ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കർണാടക രണ്ട് ഏക്കർ ഭൂമി നൽകി; ലാൻഡ് ജിഹാദാണെന്ന് ബി.ജെ.പി
|'ബംഗളൂരുവിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മൃഗസംരക്ഷണ വകുപ്പിന്റെ രണ്ട് ഏക്കർ ഭൂമി മുസ്‌ലിംകൾക്ക് പതിച്ചുനൽകാൻ...'
ബെംഗളൂരു: ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കർണാടക സർക്കാർ ഭൂമി നൽകിയത് ലാൻഡ് ജിഹാദാണെന്ന് ബി.ജെ.പി. 500 കോടി വില മതിക്കുന്ന രണ്ട് ഏക്കർ ഭൂമി ന്യൂനപക്ഷ ക്ഷേമ വകുപ്പിന് നൽകാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ നയിക്കുന്ന കർണാടക സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് ബി.ജെ.പി രംഗത്തെത്തിയത്. 'ഒഴിഞ്ഞ ഭൂമിയാണ് നൽകിയതെങ്കിൽ ഞങ്ങൾക്ക് എതിർപ്പുണ്ടാകുമായിരുന്നില്ല. മൃഗസംരക്ഷണ വകുപ്പിന്റെ ഭൂമിയാണ് സർക്കാർ നൽകുന്നത്' പ്രതിപക്ഷ നേതാവ് ആർ. അശോക മാധ്യമങ്ങളോട് പറഞ്ഞു. എക്‌സിലും അശോക പ്രതികരിച്ചു. 'കോൺഗ്രസ് സർകാരദാ ലാൻഡ് ജിഹാദ്' എന്നാണ് അശോക കന്നഡയിൽ കുറിച്ചത്.
'മിസ്റ്റർ മുഖ്യമന്ത്രി സിദ്ധരാമയ്യ മുസ്‌ലിംകളെ പ്രീണിപ്പിക്കുന്നതിന് ഒരു പരിധി വേണ്ടേ? ബംഗളൂരുവിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മൃഗസംരക്ഷണ വകുപ്പിന്റെ രണ്ട് ഏക്കർ ഭൂമി മുസ്‌ലിംകൾക്ക് പതിച്ചുനൽകാൻ നിങ്ങൾ ഗൂഢാലോചന നടത്തുകയാണ്' പ്രതിപക്ഷ നേതാവ് പോസ്റ്റിൽ പറഞ്ഞു.
'പശുക്കളെയും മറ്റ് മൃഗങ്ങളെയും ചികിത്സിക്കുന്ന സർക്കാർ മൃഗാശുപത്രി അടച്ചുപൂട്ടി മുസ്‌ലിംകൾക്ക് കൈമാറേണ്ട ആവശ്യം എന്തായിരുന്നു? വെറ്ററിനറി ആശുപത്രി സ്ഥാപിച്ചത് കന്നുകാലികളെ ചികിത്സിക്കാൻ മാത്രമല്ല, മറ്റ് വളർത്തുമൃഗങ്ങൾക്കും അവിടെ ചികിത്സ നൽകാം. 500 കോടി വിലമതിക്കുന്ന ഭൂമി കൈമാറാൻ അനുവദിക്കില്ല. കോൺഗ്രസ് സർക്കാരിന്റെ ഈ നടപടിയെ നമുക്ക് ലാൻഡ് ജിഹാദ് എന്ന് വിളിക്കാമോ?' ഐഎൻസി കർണാടക ഹാൻഡിലിനെ മെൻഷൻ ചെയ്ത് അശോക ചോദിച്ചു.
ബെംഗളൂരുവിലെ ചാംരാജ്‌പേട്ട് നിയമസഭാ മണ്ഡലത്തിലെ ചാലവാദിപാളയ വാർഡിലെ രണ്ടേക്കർ ഭൂമി ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കൈമാറാൻ ഫെബ്രുവരി 26ന് കർണാടക സർക്കാർ ഉത്തരവിട്ടതായി അശോക പറഞ്ഞു. മൗലാന ആസാദ്/ മൊറാർജി ദേശായി റസിഡൻഷ്യൽ സ്‌കൂളുകൾ നിർമിക്കുന്നതിനാണിതെന്നും പറഞ്ഞു.