'ത്രിവർണപതാക ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിലാണ്'; നെഹ്റുവിന്റെ ചിത്രം മുഖചിത്രമാക്കി രാഹുൽഗാന്ധി
|രാഹുൽ ഗാന്ധിക്ക് പുറമെ പ്രമുഖ കോൺഗ്രസ് നേതാക്കളും ത്രിവർണപതാക പിടിച്ചുനിൽക്കുന്ന നെഹ്‌റുവിന്റെ ചിത്രം പ്രൊഫൈലാക്കിയിട്ടുണ്ട്
ഡൽഹി: ജവഹർലാൽ നെഹ്‌റു ത്രിവർണപതാക പിടിച്ചുനിൽക്കുന്ന ചിത്രം സോഷ്യൽമീഡിയ അക്കൗണ്ടുകളുടെ പ്രൊഫൈലാക്കി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. ' ത്രിവർണപതാക നമ്മുടെ രാജ്യത്തിന്റെ അഭിമാനമാണ്, പതാക ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിലാണ്,' നെഹ്റുവിന്റെ ചിത്രം പ്രൊഫൈലാക്കി രാഹുൽഗാന്ധി ട്വീറ്റ് ചെയ്തു. ട്വിറ്റർ ഉൾപ്പെടെയുള്ള സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ രാഹുൽ പ്രൊഫൈൽ ചിത്രം മാറ്റിയിട്ടുണ്ട്.
രാഹുൽ ഗാന്ധിക്ക് പുറമെ പ്രമുഖ കോൺഗ്രസ് നേതാക്കളും നെഹ്‌റുവിന്റെ ചിത്രം പ്രൊഫൈലാക്കി മാറ്റിയിട്ടുണ്ട്. പ്രിയങ്ക ഗാന്ധി വധേര, ജയറാം രമേഷ്, തുടങ്ങിയവരും ത്രിവർണ പതാകയുമായി നിൽക്കുന്ന നെഹ്റുവിന്റെ ചിത്രം പ്രൊഫൈലാക്കി മാറ്റിയിട്ടുണ്ട്.
സ്വാതന്ത്രദിനത്തോടനുബന്ധിച്ച് എല്ലാ ഇന്ത്യക്കാരും ത്രിവർണ പതാക പ്രൊഫൈൽ ചിത്രമാക്കണമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസമാണ് ആഹ്വാനം ചെയ്തത്. ഇന്നലെ മോദിയടക്കമുള്ള പ്രമുഖ ബി.ജെ.പി നേതാക്കള്‍ സോഷ്യൽമീഡിയ അക്കൗണ്ടുകളുടെ മുഖചിത്രം ത്രിവർണപതാകയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽഗാന്ധിയടക്കമുള്ളവർ നെഹ്‌റുവിന്റെ ഫോട്ടോ പ്രൊഫൈൽ ചിത്രമാക്കിയത്.'ഹർഘർ തിരംഗയുടെ' ഭാഗമായാണ് ആഗസ്റ്റ് 2 നും 15 നും ഇടയിൽ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പ്രൊഫൈൽ ചിത്രം പതാകയാക്കാൻ പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തത്.