മണിപ്പൂരില്‍ പൊലീസ് തടഞ്ഞിട്ടും പിന്മാറാതെ രാഹുല്‍, മാമന്നൻ റിലീസിന് പിന്നാലെ വടിവേലുവിന് അഭിനന്ദന പ്രവാഹം; അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിങ്സ്
|റോഡ് മാർഗമുള്ള യാത്ര പൊലീസ് തടഞ്ഞതിനെ തുടർന്ന് ഹെലികോപ്റ്ററിലാണ് രാഹുൽ ചുരാചന്ദ്പൂർ ഗ്രീൻവുഡ് ക്യാമ്പിൽ എത്തിയത്
മണിപ്പൂരില്‍ പൊലീസ് തടഞ്ഞിട്ടും പിന്മാറിയില്ല; ഹെലികോപ്റ്ററില്‍ ദുരിതാശ്വാസ ക്യാമ്പുകളിലെത്തി രാഹുല്‍ ഗാന്ധി
തടസ്സങ്ങളെ മറികടന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തി. റോഡ് മാർഗമുള്ള യാത്ര പൊലീസ് തടഞ്ഞതിനെ തുടർന്ന് ഹെലികോപ്റ്ററിലാണ് ചുരാചന്ദ്പൂർ ഗ്രീൻവുഡ് ക്യാമ്പിൽ രാഹുല്‍ എത്തിയത്. കുക്കി വിഭാഗത്തിന്റെ ക്യാമ്പാണിത്. മെയ് തെയ് വിഭാഗത്തിന്റെ ദുരിതാശ്വാസ ക്യാമ്പും രാഹുല്‍ സന്ദര്‍ശിക്കും.
നേരത്തെ ഇംഫാലിൽ നിന്ന് 20 കിലോമീറ്റർ അകലെ ബിഷ്ണുപൂരില്‍ രാഹുലിനെ പൊലീസ് തടഞ്ഞിരുന്നു. സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി മടങ്ങിപ്പോവണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ജനക്കൂട്ടത്തിന് നേരെ പൊലീസ് ഗ്രനേഡ് എറിഞ്ഞു. ബിഷ്ണുപൂരിൽ ജനക്കൂട്ടം ബാരിക്കേഡ് തകർത്തു. പൊലീസ് ആകാശത്തേക്ക് വെടിവെച്ചു.
"മണിപ്പൂരിലെ ജനങ്ങളുടെ അവസ്ഥ അറിയാനാണ് രാഹുല്‍ ഗാന്ധി വന്നത്. രാഷ്ട്രീയം കളിക്കാനല്ല വന്നത്. എന്തിനാണ് അദ്ദേഹത്തെ റോഡില്‍ തടയുന്നത്?"- ജനക്കൂട്ടത്തില്‍ നിന്നും ഒരു സ്ത്രീ ചോദിച്ചു.
ഇരുവിഭാഗങ്ങളെയും സന്ദര്‍ശിക്കാതെ ഡല്‍ഹിക്ക് മടങ്ങില്ലെന്ന് രാഹുല്‍ വ്യക്തമാക്കി. തുടർന്ന് രാഹുല്‍ ഇംഫാലിലേക്ക് മടങ്ങി. റോഡ് മാർഗം ചുരാചന്ദ്പൂരിലേക്ക് പോകുന്നതിന് പകരം ഹെലികോപ്റ്ററിൽ പോയി.
സംഘര്‍ഷം ഏറ്റവും രൂക്ഷമായ ജില്ലകളിലൊന്നാണ് ചുരാചന്ദ്പൂര്‍. അവിടെ സമാധാന സന്ദേശവുമായി ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കാനാണ് രാഹുല്‍ ഗാന്ധി തീരുമാനിച്ചത്. മെയ് മാസത്തിൽ ആരംഭിച്ച കലാപത്തെ തുടര്‍ന്ന് 50,000 ത്തോളം ആളുകൾ സംസ്ഥാനത്തുടനീളമുള്ള 300ലധികം ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്.
രാഹുലിനെ തടയുന്നത് ദൗർഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. മൗനം പാലിക്കുന്ന പ്രധാനമന്ത്രി മണിപ്പൂരികളെ കാണുന്നതിൽ നിന്നും രാഹുലിനെ തടയുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. സ്നേഹ സന്ദേശവുമായി വരുന്ന രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും ഭരണകൂടം ഭയക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേത് പറഞ്ഞു.
നിങ്ങൾക്കൊപ്പമുണ്ടെന്ന സന്ദേശം നൽകാനാണ് രാഹുൽ ഗാന്ധി മണിപ്പൂരിലേക്ക് പോയത്. രാഹുൽ ഗാന്ധിയുടെ സന്ദർശനം എങ്ങനെയാണ് ക്രമസാധാന പ്രശ്നം സൃഷ്ടിക്കുന്നത്? രാഹുൽ ഗാന്ധിക്ക് റോഡ് മാർഗം പോകാൻ നേരത്തെ അധികാരികൾ അനുമതി നൽകിയതാണ്. മണിപ്പൂരിന്റെ കണ്ണീരൊപ്പാൻ മാത്രം പ്രധാനമന്ത്രിക്ക് സമയമില്ല. രണ്ടു മാസമായിട്ടും മണിപ്പൂരിൽ സമാധാനം സ്ഥാപിക്കണമെന്ന ഒരു വാക്ക് പ്രധാനമന്ത്രിയില്‍ നിന്ന് ഉണ്ടായില്ല. രാഹുൽ ഗാന്ധി ജനങ്ങൾക്കൊപ്പം നിൽക്കാൻ എപ്പോഴെല്ലാം പോയിട്ടുണ്ടോ അപ്പോഴെല്ലാം തടഞ്ഞിട്ടുണ്ടെന്നും സുപ്രിയ വിമര്‍ശിച്ചു.
അതേസമയം മണിപ്പൂരിൽ രാഹുൽ ഉത്തരവാദിത്വമില്ലാതെ പെരുമാറിയെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. കോൺഗ്രസ് നടത്തുന്നത് രാഷ്ട്രീയ നാടകമാണെന്നും ബി.ജെ.പി വിമര്‍ശിച്ചു.
Locals in Bishnupur of Manipur stage protest as police stop Rahul Gandhi's convoy in Manipur.
— Spirit of Congress✋ (@SpiritOfCongres) June 29, 2023
Support for Rahul Gandhi's visit and Anger against Modi is very much palpable in Manipur. #RahulGandhiInManipur pic.twitter.com/XURv9YYU66
ത്യാഗസ്മരണ പുതുക്കി ഇന്ന് ബലി പെരുന്നാള്‍
ത്യാഗത്തിന്റെയും സഹനത്തിന്റെയും സമർപ്പണത്തിന്റെയും സ്മരണയായി ഇസ്ലാം മതവിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നു. പ്രാർത്ഥനാ ചടങ്ങുകൾക്കൊപ്പം കുടുംബമൊന്നിച്ചുള്ള ആഘോഷദിനമാണ് വിശ്വാസികൾക്ക് പെരുന്നാൾ ദിനം.
ബലി പെരുന്നാൾ അറബിയിൽ ഈദുൽ അള്ഹ. ഈദ് എന്നാൽ ആഘോഷം. പങ്കിടലിൻറെയും സ്നേഹത്തിന്റെയും ആഘോഷ മാണ് ഓരോ പെരുന്നാളും വിശ്വാസികൾക്ക്. മൈലാഞ്ചിയണിഞ്ഞ കൈകളും, അത്തർ പൂശിയ പുത്തൻ വസ്ത്രങ്ങളുമണിഞ്ഞുള്ള ഈദ് നമസ്കാരമാണ് പെരുന്നാൾ ദിനത്തിൽ പ്രധാന പ്രാർത്ഥനാകർമ്മം. പിന്നെ ഭക്ഷണമൊരുക്കലും എല്ലാവരും കൂടിയിരുന്ന് പങ്കിട്ട് കഴിക്കലും കളിചിരി തമാശ വർത്തമാനങ്ങളും പാട്ടുകളുമെല്ലാമായി പെരുന്നാളിന്റെ ആഘോഷപൊലിവിലേക്ക് ഓരോ കുടുംബവും കടക്കും. കുടുംബങ്ങളെ ഒന്നിപ്പിക്കുന്നു, പരസ്പരം സ്നേഹം പങ്കിടുന്നു ഇതെല്ലാം പെരുന്നാൾ ദിനത്തെ സവിശേഷമാക്കും.
പ്രവാചകനായ ഇബ്രാഹിം നബി വാത്സല്യ പുത്രൻ ഇസ്മാഈലിനെ ദൈവ കൽപന മാനിച്ച് ബലിയറുക്കാൻ സന്നദ്ധനായതിന്റെ ത്യാഗ സ്മരണ. ആ പരീക്ഷണത്തിൽ വിജയിച്ച പ്രവാചകൻ ഇബ്രാഹിമിനെ നാഥൻ ചേർത്ത് പിടിച്ചു. അചഞ്ചലമായ വിശ്വാസത്തിൻറെ ഓർമപ്പെടുത്തലാണ് ഓരോ ബലിപെരുന്നാൾ ദിനവും. ഭാഷ, വർണ, വർഗ വിവേചനങ്ങളില്ലാതെ അതിർത്തികൾ താണ്ടി മക്കയിൽ ഒരുമിച്ച വിശ്വാസികളുടെ ഹജ്ജിന്റെ പരിസമാപ്തി കൂടിയാണ് ബലി പെരുന്നാൾ.
മാമന്നൻ റിലീസിന് പിന്നാലെ വടിവേലുവിന് അഭിനന്ദന പ്രവാഹം
പരിയേറും പെരുമാൾ, കർണൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മാരിസെൽവരാജ് സംവിധാനം ചെയ്ത സിനിമയാണ് മാമന്നൻ. ചിത്രത്തിന്റെ റിലീസിന് പിന്നാലെ അഭിനന്ദന പ്രവാഹവുമായി എത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ.
ചിത്രത്തിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച വടിവേലുവിനെ അഭിനന്ദിച്ചാണ് കൂടുതൽ കുറിപ്പുകളും വന്നിരിക്കുന്നത്. വടിവേലുവിന്റെ എക്കാലത്തെയും മികച്ച പ്രകടനമാണ് ചിത്രത്തിലെയെന്നും സമാനതകളില്ലാത്ത തിരിച്ചുവരവാണ് താരം നടത്തിയതെന്നും ആരാധകർ പറയുന്നു.
തമിഴ്നാട്ടിലെ ജാതിവ്യവസ്ഥയും രാഷ്ട്രീയവുമെല്ലാം ചർച്ചയാവുന്ന ചിത്രത്തിൽ വടിവേലുവിന് പുറമെ ഉദയനിധി സ്റ്റാലിൻ, ഫഹദ് ഫാസിൽ, കീർത്തി സുരേഷ് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
കമൽഹാസൻ, ധനുഷ് അടക്കമുള്ള പ്രമുഖതാരങ്ങളും ചിത്രത്തിന് അഭിനന്ദനങ്ങളുമായി രംഗത്ത് എത്തിയിട്ടുണ്ട്. മാരിസെൽവരാജിന്റെ മാമന്നൻ ഒരു വികാരമാണ്, മാരിക്ക് ഒരു വലിയ ആലിംഗന എന്നായിരുന്നു ധനുഷ് ട്വിറ്ററിൽ കുറിച്ചത്.
മാമന്നൻ കണ്ടു, അത് എന്നെ ഞെട്ടിച്ചു! സമീപകാലത്തെ ഏറ്റവും മികച്ച തമിഴ് സിനിമകളിൽ ഒന്ന്. മാരിസെൽവരാജ് ഒരു ശക്തമായ ആഖ്യാനം അവതരിപ്പിക്കുന്നു, അടിച്ചമർത്തപ്പെട്ടവർക്കെതിരെയുള്ള പോരാട്ടം. മികച്ച സംവിധാനം. 25 വർഷത്തിനു ശേഷവും ചർച്ച ചെയ്യപ്പെടുന്ന ഒരു സിനിമയായിരിക്കും ഇത്. മനസ്സിനെ ത്രസിപ്പിക്കുന്ന മാസ്റ്റർപീസ്! തകർപ്പൻ #മാമന്നൻ നിങ്ങളുടെ മനസ്സിനെ ത്രസിപ്പിക്കാൻ തയ്യാറെടുക്കുക! മാരിസെൽവരാജ് തമിഴ് സിനിമയുടെ അടിത്തറ തന്നെ ഇളക്കിമറിക്കുന്ന ഒരു സിനിമാ വിപ്ലവം നൽകുന്നു. അടിച്ചമർത്തപ്പെട്ടവർ ദുഷിച്ച വ്യവസ്ഥിതി ഏറ്റെടുക്കുന്നതിന്റെ രൂക്ഷമായ ചിത്രീകരണം അസംസ്കൃത തീവ്രതയോടെ! എന്നാണ് സിനിമ കണ്ട ഒരു പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
'പ്രതിപക്ഷ ഐക്യത്തില്‍ മോദി അസ്വസ്ഥന്‍'; രണ്ടാം യോഗം ബെംഗളൂരുവില്‍, തീയതി അറിയിച്ച് ശരദ് പവാര്‍
പ്രതിപക്ഷ പാര്‍ട്ടികളുടെ അടുത്ത യോഗത്തെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ച് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. ജൂലൈ 13, 14 തീയതികളിലായി ബെംഗളൂരുവില്‍ വെച്ചായിരിക്കും യോഗമെന്ന് ശരദ് പവാര്‍ അറിയിച്ചു. പട്ന യോഗം പ്രധാനമന്ത്രിയെ വല്ലാതെ അസ്വസ്ഥതപ്പെടുത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജൂണ്‍ 23ന് പട്നയില്‍ വെച്ചായിരുന്നു രാജ്യത്തെ പ്രധാന 15 പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുത്ത യോഗം നടന്നത്. ബീഹാര്‍ മുഖ്യമന്ത്രി നീതിഷ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന ഈ ആദ്യ യോഗത്തില്‍ വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ ഒന്നിച്ച് അണിനിരക്കേണ്ടതുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ചകള്‍.
ബെംഗളൂരുവില്‍ വെച്ച് നടക്കുന്ന യോഗത്തില്‍ ഓരോ സംസ്ഥാനത്തും ബി.ജെ.പിയെ എങ്ങനെയാണ് നേരിടേണ്ടത് എന്നത് സംബന്ധിച്ച് കൃത്യമായ അജണ്ടകള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തയ്യാറാക്കുമെന്നാണ് കരുതുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം, സീറ്റ് വിഭജനം തുടങ്ങിയ വിഷയങ്ങളിലെ പ്രാഥമിക ചര്‍ച്ചകളും ഒരുപക്ഷെ നടന്നേക്കാം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയിലായിരിക്കും യോഗം നടക്കുക.
ദല്‍ഹി ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ ഉടലെടുത്തിരിക്കുന്ന അഭിപ്രായ ഭിന്നതകളാണ് പ്രതിപക്ഷ ഐക്യത്തില്‍ ചെറിയ ആശങ്കയുയര്‍ത്തുന്നത്.
ദല്‍ഹി സര്‍ക്കാരിന്റെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കുന്ന കേന്ദ്ര ഓര്‍ഡിനന്‍സിനെതിരെ വ്യക്തമായ നിലപാട് സ്വീകരിക്കില്ലെന്ന് പറഞ്ഞുകൊണ്ട്
രൂക്ഷമായ ഭാഷയിലാണ് കോണ്‍ഗ്രസിനെ എ.എ.പി വിമര്‍ശിച്ചത്. കോണ്‍ഗ്രസുള്ള പ്രതിപക്ഷ പാര്ട്ടിയോഗങ്ങളില് പങ്കെടുക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ആം ആദ്മി പറഞ്ഞിരുന്നു. എന്നാല്‍ ബെംഗലൂരു യോഗവുമായി ബന്ധപ്പെട്ട് ആം ആദ്മിയുടെ ഭാഗത്ത് നിന്ന് ഇതുവരെയും പ്രതികരണമൊന്നുമുണ്ടായിട്ടില്ല.
അതേസമയം പ്രതിപക്ഷപാര്‍ട്ടികളുടെ യോഗത്തെ പരിഹസിച്ചും വിമര്‍ശിച്ചുമാണ് ബി.ജെ.പി രംഗത്തുവന്നിരിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മില്‍ ഐക്യം സാധ്യമല്ലെന്നും ബി.ജെ.പിയെയും എന്‍.ഡി.എയെയും മോദിയെയും അവര്‍ക്ക് തകര്‍ക്കാനാകില്ലെന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചത്.
അവകാശങ്ങള്‍ക്കായുള്ള പോരാട്ടം തുടരും; ചന്ദ്രശേഖര്‍ ആസാദ്
വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഇന്ന് ആശുപത്രി വിട്ടേക്കും. സഹറണ്‍പൂരിലെ ജില്ലാ ആശുപത്രിയില്‍ ഐ.സി.യുവില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആസാദിന് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.ആശുപത്രി വിട്ടതിന് ശേഷം ആസാദ് ഭരത്പൂര്‍ ജാതവ ഏകതാ സമ്മേളനത്തില്‍ പങ്കെടുക്കും. മറ്റന്നാളാണ് ഭരത്പൂര്‍ സമ്മേളനം നടക്കുന്നത്.
അക്രമത്തിന് പിന്നാലെ സമാധാനം പാലിക്കണമെന്ന ആഹ്വാനവുമായി ചന്ദ്രശേഖര്‍ ആസാദ് രംഗത്തെത്തി. അണികള്‍ക്ക് നല്കിയ വീഡിയോ സന്ദേശത്തിലാണ് ആസാദ് സമാധാനം പാലിക്കണമെന്നാവശ്യപെട്ടത്. പെട്ടന്നുള്ള ആക്രമണം പ്രതീക്ഷിച്ചില്ലെന്നും, അവകാശങ്ങള്‍ക്കായുള്ള പോരാട്ടം തുടരുമെന്നും ആസാദ് പറഞ്ഞു.
ഉത്തര്‍പ്രദേശിലെ സഹാറാന്‍പൂരില്‍ വെച്ചായിരുന്നു ചന്ദ്രശേഖര്‍ ആസാദിനെതിരെ കഴിഞ്ഞ ദിവസം ആക്രമണം നടന്നത്. ആസാദിന് നേരെ കാറിലെത്തിയ ഒരു സംഘം വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റെങ്കിലും തലനാരിഴയ്ക്കാണ് ആസാദ് രക്ഷപ്പെട്ടത്. ആക്രമണത്തില്‍ രണ്ട് വെടിയുണ്ടകള്‍ കാറില്‍ തുളഞ്ഞ് കയറിയിരുന്നു. ഒരു വെടിയുണ്ട കാറിന്റെ ചില്ലുകള്‍ തകര്‍ത്തു അകത്ത് കയറി. മറ്റൊരു വെടിയുണ്ട സീറ്റിലാണ് തുളഞ്ഞുകയറിയത്. ഈ വെടിയുണ്ട കൊണ്ടാണ് ആസാദിന് പരിക്കേറ്റത്.
अस्पताल से निकलने के बाद भीम आर्मी चीफ चंद्रशेखर का बयान
— prince peeru singh (@peeraram_) June 29, 2023
'मैं गोली से बंदूकों से नहीं डरता हूं, मैं संवैधानिक रास्ते से चलता हूं'- चंद्रशेखर@BhimArmyChief#ChandrashekharAzad #BhimArmy pic.twitter.com/gZrGA9SYwg
ശ്രീനഗര്‍ ഈദ്ഗാഹില്‍ ഇത്തവണയും പെരുന്നാള്‍ നമസ്കാരത്തിന് അനുമതിയില്ല
ചരിത്രപ്രസിദ്ധമായ ശ്രീനഗര്‍ ഈദ്ഗാഹ് മൈതാനിയില്‍ ബലിപെരുന്നാള്‍ നമസ്കാരത്തിന് അധികൃതര്‍ ഇത്തവണയും അനുമതി നിഷേധിച്ചു.നഗരത്തിലെ പ്രധാന ഈദ്ഗാഹ് മൈതാനമായ ശ്രീനഗര്‍ ഈദ്ഗാഹില്‍ നമസ്കാരത്തിന് അനുമതിയില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചതായി അന് ജുമന്‍ ഔഖാഫ് ജാമിഅ മസ്ജിദ് അറിയിച്ചു.
പരമ്പരാഗതമായി ശ്രീനഗര്‍ നിവാസികളായ ഇസ്ലാംമത വിശ്വാസികള്‍ ശ്രീനഗര്‍ ഈദ്ഗാഹ് മൈതാനിയിലാണ് ബലിപെരുന്നാള്‍ നമസ്കാരം നടത്തിവന്നിരുന്നത്. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ജില്ലാ ഭരണകൂടം ഈദ്ഗാഹിന് അനുമതി നിഷേധിക്കുകയാണ്.
ഇത്തവണ ശ്രീനഗര്‍ ഈദ്ഗാഹില്‍ ബലിപെരുന്നാള്‍ നമസ്കാരം നടക്കുമെന്ന് ജമ്മു-കശ്മീര്‍ വഖഫ് ബോര്‍ഡ് നേരത്തെ അറിയിച്ചിരുന്നു.കശ്മീരില്‍ ഇപ്പോള്‍ നല്ല അന്തരീക്ഷമാണുള്ളതെന്നും ഈദ്ഗാഹില്‍ തന്നെ നമസ്കാരം നടത്താനാണ് തീരുമാനമെന്നുമാണ് ജമ്മു-കശ്മീര്‍ വഖഫ് ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ദരാക്ഷാന് അന്‍ഡ്രാബി പറഞ്ഞത്.
ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി കോൺഗ്രസ്
ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി കോൺഗ്രസ്. ഭരണത്തുടർച്ച നേടാൻ നേതാക്കൾക്കിടയിലെ തർക്കങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ ഡൽഹി കേന്ദ്രീകരിച്ച് ആരംഭിച്ചു. ഇതിൻ്റെ ആദ്യ പടിയായാണ് ടിഎസ് സിംഗ് ദിയോയ്ക്ക് ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി സ്ഥാനം നൽകാൻ കോൺഗ്രസ് കേന്ദ്ര നേതൃത്വം തയ്യാറായത്.
15 വർഷത്തിന് ശേഷം ലഭിച്ച അധികാരം നിലനിർത്താൻ ആണ് കോൺഗ്രസ് നീക്കം ആരംഭിച്ചിരിക്കുന്നത്. വെല്ലുവിളിയായി മുന്നിലുള്ള ഉൾപ്പാർട്ടി തർക്കങ്ങൾ പരിഹരിക്കാൻ കേന്ദ്ര നേതൃത്വം ഇടപെട്ടതും ഇതിൻ്റെ ഭാഗമായാണ്. രണ്ടര വർഷത്തിന് ശേഷം മുഖ്യമന്ത്രി പദം നൽകാമെന്ന വാഗ്ദാനം പാലിക്കപ്പെടാതെ വന്നതോടെ ആരോഗ്യ മന്ത്രി സ്ഥാനം ടി.എസ് സിംഗ് ദിയോ ഒഴിഞ്ഞിരുന്നു. തെരഞ്ഞെടുപ്പിന് നാല് മാസം മാത്രം ശേഷിക്കെ ഉപമുഖ്യമന്ത്രി സ്ഥാനം ദിയോയ്ക്ക് നൽകുന്നത് വഴി ഛത്തീസ്ഗഡ് കോൺഗ്രസിലെ തർക്ക പരിഹാരത്തിന് വഴിയൊരുങ്ങുമെന്നാണ് കേന്ദ്ര നേതൃത്വം പ്രതീക്ഷിക്കുന്നത്. ഛത്തീസ്ഗഡിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് ഇന്നലെ നടന്ന സ്ട്രാറ്റജി യോഗത്തിന് ശേഷം എ.ഐ.സി.സി ജനറൽ സെക്രട്ടറി കുമാരി സെൽജ മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെ സാക്ഷിയാക്കി പ്രഖ്യാപിച്ചത്.
കൽക്കരി കുംഭകോണം ഉൾപ്പടെയുള്ള അഴിമതി ആരോപണങ്ങൾ ആണ് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിടാൻ പോകുന്ന മറ്റ് വെല്ലുവിളികൾ. നിലവിലെ എം.എൽ.എമാർക്ക് എതിരെ ഉള്ള ജനവികാരം കോൺഗ്രസിനെ പോലെ ബി.ജെ.പിയെയും ബാധിക്കും. തെലങ്കാനയ്ക്ക് പിന്നാലെ ചണ്ഡീഗഡിലും തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ കോൺഗ്രസ് ആരംഭിച്ചതോടെ ബി.ജെ.പിയും നീക്കങ്ങൾ ആരംഭിച്ചു. പ്രധാന മന്ത്രിയുടെ അധ്യക്ഷതയിൽ ബി.ജെ.പി കേന്ദ്ര നേതൃത്വം ഇന്നലെ രാത്രി യോഗം ചേർന്നു. രാജസ്ഥാനിൽ ശ്രദ്ധ കേന്ദ്രീകരിച്ച ബി.ജെ.പി മറ്റ് സംസ്ഥാനങ്ങളിലും പ്രചരണം ശക്തിപ്പെടുത്താനാണ് ഒരുങ്ങുന്നത്.15 വർഷത്തിന് ശേഷം ലഭിച്ച അധികാരം നിലനിർത്താൻ ആണ് കോൺഗ്രസ് നീക്കം ആരംഭിച്ചിരിക്കുന്നത്
തോൽവി അറിയാത്ത കുതിപ്പ്; ഫിഫ റാങ്കിങ്ങിൽ ആദ്യ 100ൽ ഇടം പിടിച്ച് ഇന്ത്യ
ഫിഫ ലോകഫുട്ബോൾ റാങ്കിങ്ങിൽ ഇന്ത്യ നൂറാം സ്ഥാനത്ത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇത് ആദ്യമായിട്ടാണ് ഇന്ത്യ നൂറിനുളളിൽ ഇടം പിടിക്കുന്നത്. ലെബനോൻ, ന്യൂസിലാൻഡ് എന്നി രാജ്യങ്ങളെയാണ് ഇന്ത്യ പിന്നിലാക്കിയത്. നേരത്തെ 2022 ഒക്ടോബറിൽ ലോകറാങ്കിങ്ങിൽ 106ാം സ്ഥാനത്തും പിന്നീട് ഏപ്രിലിൽ 101ാം സ്ഥാനത്തുമായിരുന്നു ഇന്ത്യ. ലോകകപ്പ് ചാംപ്യന്മാരായ അർജന്റീന തന്നെയാണ് ഒന്നാമത്. ഫ്രാൻസ്, ബ്രസീൽ, ഇംഗ്ലണ്ട്, ബെൽജിയം എന്നി രാജ്യങ്ങളാണ് തുടർന്നുളള അഞ്ചുവരെയുളള സ്ഥാനങ്ങളിൽ. പോർച്ചുഗൽ ഒൻപതാം സ്ഥാനത്തും സ്പെയിൻ പത്താമതുമാണ്.
ക്രൊയേഷ്യക്കാരനായ ഇഗോർ സ്റ്റിമാച്ചെന്ന കോച്ചിന്റെ കീഴിൽ ടീം ഇന്ത്യ കഴിഞ്ഞ നാലുവർഷങ്ങളായി തോൽവി അറിയാതെയുളള മുന്നേറ്റമാണ്. ഇന്റർ കോണ്ടിനന്റൽ കപ്പിൽ ലെബനനെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് കിരീടം, പിന്നീട് ഇപ്പോൾ സാഫ് കപ്പിലെ സെമി പ്രവേശനം. തോൽവി അറിയാതെയുളള ഈ കുതിപ്പാണ് ലോകറാങ്കിങ്ങിൽ ഇന്ത്യ നൂറിൽ ഇടം പിടിക്കാനുളള കാരണവും.
നാട്ടിൽ നടന്ന കഴിഞ്ഞ 13 മത്സരങ്ങളിൽ ഇന്ത്യ ഇതുവരെ തോൽവി അറിഞ്ഞിട്ടില്ല. ഈ വർഷം ഇതുവരെ കളിച്ച ഒൻപത് അന്താരാഷ്ട്ര മത്സരങ്ങളിൽ ഒരു സെൽഫ് ഗോൾ വഴങ്ങി എന്നതൊഴിച്ചാൽ ഇന്ത്യൻ പോസ്റ്റിലേക്ക് ഒരുഗോൾ പോലും മറ്റ് ടീമുകൾക്ക് നേടാൻ കഴിഞ്ഞിട്ടില്ല. അതേസമയം 15 ഗോളുകൾ ഇന്ത്യ എതിരാളികൾക്കെതിരെ നേടിയിട്ടുമുണ്ട്. ഇന്റർ കോണ്ടിനെന്റൽ കപ്പിലാകട്ടെ നാല് മത്സരങ്ങളിലും ഇന്ത്യ ഒരു ഗോൾപോലും വഴങ്ങിയിരുന്നില്ല. ടൂർണമെന്റിൽ ആകെ അഞ്ചുഗോളുകൾ നേടിയാണ് കിരീടം സ്വന്തമാക്കിയതും. 2019ൽ ഒമാനെതിരെ ലോകകപ്പ് യോഗ്യതാ മത്സരത്തിലായിരുന്നു ഇന്ത്യ ഒടുവിൽ പരാജയം രുചിച്ചത്. നേരത്തെ ലോകറാങ്കിങ്ങിൽ 2018ൽ ഇന്ത്യ 96ാം സ്ഥാനത്ത് എത്തിയിരുന്നു.
சர்வதேச கால்பந்து தரவரிசையில்
— MD NEWS (@mdnewslive) June 29, 2023
5 ஆண்டுகளுக்கு பிறகு 100வது இடத்திற்கு முன்னேறியது இந்திய அணி
சமீபத்தில் லெபனான் அணிக்கு எதிரான போட்டியில் இந்திய அணி வெற்றி பெற்றதன் மூலம் தரவரிசையில் முன்னேற்றம்#IndianMensFootballteam | #100thrank | #FIFARanking | #FIFA | #Football pic.twitter.com/2TMwQZDKLT