India
പ്രധാനമന്ത്രിയാകാൻ രാഹുൽ ​ഗാന്ധി എന്തുകൊണ്ടും യോ​ഗ്യൻ; ഭാരത് ജോഡോ യാത്രയ്ക്ക് രാഷ്ട്രീയമില്ല: ശിവസേന നേതാവ് സഞ്ജയ് റാവത്ത്
India

പ്രധാനമന്ത്രിയാകാൻ രാഹുൽ ​ഗാന്ധി എന്തുകൊണ്ടും യോ​ഗ്യൻ; ഭാരത് ജോഡോ യാത്രയ്ക്ക് രാഷ്ട്രീയമില്ല: ശിവസേന നേതാവ് സഞ്ജയ് റാവത്ത്

Web Desk
|
21 Jan 2023 3:02 PM GMT

'3500 കി.മീ താണ്ടി എല്ലാവർക്കും കന്യാകുമാരിയിൽ നിന്നും കശ്മീർ വരെ യാത്ര ചെയ്യാൻ പറ്റില്ല. അതിന് രാജ്യത്തോടുള്ള നിശ്ചയദാർഢ്യവും സ്നേഹവും ആവശ്യമാണ്'.

ശ്രീന​ഗർ: പ്രധാനമന്ത്രിയാകാൻ രാഹുൽ ​ഗാന്ധി എന്തുകൊണ്ടും യോ​ഗ്യനാണെന്നും 2024ൽ ഒരു മൂന്നാം മുന്നണിയും വിജയിക്കില്ലെന്നും ശിവസേന ഉദ്ധവ് താക്കറെ വിഭാ​ഗം നേതാവ് സഞ്ജയ് റാവത്ത്. വിദ്വേഷവും ഭയവും നീക്കുകയാണ് രാഹുലിന്റെ ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യമെന്നും പ്രതിപക്ഷ പാർട്ടികളെ അദ്ദേഹത്തിന്റെ പാർട്ടിയുടെ ബാനറിന് കീഴിൽ ഒന്നിപ്പിക്കുകയല്ലെന്നും റാവത്ത് പറഞ്ഞു.

'പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ വ്യത്യാസങ്ങൾക്കപ്പുറം, അദ്ദേഹം തന്റെ നേതൃഗുണങ്ങൾ കാണിക്കും. 2024 പൊതുതെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി.ജെ.പിക്ക് അദ്ദേഹം വലിയ വെല്ലുവിളിയായിരിക്കും. രാഹുൽ വലിയ അത്ഭുതം സൃഷ്ടിക്കും'- സഞ്ജയ് റാവത്ത് ജമ്മു കശ്മീരിൽ പറഞ്ഞു.

രാഹുലിനെ കുറിച്ച് തെറ്റായ ധാരണയാണ് ബി.ജെ.പി പ്രചരിപ്പിക്കുന്നതെന്നും എന്നാൽ ഈ യാത്ര അദ്ദേഹത്തെക്കുറിച്ചുള്ള അവരുടെ എല്ലാ മിഥ്യാധാരണകളും പൊളിച്ചെഴുതിയെന്നും കശ്മീരിലേക്ക് പ്രവേശിപ്പിച്ച ഭാരത് ജോഡോ യാത്രയുടെ ഭാ​ഗമായി രാഹുൽ ​ഗാന്ധിക്കൊപ്പം 13 കി.മീ യാത്ര ചെയ്ത റാവത്ത് പറഞ്ഞു.

'3500 കി.മീ താണ്ടി എല്ലാവർക്കും കന്യാകുമാരിയിൽ നിന്നും കശ്മീർ വരെ യാത്ര ചെയ്യാൻ പറ്റില്ല. അതിന് രാജ്യത്തോടുള്ള നിശ്ചയദാർഢ്യവും സ്നേഹവും ആവശ്യമാണ്. അദ്ദേഹം രാജ്യത്തോടുള്ള കരുതൽ പ്രകടിപ്പിച്ചു. ഈ യാത്രയിൽ ഒരു രാഷ്ട്രീയവും ഞാൻ കാണുന്നില്ല'- ശിവസേന നേതാവ് പറഞ്ഞു.

താൻ പ്രധാനമന്ത്രിയാകാൻ തയ്യാറല്ലെന്ന് രാഹുൽ തന്നെ പറയാറുണ്ടെങ്കിലും ആളുകൾ അദ്ദേഹത്തെ ഉന്നത പദവിയിൽ കാണാൻ ആഗ്രഹിക്കുമ്പോൾ, അദ്ദേഹത്തിന് മറ്റ് മാർഗമൊന്നുമില്ലെന്നും റാവത്ത് ചൂണ്ടിക്കാട്ടി. കോൺഗ്രസ് ഇല്ലാതെ ഒരു മൂന്നാം മുന്നണിക്കും വിജയിക്കാൻ കഴിയില്ല, ഇത്തവണ എം.പിമാരുടെ എണ്ണം കുറവാണ്. പക്ഷേ 2024 ൽ സ്ഥിതി മാറാൻ പോവുകയാണ്. ‌‌കോൺഗ്രസില്ലാതെ, ഒരു മുന്നണിക്കും വിജയിക്കാനാവില്ല എന്നത് ഒരു യാഥാർഥ്യമാണ്. അത് കണക്കിലെടുക്കേണ്ടതുണ്ട്.

ജമ്മു കശ്മീരിലേക്ക് താനെത്തിയതിന്റെ പ്രധാന ലക്ഷ്യം രാഹുൽ ഗാന്ധി നയിക്കുന്ന യാത്രയിൽ തന്റെ നേതാവിന്റെ നിർദേശപ്രകാരം ചേരുക എന്നതായിരുന്നു. രാഹുൽ ​ഗാന്ധിക്കൊപ്പമുള്ള യാത്ര തനിക്ക് നല്ലൊരു അനുഭവമാണ് സമ്മാനിച്ചത്. അതൊരു രാഷ്ട്രീയ യാത്രയല്ലെന്നും റാവത്ത് കൂട്ടിച്ചേർത്തു. ജനുവരി 19നാണ് സഞ്ജയ് റാവത്ത് കശ്മീരിലെത്തിയത്. ജനുവരി 30ന് ശ്രീന​ഗറിലാണ് ഭാരത് ജോഡോ യാത്ര സമാപിക്കുക. വിവിധ പ്രതിപക്ഷ നേതാക്കൾ സമാപന സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.





Similar Posts