'രാജ്യത്തെ യുവാക്കള്‍ വേദനയിലാണ്, എന്‍റെ ജന്മദിനം ആഘോഷിക്കരുത്': കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് രാഹുല്‍ ഗാന്ധി
|അഗ്നിപഥിനെതിരെ രോഷം ആളിപ്പടരുന്നത് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയത്.
ഡല്‍ഹി: തന്‍റെ ജന്മദിനത്തില്‍ ആഘോഷങ്ങള്‍ നടത്തരുതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. 52ആം ജന്മദിനത്തിലാണ് രാഹുലിന്‍റെ പ്രസ്താവന. അഗ്നിപഥിനെതിരെ രോഷം ആളിപ്പടരുന്നത് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയത്.
"രാജ്യത്തെ അവസ്ഥയിൽ ആശങ്കയുണ്ട്. കോടിക്കണക്കിന് യുവാക്കൾ അതീവ മനോവേദനയിലാണ്. യുവാക്കളുടെയും അവരുടെ കുടുംബങ്ങളുടെയും വേദനയിൽ പങ്കുചേരുകയും അവർക്കൊപ്പം നിൽക്കുകയും വേണം. എന്റെ ജന്മദിനത്തിൽ ഒരു തരത്തിലുള്ള ആഘോഷങ്ങളും നടത്തരുതെന്ന് എല്ലാ കോൺഗ്രസ് പ്രവർത്തകരോടും അഭ്യുദയകാംക്ഷികളോടും അഭ്യർഥിക്കുന്നു"- കോണ്‍ഗ്രസിന്‍റെ മാധ്യമ വിഭാഗം തലവന്‍ ജയറാം രമേശാണ് രാഹുലിന്‍റെ പ്രസ്താവന ട്വീറ്റ് ചെയ്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കാർഷിക നിയമങ്ങൾ പിൻവലിക്കേണ്ടി വന്നതുപോലെ യുവാക്കളുടെ ആവശ്യം അംഗീകരിച്ച് അഗ്നിപഥ് പ്രതിരോധ റിക്രൂട്ട്‌മെന്റ് പദ്ധതി പിൻവലിക്കേണ്ടിവരുമെന്ന് രാഹുൽ ഗാന്ധി ഇന്നലെ പറഞ്ഞു. കഴിഞ്ഞ എട്ട് വർഷമായി ബി.ജെ.പി സർക്കാർ 'ജയ് ജവാൻ, ജയ് കിസാൻ' മൂല്യങ്ങളെ അപമാനിച്ചെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
അഗ്നിപഥ് എന്ന നാലു വര്‍ഷത്തെ സൈനിക റിക്രൂട്ട്‌മെന്റ് സ്കീമിന് ജൂൺ 14നാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. ഈ പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന യുവാക്കളെ അഗ്നിവീർ എന്ന് വിളിക്കും. ഇവരില്‍ 25 ശതമാനം പേരെ മാത്രമാണ് ദീര്‍ഘകാലത്തേക്ക് നിയമിക്കുക.
ഹ്രസ്വകാല നിയമനത്തിനെതിരെ ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ ഉള്‍പ്പെടെ പ്രതിഷേധം ആളിപ്പടരുകയാണ്. എന്നാല്‍ അഗ്നിപഥ് പദ്ധതിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് കേന്ദ്രസർക്കാർ തീരുമാനം. പദ്ധതി അവലോകനം ചെയ്യുന്നതിനായി കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് സേനാ മേധാവികളുടെ യോഗം വിളിച്ചു.