ഇന്ധന നികുതിയുടെ ഒരുഭാഗം കോവിഡ് ബാധിതര്‍ക്ക് നഷ്ടപരിഹാരമായി നല്‍കണം: രാഹുല്‍ ഗാന്ധി
|ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുല്‍ ഗാന്ധി ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്.
ഇന്ധന നികുതിയുടെ ഒരുഭാഗം കോവിഡ് ബാധിതര്‍ക്ക് നഷ്ടപരിഹാരമായി നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുല്‍ ഗാന്ധി ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്.
പെട്രോള്‍-ഡീസല്‍ നികുതി പിരിവിന്റെ ഒരു ചെറിയ ഭാഗം കോവിഡ് ബാധിച്ച കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം. അത് അവര്‍ക്ക് അര്‍ഹതപ്പെട്ടതാണ്. മഹാമാരിക്കിടെ പൊതുസമൂഹത്തെ സഹായിക്കാനുള്ള ഈ അവസരത്തില്‍ നിന്ന് മോദി ഗവണ്‍മെന്റ് പിന്‍മാറരുത്-രാഹുല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് നേരത്തെ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അത്രയും വലിയ തുക നല്‍കാനാവില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.
ദുരന്തനിവാരണ നിയമപ്രകാരം പ്രകൃതി ദുരന്തങ്ങളില്‍ മരണപ്പെട്ടവര്‍ക്ക് മാത്രമാണ് നാല് ലക്ഷം രൂപ കൊടുക്കാന്‍ വകുപ്പുള്ളത്. കോവിഡ് മൂലം മരിച്ചവരുടെ കുടുംബത്തിന് നിയമപ്രകാരം നാല് ലക്ഷം രൂപ നല്‍കാനാവില്ല. മാത്രമല്ല ലക്ഷക്കണക്കിന് ആളുകള്‍ കോവിഡ് മൂലം മരിച്ചിട്ടുണ്ട്. ഇവര്‍ക്കെല്ലാം നാല് ലക്ഷം രൂപ വീതം നല്‍കുന്നത് അപ്രായോഗികമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.