India
Rahul Gandhi Criticism Against Congress Leaders On Haryana Election Defeat
India

ഹരിയാന തോൽവി: നേതാക്കളെ കുടഞ്ഞ് രാഹുൽ; 'സ്വന്തം താൽപര്യത്തിന് പ്രഥമ പരി​ഗണന നൽകി'

Web Desk
|
10 Oct 2024 10:39 AM GMT

ഭൂപീന്ദർ സിങ് ഹൂഡയടക്കമുള്ള ചില നേതാക്കളുടെ വ്യക്തിതാൽപര്യങ്ങളും പിടിവാശികളുമാണ് ഇത്രയും വലിയ പരാജയത്തിൽ കലാശിച്ചതെന്ന പൊതുവിലയിരുത്തൽ പാർട്ടിയിലുണ്ട്.

ന്യൂഡൽഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ കോൺഗ്രസ് നേതൃയോഗത്തിൽ നേതാക്കൾക്ക് രാഹുൽ ഗാന്ധിയുടെ രൂക്ഷവിമർശനം. നേതാക്കളുടെ താൽപര്യത്തിന് പ്രഥമ പരിഗണന നൽകിയെന്നും പാർട്ടി താൽപര്യം രണ്ടാമതായെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് രാഹുലിന്റെ വിമർശനം.

ഭൂപീന്ദർ സിങ് ഹൂഡയടക്കമുള്ള ചില നേതാക്കളുടെ വ്യക്തിതാൽപര്യങ്ങളും പിടിവാശികളുമാണ് ഇത്രയും വലിയ പരാജയത്തിൽ കലാശിച്ചതെന്ന പൊതുവിലയിരുത്തൽ പാർട്ടിയിലുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ പേരെടുത്ത് വിമർശിക്കുംമുമ്പ് വോട്ടിങ് മെഷീനിൽ ക്രമക്കേട് ഉണ്ടായെന്ന ആരോപണത്തിലൂന്നിയാണ് കോൺഗ്രസ് മുന്നോട്ടുപോവുന്നത്. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണം എന്ന ആവശ്യം കോൺഗ്രസ് ഉയർത്തുന്നുണ്ട്.

ഇതിനിടെ കുമാരി ഷെൽജയടക്കമുള്ള നേതാക്കൾ ഹൂഡയ്‌ക്കെതിരെ രംഗത്തുവന്നിരുന്നു. നേതൃമാറ്റമടക്കമാണ് ഇവർ ആവശ്യപ്പെടുന്നത്. ഈയൊരു സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് അവലോകനത്തിനായി കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് രാഹുൽ രൂക്ഷ വിമർശനമുന്നയിച്ചത്.

വിജയിക്കാനുള്ള എല്ലാ അനുകൂല സാഹചര്യമുണ്ടായിട്ടും അതിനു സാധിക്കാതിരുന്നതിന്റെ കാരണം നേതാക്കളുടെ വ്യക്തിതാൽപര്യങ്ങളാണ് എന്നാണ് രാഹുൽ ഗാന്ധിയുടെ വിമർശനം. കർഷക സമരം, വിലക്കയറ്റം, തൊഴിലില്ലായ്മ ഇവയൊക്കെ ചൂണ്ടിക്കാട്ടി പ്രചാരണം നടത്തിയിട്ടും വിജയിക്കാനായില്ല. നേതാക്കളുടെ താൽപര്യപ്രകാരമുള്ള ചില സ്ഥാനാർഥികൾ വേണമെന്നുള്ള പിടിവാശിയും തോൽവിയിലേക്കു നയിച്ചെന്നും വിമർശനമുണ്ട്.

അതേസമയം, ഹരിയാനയിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കാനായി സമിതി ഉണ്ടാക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് ഫലം പരിശോധിച്ചെന്നും കാര്യങ്ങൾ മനസിലാക്കി മുന്നോട്ട് പോവുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹരിയാനയിൽ 90 സീറ്റുകളിൽ 37 സീറ്റുകളിലാണ് കോൺഗ്രസിന് ജയിക്കാനായത്.

Similar Posts