സ്റ്റാൻ സ്വാമി നീതിയും മനുഷ്യത്വും അർഹിച്ചിരുന്നു: രാഹുൽ ഗാന്ധി, മരണത്തിന് ഉത്തരവാദി സ്‌റ്റേറ്റെന്ന് ജയറാം രമേശ്
|സ്വാൻ സ്വാമിയുടെ മരണം അത്യന്തം ദുരന്തമാണെന്ന് മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായ് ട്വീറ്റ് ചെയ്തു
ന്യൂഡൽഹി: യു.എ.പി.എ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്നതിനിടെ അന്തരിച്ച പൗരാവകാശ പ്രവർത്തകൻ സ്റ്റാൻ സ്വാമിക്ക് ആദരാഞ്ജലിയർപ്പിച്ച് രാഹുൽ ഗാന്ധി. അദ്ദേഹം നീതിയും മനുഷ്യത്വവും അർഹിച്ചിരുന്നുവെന്ന് രാഹുൽ ട്വീറ്റ് ചെയ്തു.
'സ്റ്റാൻ സ്വാമിയുടെ നിര്യാണത്തിൽ ഹൃദയത്തിൽനിന്നും ആദരാഞ്ജലികൾ. അദ്ദേഹം നീതിയും മനുഷ്യത്വവും അർഹിച്ചിരുന്നു' - എന്നാണ് മുൻ കോൺഗ്രസ് ദേശീയ അധ്യക്ഷന്റെ ട്വീറ്റ്.
സ്റ്റാൻ സ്വാമിയുടെ മരണത്തിനുത്തരവാദി ഇന്ത്യൻ സ്റ്റേറ്റാണെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ജയറാം രമേശ് വിമർശിച്ചു. 'ഈ ദുരന്തത്തിന് ഇന്ത്യൻ സ്‌റ്റേറ്റിന്റെ സംവിധാനങ്ങളിൽ ആരെയാണ് ഉത്തരവാദിയാക്കുക? തെറ്റിപ്പോകരുത് - ഇന്ത്യൻ സ്‌റ്റേറ്റ് തന്നെയാണ് ഫാദർ സ്റ്റാൻ സ്വാമിയെ കൊലപ്പെടുത്തിയത്. അദ്ദേഹം സാമൂഹ്യനീതിക്കു വേണ്ടിയുള്ള അത്യാവേശിയായ പോരാളിയായിരുന്നു.'
സ്വാൻ സ്വാമിയുടെ മരണം അത്യന്തം ദുരന്തമാണെന്ന് മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായ് ട്വീറ്റ് ചെയ്തു.: 'അത്യന്തം ദുരന്തപൂർണം; ഫാദർ സ്റ്റാൻ സ്വാമി അന്തരിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ കേൾക്കുന്ന കോടതിക്കാണ് ഈ വിവരം കിട്ടിയത്. ഈ 84-കാരനെ കരുത്തുറ്റ ഇന്ത്യൻ സ്‌റ്റേറ്റ് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ജീവിതകാലം മുഴുവൻ ആദിവാസികൾക്കിടയിൽ പ്രവർത്തിച്ച അദ്ദേഹം ഭീകരവാദിയാണെന്നായിരുന്നു സ്റ്റേറ്റിന്റെ പക്ഷം. സ്റ്റാനിനു വേണ്ടി കരയുക, ഇന്ത്യ!'
ദയാലുവും മാന്യനുമായ ഒരാളെ കൊലപ്പെടുത്തിയതിൽ കുറഞ്ഞ ഒന്നുമല്ല സ്റ്റാൻ സ്വാമിയുടെ മരണമെന്ന് പ്രശാന്ത് ഭൂഷൺ പറഞ്ഞു. 'എനിക്കറിയാവുന്നതിൽ ഏറ്റവും ദയാലുവും മാന്യനുമായ ഒരാളെ സ്റ്റേറ്റ് കൊലപ്പെടുത്തിയതിൽ കുറഞ്ഞതൊന്നുമല്ല ഇത്. ദൗർഭാഗ്യവശാൽ നമ്മുടെ നിയമസംവിധാനത്തിനും ഇതിൽ പങ്കുണ്ട്.'