റായിബറേലി, അമേഠി; കോൺഗ്രസിന്റെയും ഗാന്ധി കുടുംബത്തിന്റെയും മേൽവിലാസം
|1952ല്‍ ഫിറോസ് ഗാന്ധിയിലൂടെ തുടങ്ങിയതാണ് ഗാന്ധി കുടുംബവുമായുള്ള റായിബറേലിയുടെ ബന്ധം
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉത്തർ പ്രദേശിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാൻ തീരുമാനിച്ചതോടെ റായിബറേലി, അമേഠി മണ്ഡലങ്ങൾ വീണ്ടും വാർത്തകളിൽ നിറയുകയാണ്. കോൺഗ്രസിനും ഗാന്ധി കുടുംബത്തിനും ഒരുപോലെ താഴ്‍വേരുകളുള്ള ഇടമാണ് ഈ മണ്ഡലങ്ങൾ. പാർട്ടിയുടെയും കുടുംബത്തിന്റെയും അഭിമാനത്തിന്റെ കൂടി പ്രതീകമാണ് അമേഠിയും റായിബറേലിയും.
1952ല്‍ ഫിറോസ് ഗാന്ധിയിലൂടെ തുടങ്ങിയതാണ് ഗാന്ധി കുടുംബവുമായുള്ള റായിബറേലിയുടെ ബന്ധം. ഫിറോസിന്റെ രണ്ടാം ഊഴത്തിനു ശേഷം 7 വർഷം കഴിഞ്ഞാണ് റായിബറേലിയില്‍ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ അരങ്ങേറ്റം.
അടിയന്തിരാവസ്ഥയിലേക്ക് രാജ്യത്തെ നയിച്ച നിയമപോരാട്ടത്തിന് കളമൊരുക്കിയത് ഇന്ദിരയുടെ റായിബറേലിയിലെ രണ്ടാം തെരഞ്ഞെടുപ്പ് വിജയമായിരുന്നു. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഇന്ദിരയെ മണ്ഡലം കൈവിട്ടു. ജനതാപാർട്ടിയുടെ രാജ് നരയ്നായിരുന്നു അന്ന് ഇന്ദിരയെ തോൽപ്പിച്ചത്.
എന്നാൽ, മൂന്നു വർഷത്തിനു ശേഷം ഇന്ദിരയെ ജയിപ്പിച്ച റായ്ബറേലി ഗാന്ധി കുടുംബത്തോടുള്ള കൂറ് തെളിയിച്ചു. ഇന്ദിരാഗാന്ധിക്ക് ശേഷം അരുണ്‍ നെഹ്റുവിലൂടെ കോൺഗ്രസ് പാരമ്പര്യം തുടർന്നു.
പക്ഷേ, 1996ലും 98ലും മണ്ഡലം കോണ്‍ഗ്രസിനെ കൈവിട്ട് ബി.ജെ.പിയെ വരിച്ചു. അധികം വൈകാതെ തന്നെ സോണിയാ ഗാന്ധി വീണ്ടും റായ്ബറേലിയെ ഗാന്ധി കുടുംബത്തോടൊപ്പം ചേർത്തു. സോണിയ രാജ്യസഭയിലേക്ക് മാറിയതോടെയാണ് മകൻ രാഹുൽ ഗാന്ധി ഇത്തവണ റായ്ബറേലിയിൽ പോരിനിറങ്ങുന്നത്.
തുടക്കം മുതൽ കോൺഗ്രസ് ബന്ധമുണ്ടായിരുന്ന അമേഠി, ഗാന്ധി കുടുംബത്തിന്റെ പാരമ്പര്യത്തിലേക്ക് വന്നത് 1980ലാണ്. വിമാനാപകടത്തിൽ മരണപ്പെടും മുമ്പ് ആറു മാസത്തോളം സഞ്ജയ് ഗാന്ധി അമേഠിയെ പ്രതിനിധീകരിച്ചു. സഞ്ജയ്ക്കു ശേഷം രാജീവ് ഗാന്ധിയിലൂടെ കോൺഗ്രസ്, ഗാന്ധി കുടുംബ ബന്ധം തുടർന്നു.
രാജീവിന്റെ മരണശേഷം സോണിയാ ഗാന്ധിയുടെ പാർലമെന്റിലേക്കുള്ള കടന്നുവരവും അമേഠി വഴിയായിരുന്നു. അഞ്ചു വർഷത്തിനുശേഷം രാഹുലിനായി സോണിയ വഴിമാറി. മൂന്നുവട്ടം ജയിച്ചു കയറിയ രാഹുൽ നാലാമങ്കത്തിൽ കാലിടറി വീണു. അമേഠിയിൽ ഇത്തവണ കെ.എൽ. ശർമയാണ് കോൺഗ്രസിനായി ജനവിധി തേടുന്നത്.