'എല്ലാം അറിയുന്ന ആളാണ് താനെന്ന് മോദി കരുതുന്നു, ദൈവത്തെ പോലും പഠിപ്പിക്കാൻ ഒരുങ്ങുന്നു'; രാഹുൽ ഗാന്ധി
|'ഭാരത് ജോഡോ യാത്ര തടയാൻ ബി.ജെ.പി സർക്കാർ എല്ലാ രീതിയിലും ശ്രമിച്ചു, പക്ഷേ ഒന്നും നടന്നില്ല'
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പി സർക്കാറിനെയും വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. കേന്ദ്ര ഏജൻസികളെ മോദി സർക്കാർ ദുരുപയോഗിക്കുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അമേരിക്കൻ സന്ദർശനത്തിനിടെയാണ് രാഹുൽ ഗാന്ധിയുടെ വിമർശനം.
'ഭാരത് ജോഡോ യാത്ര തടയാൻ സർക്കാർ എല്ലാ ശക്തിയും ഉപയോഗിച്ചു. ബിജെപി ജനങ്ങളെ ഭീഷണിപ്പെടുത്തുകയും സർക്കാർ ഏജൻസികളെ ദുരുപയോഗം ചെയ്യുകയും ചെയ്യുന്നു. പക്ഷേ ഒന്നും ഫലിച്ചില്ല'.. സാൻഫ്രാൻസിസ്കോയിൽ ഇന്ത്യൻ ജനതയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സ്വയം എല്ലാം അറിയുന്ന ആളാണ് താനെന്ന് നരേന്ദ്ര മോദി കരുതുന്നു. സൈനികരെയും ശാസ്ത്രജ്ഞരെയും നരേന്ദ്ര മോദി ഉപദേശിക്കുകയാണ്. അദ്ദേഹം ദൈവത്തെ പോലും പഠിപ്പിക്കാൻ ഒരുങ്ങുന്നു. ബി.ജെ.പിയും ആർ.എസ്.എസും ഭരണഘടനയെ ആക്രമിക്കുകയാണെന്നും ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാനാണ് ശ്രമിക്കുന്നത്'. ബിജെപിയിൽ ചോദ്യങ്ങൾ ഇല്ല, ഉത്തരങ്ങളെ ഉള്ളൂ എന്നും രാഹുൽ ഗാന്ധി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിന് ആഴ്ചകൾ മാത്രം ശേഷിക്കെയാണ് രാഹുലിന്റെ പരാമർശം. പ്രസിഡന്റ് ജോ ബൈഡന്റെയും പ്രഥമ വനിത ജിൽ ബൈഡന്റെയും ക്ഷണപ്രകാരം മോദി ജൂണിലാണ് യുഎസിലെത്തുന്നത്. പത്ത് ദിവസത്തെ സന്ദർശനത്തിനാണ് രാഹുൽ അമേരിക്കയിലെത്തിയത്.