വിനേഷ് ഫോഗട്ട് ഹരിയാനയില്‍ മത്സരിക്കുമോ? രണ്ടു ദിവസത്തിനകം സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് പുറത്തുവിടുമെന്ന് കോണ്‍ഗ്രസ്
|ഭൂപീന്ദർ ഹൂഡ ഗാർഹി സാംപ്ല കിലോയ് മണ്ഡലത്തിൽ നിന്നും സംസ്ഥാന പ്രസിഡൻ്റ് ഉദയ്ഭാൻ ഹോഡൽ മണ്ഡലത്തിൽ നിന്നും മത്സരിക്കും
ഛണ്ഡിഗഡ്: വരുന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം ചര്‍ച്ച ചെയ്യാനായി കോണ്‍ഗ്രസിന്‍റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചേര്‍ന്നു. യോഗത്തില്‍ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്‍ഡ്യാ മുന്നണി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്തതായി വൃത്തങ്ങള്‍ അറിയിച്ചു. തിങ്കളാഴ്ച ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തായിരുന്നു യോഗം.
യോഗത്തിൽ, ഇന്‍ഡ്യാ മുന്നണി തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യതകളെക്കുറിച്ച് രാഹുൽ ഗാന്ധി ചോദിച്ചതായും സഖ്യത്തിൻ്റെ വോട്ടുകൾ വിഭജിച്ചുപോകില്ലെന്ന് ഉറപ്പാക്കാൻ പാർട്ടി ശ്രമിക്കണമെന്നും പറഞ്ഞു.രാഹുലിന്‍റെ പ്രസ്താവനയോട് പ്രതികരിച്ച ഹരിയാന മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപീന്ദർ സിംഗ് ഹൂഡ, ആം ആദ്മി പാർട്ടിക്ക് 3-4 സീറ്റുകൾ മാത്രമേ നൽകാനാകൂ എന്ന് വ്യക്തമാക്കി. കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുന്നതിനാല്‍ എഎപിയുമായി സഖ്യമുണ്ടാക്കുന്നത് ബുദ്ധിമുട്ടാണെന്നും കൂട്ടിച്ചേര്‍ത്തു. ഭൂപീന്ദർ ഹൂഡ ഗാർഹി സാംപ്ല കിലോയ് മണ്ഡലത്തിൽ നിന്നും സംസ്ഥാന പ്രസിഡൻ്റ് ഉദയ്ഭാൻ ഹോഡൽ മണ്ഡലത്തിൽ നിന്നും മത്സരിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
യോഗത്തിൽ വിനേഷ് ഫോഗട്ടിൻ്റെയും രാജ്യസഭാ എം.പിമാരായ കുമാരി സെൽജയുടെയും രൺദീപ് സുർജേവാലയുടെയും സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് പാർട്ടി ചർച്ചകളൊന്നും നടത്തിയില്ല. ഹരിയാനയിലെ 90 സീറ്റുകളിലെയും സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് കോൺഗ്രസ് സിഇസി യോഗത്തിൽ ചർച്ച ചെയ്യുകയും 49 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ തീരുമാനിക്കുകയും ചെയ്തു. ശേഷിക്കുന്ന 41 സീറ്റുകളിലെ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അന്തിമതീരുമാനത്തിലെത്തിയിട്ടില്ല. സ്ഥാനാർഥി പട്ടിക ഉടൻ പുറത്തുവിടുമെന്ന് ഹരിയാനയുടെ എഐസിസി ചുമതലയുള്ള ദീപക് ബാബരിയ പറഞ്ഞു. ''49 സീറ്റുകളിൽ ചർച്ച നടത്തി 34 എണ്ണം പ്രഖ്യാപിച്ചു. 15 സീറ്റുകൾ അവലോകനത്തിന് അയച്ചു. 34 സീറ്റുകളിൽ 22 എണ്ണം എംഎൽഎ സീറ്റുകളാണ്. തീർപ്പാക്കാത്ത പേരുകൾ അടുത്ത 2-3 ദിവസത്തിനുള്ളിൽ ക്ലിയർ ചെയ്യും. വിനേഷ് ഫോഗട്ടിന്‍റെ കാര്യത്തിലും വ്യക്തത വരുത്തും. സ്ഥാനാര്‍ഥി പട്ടിക രണ്ട് ദിവസത്തിനുള്ളിൽ പുറത്തുവരും'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹരിയാനയിൽ ഒക്‌ടോബർ അഞ്ചിന് ഒറ്റഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ്. ഒക്‌ടോബർ എട്ടിനാണ് വോട്ടെണ്ണൽ.