡുകളുമായി ഖുതുബ് മിനാറിന് സമീപത്ത് എത്തിയെങ്കിലും പൊലീസ് ഇവരെ തടഞ്ഞു.
തുടർന്ന് മുപ്പതോളം ഹിന്ദുത്വ സംഘടനാ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഡൽഹി പൊലീസിന്റെയും അർധ സൈനിക വിഭാഗത്തിന്റെയും വൻ സുരക്ഷയാണ് ഖുതുബ് മിനാറിന് സമീപം ഒരുക്കിയത്. ഖുതുബ് മിനാർ യഥാർത്ഥത്തിൽ വിഷ്ണു സ്തംഭമാണെന്നും വിക്രമാദിത്യ രാജാവാണ് അത് പണികഴിപ്പിച്ചതെന്നും ഭഗ്വാൻ ഗോയൽ പറഞ്ഞു.
''വിക്രമാദിത്യ മഹാരാജാവാണ് ഖുതുബ് മിനാർ പണികഴിപ്പിച്ചത്. പിന്നീട് ഖുതുബുദ്ദീൻ ഐബക് അതിന്റെ ക്രെഡിറ്റ് സ്വന്തമാക്കിയതാണ്. ഖുതുബ് മിനാർ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് 27 ക്ഷേത്രങ്ങളുണ്ടായിരുന്നു. ഇതെല്ലാം ഐബക് നശിപ്പിച്ചു. ഖുതുബ് മിനാറിന്റെ ചുറ്റുവട്ടത്ത് ഇപ്പോഴും ഹിന്ദു ദൈവങ്ങളുടെ പ്രതിഷ്ഠയുള്ളത് ഇതിന് തെളിവാണ്. അതുകൊണ്ടുതന്നെ ഖുതുബ് മിനാറിന്റെ പേര് വിഷ്ണു സ്തംഭം എന്നാക്കി മാറ്റണമെന്നാണ് ഞങ്ങളുടെ ആവശ്യം''-ഭഗ്വാൻ ഗോയൽ പറഞ്ഞു.
Summary: Qutub Minar was built by Raja Vikramaditya in the fifth century to observe the changing position of the sun, claims Archaeological Survey of India's (ASI) ex-Regional Director Dharamveer Sharma