സവർക്കറെ ഭീരുവെന്ന് വിശേഷിപ്പിച്ചു; നാച്ചുറൽസ് സലൂണിനെതിരെ ബഹിഷ്കരണ ആഹ്വാനവുമായി തീവ്ര ഹിന്ദുത്വ വാദികൾ
|മാപ്പപേക്ഷ എഴുതുന്നതിൽ വിദഗ്ധനാണെന്നും നാച്ചുറൽസിന്റെ സഹസ്ഥാപകൻ സി.കെ. കുമാരവേൽ പറഞ്ഞിരുന്നു
ചെന്നൈ: നാച്ചുറൽസ് സലൂണിന്റെ സി.ഇ.ഒയും സഹസ്ഥാപകനുമായ സി.കെ. കുമാരവേൽ ഹിന്ദു മഹാസഭ നേതാവ് വി.ഡി. സവർക്കറെ ഭീരുവെന്ന് വിശേഷിപ്പിച്ചതിനെതിരെ തീവ്ര ഹിന്ദുത്വ വാദികൾ. നാച്ചുറൽസിന്റെ സ്ഥാപനങ്ങൾ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി സാമൂഹിക മാധ്യമങ്ങളിൽ രംഗത്തുവന്നിരിക്കുകയാണ് ഇവർ.
സവർക്കറുടെ മഹത്വത്തെക്കുറിച്ച് അഞ്ച് വാക്യങ്ങൾ പറയാൻ ഇൻഡ്യാ മുന്നണി നേതാക്കളെ വെല്ലുവിളിക്കുകയാണെന്ന് കഴിഞ്ഞദിവസം മഹാരാഷ്ട്രയിലെ കല്യാണിൽ നടന്ന റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായിട്ടായിരുന്നു ‘എക്സി’ൽ സി.കെ. കുമാരവേലിന്റെ പോസ്റ്റ് വരുന്നത്.
‘വീർ സവർക്കർ ഒരു ഭീരുവാണ്, ഗാന്ധി വധത്തിലെ ഗൂഢാലോചനക്കാരനാണ്, മാപ്പപേക്ഷ എഴുതുന്നതിൽ അദ്ദേഹം വിദഗ്ധനാണ്, ഗാന്ധിയെ കൊല്ലാൻ മാനസിക രോഗിയായ ഗോഡ്‌സെയെ അദ്ദേഹം ബ്രെയിൻ വാഷ് ചെയ്തു, പേരിലല്ലാതെ അദ്ദേഹത്തിന് ‘വീർ’ എവിടെയും ഇല്ല, ഒരു ഹിന്ദുത്വ ഭ്രാന്തൻ’ എന്നിങ്ങനെ ആറ് ഉത്തരങ്ങളാണ് അദ്ദേഹം എക്സിൽ കുറിച്ചത്. ഇതിന് പിന്നാലെയാണ് ഹിന്ദുത്വവാദികൾ കുമാരവേലിനെതിരെ രംഗത്തുവന്നത്.
തമിഴ്നാട് സ്വദേശിയായ ഇദ്ദേഹം നിരന്തരം ബി.ജെ.പിയെയും ആർ.എസ്.എസിനെയും വിമർശിക്കാറുണ്ട്. കമൽ ഹാസന്റെ നേതൃത്വത്തിലുള്ള മക്കൾ നീതി മയ്യത്തിന്റെ മുൻ നേതാവ് കൂടിയാണ് ഇദ്ദേഹം. രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിലടക്കം പങ്കെടുത്തിരുന്നു.
ഭാര്യ കെ. വീണയോടൊപ്പം ചേർന്ന് 22 വർഷം മുമ്പാണ് ഇദ്ദേഹം നാച്ചുറൽസ് ആരംഭിക്കുന്നത്. നിലവിൽ ഇന്ത്യക്കകത്തും പുറത്തുമായി 700ഓളം സലൂണുകൾ കമ്പനിക്ക് കീഴിൽ പ്രവർത്തിക്കുന്നുണ്ട്.