‘എത്ര ടെമ്പോയിൽ പണം ലഭിച്ചു’; അദാനിയുടെ എയർപോർട്ടിൽ നിന്ന് മോദിയെ വെല്ലുവിളിച്ച് രാഹുൽ ഗാന്ധി -വീഡിയോ
|അദാനി ഗ്രൂപ്പിന്റെ കൈവശമുള്ള ലഖ്നൗ എയർപോർട്ടിൽ വെച്ചാണ് വീഡിയോ ചിത്രീകരിച്ചത്
ബി.ജെ.പി സർക്കാർ ഏഴ് എയർപോർട്ടുകളാണ് അദാനി ഗ്രൂപ്പിന് 50 വർഷത്തേക്ക് പാട്ടത്തിന് നൽകിയതെന്നും ഇതിന് പകരം എത്ര ടെമ്പോ വാനിലാണ് കൈക്കൂലി ലഭിച്ചതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അദാനി ഗ്രൂപ്പിന്റെ കൈവശമുള്ള ലഖ്നൗ എയർപോർട്ടിൽ വെച്ച് ചിത്രീകരിച്ച വീഡിയോയിലാണ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിക്കുന്നത്.
ഈ വിമാനത്താവളങ്ങൾ ഗൗതം അദാനിക്ക് പാട്ടത്തിന് നൽകാൻ പ്രധാനമന്ത്രി എത്ര 'ടെമ്പോ' അഴിമതി പണമാണ് വാങ്ങിയത്? 2020നും 21നും ഇടയിൽ രാജ്യത്തിന്റെ പൊതുസ്വത്തായിരുന്ന ഏഴ് എയർപോർട്ടുകളാണ് 50 വർഷത്തെ പാട്ടത്തിന് അദാനി ഗ്രൂപ്പിന് നൽകിയത്. മുംബൈ, അഹമ്മദാബാദ്, ലഖ്നൗ, മംഗളൂരു, ജയ്പുർ, ഗുവാഹത്തി, തിരുവനന്തപുരം എന്നീ എയർപോർട്ടുകൾ നിലവിൽ അദാനി ഗ്രൂപ്പിന്റെ കൈവശമാണ്. ഈ വിമാനത്താവളങ്ങൾ മോദി തന്റെ ടെമ്പോ സുഹൃത്തിന് നൽകുകയായിരുന്നു.
അദാനിയുടെയും അംബാനിയുടെയും കൈവശം കള്ളപ്പണമുണ്ടെന്നാണല്ലോ മോദി പറയുന്നത്. എന്തുകൊണ്ടാണ് ഈ സംഭവത്തിൽ അന്വേഷണം നടത്താത്തത്? സി.ബി.ഐയെയും ഇ.ഡിയെയും എന്നാണ് അയക്കുകയെന്നും രാഹുൽ ചോദിക്കുന്നു. എത്ര ടെമ്പോകൾക്കാണ് രാജ്യത്തിൻ്റെ സ്വത്തുക്കൾ വിറ്റതെന്ന് നരേന്ദ്ര മോദി പൊതുജനങ്ങളോട് പറയുമോ എന്നും രാഹുൽ ചോദിക്കുന്നുണ്ട്.
ലഖ്നൗ എയർപോർട്ടിൽ പ്രദർശിപ്പിച്ച അദാനി ഡിഫൻസ് ആൻഡ് എയറോസ്പേസിന്റെ പരസ്യത്തെയും വീഡിയോയിൽ രാഹുൽ വിമർശിക്കുന്നുണ്ട്. കൂടാതെ ആകാശ എയർലൈൻസിന്റെ വിവരങ്ങളും അന്വേഷിക്കണമെന്ന് രാഹുൽ ആവശ്യപ്പെടുന്നു.
കോൺഗ്രസിന് അംബാനിയും അദാനിയും ടെമ്പോ വാഹനത്തിൽ കള്ളപ്പണം നൽകിയെന്നും അതിനാലാണ് ഇപ്പോൾ രാഹുൽ അവർക്കെതിരെ സംസാരിക്കാത്തതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു.